നവീകരണം പൂർത്തിയാവുന്ന കോഴിക്കോട് കോർപറേഷൻ ടൗൺഹാളിന് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മുൻസിപ്പൽ തൊഴിലാളി സംഘടനയുടെ സ്ഥാപക നേതാവും കോർപറേഷൻ പ്രഥമ മേയറുമായിരുന്ന എച്ച് മഞ്ചുനാഥറാവുന്റെ പേര് നൽകണമെന്നും ടൗൺഹാൾ അദ്ദേഹത്തിന്റെ സ്മാരകമായി മാറ്റണമെന്നും മഞ്ചുനാഥ റാവു അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു.
മഞ്ജുനാഥറാവുവിന്റെ 41-മത് ചരമവാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് എഐടിയുസി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും മഞ്ചുനാഥറാവു ഇന്നും ഓർമിക്കപ്പെടുന്നത് അദ്ദേഹം നാടിന് നൽകിയ സംഭാവനകളിലൂടെയാണെന്ന് കെ കെ ബാലൻ മാസ്റ്റർ പറഞ്ഞു. ത്യാഗധനനും നിസ്വാർത്ഥനുമായ റാവു നാടിന്റെ സാമൂഹ്യ പരിവർത്തനത്തിനായി ജീവിതം തന്നെ സമർപ്പിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചിട്ടയായ രീതിയിൽ പാർട്ടി പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു മഞ്ചുനാഥ റാവുവെന്നും അന്നത്തെക്കാലത്ത് നിരവധിയാളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ ടി വി ബാലൻ പറഞ്ഞു. സംസ്ഥാന മുൻസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) പ്രസിഡന്റ് കെ ജി പങ്കജാക്ഷൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി വി മാധവൻ, സി സുബ്രഹ്മണ്യൻ, സി പി സദാനന്ദൻ, എ ശിവകുമാർ, കെ മഹേശ്വരി, ടി എം സജീന്ദ്രൻ, അസീസ് ബാബു, യു സതീശൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.