13 February 2026, Friday

Related news

February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026

കോട്ടയത്തെ എൻറെ കേരളം വിപണന മേളയ്ക്ക് മാറ്റ് കൂട്ടി സാംസ്ക്കാരിക ഘോഷയാത്ര

Janayugom Webdesk
കോട്ടയം
April 25, 2025 6:50 pm

വിവിധ കാലാരൂപങ്ങളുടെ പത്തരമാറ്റ് തിളക്കത്തോടെ എൻ്റെ കേരളം പ്രദർശന ‑വിപണന മേളയുടെ സാംസ്കാരിക ഘോഷയാത്ര. കേരളത്തിന്റെ സാംസ്‌കാരിക തനിമയും പ്രൗഢിയും വിളിച്ചോതുന്ന രീതിയിലായിരുന്നു ഘോഷയാത്ര. നഗര വീഥികൾക്ക് ഉത്സവാഘോഷത്തിന്റെ ആരവം തീർത്ത് കൊടും ചൂടിനെ പോലും അവഗണിച്ച് പതിനായിരങ്ങളാണ് ഘോഷയാത്രയിൽ അണിനിരന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ ദീപശിഖ ജില്ലസ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾക്ക് കൈമാറി. ജില്ലസ്പോർട്സ് കൗൺസിൽ അംഗം വി. രാജേഷ് ദീപശിഖയേന്തി ഘോഷയാത്ര നയിച്ചു.

കേരളത്തനിമയും പൈതൃകവും വിളിച്ചോതുംവിധം വർണാഭമായ ഘോഷയാത്രയിൽ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ,ഹരിതകർമ സേനാംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ വൻ പങ്കാളിത്തമുണ്ടായിരുന്നു.

33 സർക്കാർ വകുപ്പുകളിൽ നിന്നുമുള്ള ജീവനക്കാർ വിവിധ നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയിൽ പങ്കെടുത്തു.ശിങ്കാരിമേളവും ബാന്റ് മേളവും ചെണ്ടമേളവും നഗര വീഥികളിൽ ശബ്ദ വിസ്മയം തീർത്തു.

കളരിപ്പയറ്റ്, വാദ്യമേളം, മുത്തുക്കുടകൾ, കാവടി എന്നിവ ഘോഷയാത്രയ്ക്ക് ചാരുത പകർന്നു. കുട്ടികളുടെ റോളർ സ്‌കെയ്റ്റിങ് ഘോഷയാത്രയുടെ പ്രധാന ആകർഷണമായി.

ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബ്ലോക്കുകളും ഘോഷയാത്രയുടെ ഭാഗമായി. ഉച്ചയ്ക്ക് മൂന്നിന് കോട്ടയം തിരുനക്കര മൈതാനത്തു നിന്നും ആരംഭിച്ച ഘോഷയാത്ര നാലുമണിക്ക് നാഗമ്പടം മൈതാനത്ത് അവസാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ചങ്ങനാശേരി നഗരസഭ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഹൈമി ബോബി, പി.ആർ. അനുപമ, മഞ്ജു സുജിത്ത്, പി.എം. മാത്യു, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, ജെസ്സി ഷാജൻ, രാജേഷ് വാളിപ്ലാക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി.വി. സുനിൽ, തദ്ദേശസ്വയംഭരണ ഡയറക്ടർ ബിനു ജോൺ,ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.