കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതീയതയല്ല വിഷയമെന്നും പാരമ്പര്യ അവകാശമാണെന്നും തന്ത്രിമാര്‍ പറഞ്ഞു. കൂടല്‍മാണിക്യം ദേവസ്വംനിയമത്തിന്റെ ലംഘനമാണ് കഴകംതസ്തിക നിയമനത്തില്‍ ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. കഴകം, മേല്‍ശാന്തി, കീഴ്ശാന്തി, മൂസ് ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിയമപ്രകാരം അക്കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം തന്ത്രിമാര്‍ക്കാണ്. ഈ നിയമനങ്ങള്‍ പരീക്ഷനടത്തി ആളെവെക്കാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഒരവകാശവുമില്ല. അതിന് വിരുദ്ധമായിട്ടാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. പാരമ്പര്യ അവകാശികള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി ഹിയറിങ് ഫെബ്രുവരി 25‑ന് തുടങ്ങുമെന്നറിഞ്ഞ് തിരക്കുപിടിച്ച് 24‑ന് ഉച്ചയ്ക്കുശേഷം പെട്ടെന്നാണ് കഴകപ്രവൃത്തിയില്‍ ആളെ നിയമിച്ചത്.
രാവിലെ കഴകപ്രവൃത്തിക്കുവന്ന താത്കാലിക ജീവനക്കാരനായ പാരമ്പര്യ അവകാശിയായ അംഗത്തെ മുന്നറിയിപ്പോ നോട്ടീസോ നല്‍കാതെ വൈകീട്ടുമുതല്‍ ജോലിക്കുവരേണ്ടെന്നും താക്കോലും മറ്റ് സാധനങ്ങളും തിരിച്ചുനല്‍കാനുമായിരുന്നു അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശിച്ചത്. ഇത് തെറ്റാണ്. തൊഴിലവകാശങ്ങള്‍ക്ക് എതിരാണത്. ദേവസ്വത്തില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് തന്ത്രിമാരുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് സമ്മര്‍ദം ചെലുത്തിയതെന്നും തന്ത്രിമാര്‍ വ്യക്തമാക്കി. ക്ഷേത്രത്തിലെ വിവിധ ചുമതലകളില്‍ പാരമ്പര്യ അവകാശികളുണ്ട്. അവരെല്ലാം മുന്നാക്കജാതിക്കാരല്ല. ക്ഷേത്രത്തിലെ എല്ലാ പാരമ്പര്യ അവകാശങ്ങളും നിലനിര്‍ത്തണമെന്നാണ് തന്ത്രിമാരുടെ നിലപാട്.
ഈഴവവിഭാഗത്തില്‍പ്പെട്ടയാളെ കഴകത്തിന് നിയോഗിച്ചതല്ല, മറിച്ച് കാരായ്മ അവകാശമുള്ളവരെ നിയമവിരുദ്ധമായി നീക്കിയതാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിലെ യഥാര്‍ഥപ്രശ്‌നമെന്ന് യോഗക്ഷേമസഭ. ഇതുമറച്ചുവെച്ച് തെറ്റായ പ്രചാരണത്തിലൂടെ തന്ത്രിമാരെയും ബ്രാഹ്‌മണസമുദായത്തെ ഒന്നാകെയും കരിതേച്ച് കാണിക്കാനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണെന്നും സഭ അറിയിച്ചു.പാരമ്പര്യമായി കഴകപ്രവൃത്തി ചെയ്യുന്നവരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് വാരിയര്‍ സമാജം. പാരമ്പര്യമായി ചെയ്തുവരുന്ന കാരായ്മ ജീവനക്കാരെ സംരക്ഷിക്കണം.
അവര്‍ക്ക് ജോലിസ്ഥിരത ഉറപ്പുകൊടുക്കണം. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ മാലകെട്ട്, വിളക്കുപിടിക്കല്‍ മുതലായ ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി അവകാശികളായ വാരിയര്‍ സമുദായാംഗങ്ങള്‍ നിര്‍വഹിച്ചിരുന്നതാണ്. ഇക്കാര്യത്തില്‍ ജാതീയതല്ല, അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും വാരിയര്‍ സമാജം വ്യക്തമാക്കി. സമാജം ഭാരവാഹികള്‍ ജോലിചെയ്യുന്ന പലക്ഷേത്രങ്ങളിലും മറ്റുവിഭാഗക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അതൊന്നും എതിര്‍ത്തിട്ടില്ലന്നും വാരിയര്‍ സമാജം വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.