തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഏപ്രിൽ 8 മുതൽ 11 വരെ എറണാകുളം ജില്ലയിലെ കോതമംഗലത്ത് നടക്കും. വിവിധ ഇനങ്ങളിലായി 59 കലാ മത്സരങ്ങളും, 118 കായിക മത്സരങ്ങളുമാണ് കേരളോത്സവത്തിന്റെ ഭാഗമായി നടക്കുക. സംസ്ഥാന കേരളോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഏപ്രിൽ 6 വൈകിട്ട് 6 ന് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ ക്രമീകരിച്ചിട്ടുള്ള പുസ്തകശാല, ചിത്ര പ്രദർശനം, ടൂറിസം തുടങ്ങിയ എക്സിബിഷൻ സെന്ററുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിക്കും. ഏപ്രിൽ 7 ന് വൈകിട്ട് 4ന് ‘നോ പറയാം മയക്കു മരുന്നിനോട് ചേർത്തു പിടിക്കാം നമ്മുടെ നാടിനെ’ എന്ന മുദ്രാവാക്യം ഉയർത്തി നടക്കുന്ന കൂട്ടയോട്ടം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 8 ന് വൈകിട്ട് 4 ന് സാംസ്കാരിക ഘോഷയാത്ര നടക്കും. തുടർന്ന് മാർബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഫിഷറീസ്-സാംസ്കാരിക‑യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. നിയമ‑വ്യവസായ‑കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവ്വഹിക്കും. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, ജില്ലയിൽ നിന്നുള്ള പാർലമെന്റ്, നിയമസഭ അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റ് നടക്കും.
ഏപ്രിൽ 9 മുതൽ 11 വരെ വിവിധ വേദികളിലായി കലാ-കായിക മത്സരങ്ങൾ നടക്കും. 11-ാം തീയതി സമാപന പൊതു സമ്മേളനവും പ്രതിഭാ പുരസ്കാര വിതരണവും നിയമസഭസ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഡീൻ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് റിമി ടോമിയുടെയും സംഘത്തിന്റെയും മ്യൂസിക് ബാന്റ് അരങ്ങേറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.