
കോഴിക്കോടിന് എന്നും ഇടതുമനസാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കൂടിക്കൂടിവരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും പരമ്പരാഗത കോട്ടകൾ തകരുന്നതാണ് ഏതാനും വർഷങ്ങളായി ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇക്കുറിയും ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയില്‍ വലിയ അത്ഭുതങ്ങളൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പതിമൂന്ന് മണ്ഡലങ്ങളിൽ പതിനൊന്നും ഇടതുപക്ഷം വിജയിച്ചു. വടകര, കൊടുവള്ളി മണ്ഡലങ്ങൾ മാത്രം നേരിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് നേടി. കൊടുവള്ളിയില്‍ ലീഗും യുഡിഎഫ് പിന്തുണയോടെ വടകരയില്‍ ആര്‍എംപിയും വിജയിച്ചപ്പോള്‍ കോൺഗ്രസ് മത്സരിച്ച ഇടങ്ങളിലെല്ലാം ദയനീയമായി പരാജയപ്പെടുകയായിരുന്നു. ജില്ലയിൽ കോൺഗ്രസിന് ആശ്വാസജയമുണ്ടായിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി എന്നിവയാണ് മണ്ഡലങ്ങള്‍. സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾ പൂർത്തിയായ ശേഷമുള്ള അന്തിമ വോട്ടർ പട്ടികയനുസരിച്ച് ജില്ലയിൽ 26,57,478 വോട്ടർമാരാണുള്ളത്. ഇതിൽ 12,98,343 പുരുഷന്മാരും 13,59,102 സ്ത്രീകളും 33 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടും. അന്തിമ പട്ടികയിൽ 57,679 പ്രവാസി വോട്ടർമാരും ഉണ്ട്.
2016ല്‍ യുഡിഎഫിനൊപ്പം നിന്ന കുറ്റ്യാടി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങൾ കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്തു. തിരുവമ്പാടിയിൽ 4643 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിലെ ലിന്റോ ജോസഫ് വിജയിച്ചത്. കുന്ദമംഗലത്ത് 10,276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിറ്റിങ് എംഎൽഎ കൂടിയായ പി ടി എ റഹീം വിജയിച്ചത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരമായിരുന്നു എലത്തൂരിൽ. വോട്ടണ്ണലിന്റെ തുടക്കം മുതൽ ഒടുക്കം വരെ എൽഡിഎഫ് മാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. 38,502 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ കെ ശശീന്ദ്രൻ നിയമസഭയിലെത്തി. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. ബേപ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി എ മുഹമ്മദ് റിയാസ് 28,747 വോട്ടിനും കോഴിക്കോട് നോർത്തിൽ തോട്ടത്തില്‍ രവീന്ദ്രന്‍ 12,928 വോട്ടിനും വിജയിച്ചു. കോഴിക്കോട് സൗത്തിൽ ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവില്‍ 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പേരാമ്പ്രയിൽ ടി പി രാമകൃഷ്ണൻ 22,592 വോട്ടിനാണ് യുഡിഎഫിനെ പരാജയപ്പെടുത്തിയത്.
ബാലുശേരിയിൽ അഡ്വ. കെ എം സച്ചിന്‍ ദേവ് 20372 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാർത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മുട്ടുകുത്തിച്ചു. കുറ്റ്യാടിയിൽ 333 വോട്ടിന് എല്‍ഡിഎഫിലെ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ യുഡിഎഫ് സിറ്റിങ് എംഎല്‍എ പാറക്കൽ അബ്ദുള്ളയെ പരാജയപ്പെടുത്തി. നാദാപുരത്ത് എല്‍ഡിഎഫിലെ സിറ്റിങ് എംഎല്‍എ ഇ കെ വിജയൻ 4035 വോട്ടിനാണ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. കൊയിലാണ്ടിയിൽ 8472 വോട്ടാണ് ഇടത് സ്ഥാനാർത്ഥി കാനത്തില്‍ ജമീലയുടെ ഭൂരിപക്ഷം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിലെ ഏഴ് സ്ഥാനാർത്ഥികള്‍ പതിനായിരം വോട്ടിന് മുകളിൽ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫിന് ലഭിച്ച രണ്ട് സീറ്റിലും ഭൂരിപക്ഷം വളരെ കുറവായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.