കൂടത്തായി കൊലപാതക പരമ്പര കേസിൽ വീണ്ടും വഴിത്തിരിവ്. കല്ലറകളിൽ നിന്നും പുറത്തെടുത്ത മൃതദേഹങ്ങളിൽ സയനൈഡും വിഷാംശങ്ങളുമില്ലെന്ന് ഹൈദരാബാദിലെ ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കല്ലറകളിൽ നിന്നും പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ച നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ, മറ്റ് വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഫോറൻസിക് ലാബ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്കയച്ചത്.
അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നുപേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. റോയ് തോമസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇതിലാണ് സയനൈഡ് സാന്നിധ്യം കണ്ടെത്തിയത്. അന്നമ്മയെ കൊല്ലാൻ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയിൽനിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം മറ്റുമൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നൽകിയാണെന്നത് ജോളിയുടെ കുറ്റസമ്മത മൊഴിയാണ്. ഇതാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്. എന്നാൽ മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാൻ കഴിയാതിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇനി വിദേശരാജ്യങ്ങളിൽ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ടോ എന്നകാര്യവും പ്രോസിക്യൂഷൻ പരിശോധിക്കുന്നുണ്ട്.
2019‑ലാണ് കൂടത്തായി കേസിൽ മൃതദേഹങ്ങൾ പുറത്തെടുത്തത്. തുടർന്ന് മാസങ്ങൾക്ക് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചത്. ആദ്യം റീജണൽ ഫോറൻസിക് ലാബിലും പിന്നീട് ദേശീയ ഫോറൻസിക് ലാബിലുമായിരുന്നു പരിശോധന. 14 വർഷത്തിനിടെ കുടുംബത്തിലെ ആറുപേരെ ജോളി വിഷം നൽകിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നതാണ് കൂടത്തായി കൊലപാതക പരമ്പര കേസ്. ഭർത്താവ് റോയ് തോമസ്, ഭർതൃമാതാവ് അന്നമ്മ തോമസ്, ഭർതൃപിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാംഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
ആറ് പേരുടെ മരണത്തിലുള്ള സംശയം തന്നിലേക്കെത്തുന്നുവെന്നറിഞ്ഞതോടെ കേസ് വഴിതെറ്റിക്കാൻ മുഖ്യ പ്രതി ജോളി ശ്രമങ്ങൾ നടത്തിയിരുന്നു. കല്ലറ തുറന്ന് പരിശോധന നടത്തുമെന്നറിഞ്ഞതോടെ അങ്ങനെ ചെയ്താൽ ആത്മാക്കൾ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ടിലുമെത്തി പ്രചരിപ്പിച്ചിരുന്നു. തുടർന്ന് കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയിരുന്നു. ഇതിന് എതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. 2011ൽ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. വടകര എസ്‌പിയായിരുന്ന കെ ജി സൈമണിന്റെ മേൽനോട്ടത്തിൽ ആറ് സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.
English Summary: koodathai murder case central forensic lab report
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.