കോട്ടയം നഴ്‌സിങ് കോളജിലെ വിദ്യാർത്ഥിയെ റാഗിങ്ങിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചത് പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നെന്ന് പൊലീസ്. മദ്യമടക്കം വാങ്ങാൻ പരാതിക്കാരനോട് പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിദ്യാർത്ഥി കൊടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് പകർത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കോളജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. നിലവിൽ കേസിൽ അഞ്ച് പ്രതികൾ മാത്രമാണെന്നാണ് പൊലീസ് നിഗമനം. വിശദമായ പരിശോധനയിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് വ്യക്തത വരും.
ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികളുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്തുവന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി സൈബർ സെല്ലിന്റെ സഹായം തേടും. പ്രതികളുടെ ഫോണിൽ മറ്റെന്തെങ്കിലും ദൃശ്യങ്ങളുണ്ടോയെന്ന് അറിയുന്നതിനായി മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. നിലവിൽ റിമാന്‍ഡിലുള്ള പ്രതികളെ പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങില്ല. വിശദമായി അന്വേഷണത്തിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നൽകുക. എന്നാൽ മൂന്ന് മാസമായി തുടരുന്ന പീഡനം അധികൃതർ ഹോസ്റ്റല്‍ അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്നാണ് പൊലീസ് നിഗമനം. അസിസ്റ്റന്റ് വാർഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യംചെയ്യും. ഹോസ്റ്റലിൽ മുഴുവൻ സമയ വാർഡൻ ഇല്ലാത്തതിനും വിമർശനമുണ്ട്. പലപ്പോഴും സീനിയർ വിദ്യാർത്ഥികൾ ആണ് ഹോസ്റ്റൽ നിയന്ത്രിച്ചിരുന്നത്.
ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ നിയോഗിച്ച സംഘവും കോളജിലും ഹോസ്റ്റലിലും പരിശോധന നടത്തും. നഴ്‌സിങ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുത്ത പൊലീസ്, കോളജ് പ്രിൻസിപ്പാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടി. നിലവിൽ കേസെടുത്തിരിക്കുന്നത് റാഗിങ് നിരോധന നിയമ പ്രകാരമാണ്. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, വണ്ടൂർ സ്വദേശി രാഹുൽ രാജ്, എന്നിവരാണ് റിമാൻഡിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.