കോഴിക്കോട് മാലിന്യമുക്ത നവകേരളത്തിനായി ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കിയും പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും ഹരിത മാനദണ്ഡങ്ങൾ നടപ്പാക്കിയും ജില്ല സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനത്തിലേക്ക്. ജില്ലയിലെ 27,618 അയൽക്കൂട്ടങ്ങളും ഹരിതപദവി നേടി. 120 കലാലയങ്ങളിൽ 119 ഉം 1481 വിദ്യാലയങ്ങളിൽ 1462 ഉം ഹരിത പദവിയിലെത്തി. ഹരിത സ്ഥാപനങ്ങളിൽ 97 ശതമാനവും വൃത്തിയുള്ള പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയവ 95 ശതമാനവും പിന്നിട്ടു. ഹരിത സുന്ദര ടൗണുകളിൽ 61 ശതമാനമേ ഹരിത പദവി നേടിയിട്ടുള്ളൂ.
274 ടൗണുകളിൽ 198 എണ്ണമാണ് ഹരിതപദവി നേടിയത്. ടൂറിസം കേന്ദ്രങ്ങൾ 82 ശതമാനം ഹരിത ഇടങ്ങളായി. 29 സ്ഥലങ്ങളിൽ 24 ഇടങ്ങളാണ് പ്രകൃതി സൗഹൃദമായി മാറിയത്. വാർഡ് മുതൽ ജില്ലവരെയുള്ള മാലിന്യമുക്ത പ്രഖ്യാപനങ്ങൾ 30നുള്ളിൽ നടത്താനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ജില്ല. ഇതിന് മുന്നോടിയായി പൊതുഇടങ്ങളിൽ അവശേഷിക്കുന്ന മാലിന്യം നീക്കുന്നതിന് 22, 23 തീയതികളിൽ തദ്ദേശ സ്ഥാപന തലത്തിൽ വിപുലമായ ശുചീകരണം നടത്തും.
ഏപ്രിൽ അഞ്ചുവരെ പഞ്ചായത്ത് തലം മുതൽ ജില്ലാതലം വരെ വിവിധ പരിപാടികളും സംഘടിപ്പിക്കും. ഹരിതകർമസേന, എൻഎസ്എസ്, എസ്‌പിസി, സ്‌കൗട്ട് ആൻഡ് ഗെെഡ്സ്, റസിഡന്റ്സ് അസോസിയേഷനുകൾ, ജനകീയ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചീകരണം. 30ന് പകൽ മൂന്നുമുതൽ ആറുവരെയാണ് തദ്ദേശ സ്ഥാപനതല ശുചിത്വ പ്രഖ്യാപനം. തദ്ദേശ സ്ഥാപനത്തിലെ മികച്ച വീട്, വാർഡ്, സ്ഥാപനം, റസിഡന്റ്സ് അസോസിയേഷൻ, ജനകീയ സംഘടന, ഹരിത വായനശാല, ഹരിത പൊതുഇടം, ഹരിത അയൽക്കൂട്ടം, ഹരിത ടൗൺ, ഹരിത വിദ്യാലയങ്ങൾ തുടങ്ങിയവയ്ക്ക് പുരസ്കാരങ്ങൾ നൽകും. ബ്ലോക്ക് തലങ്ങളിൽ ഏപ്രിൽ മൂന്നിനും ജില്ലാതലത്തിൽ അഞ്ചിനും പരിപാടിയും നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.