
സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം പദ്ധതികളാണ് കേരളത്തിൽ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സംരംഭക സൗഹൃദമാണെന്നതിന്റെ തെളിവാണിത്.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ‘എന്റെ കേരളം’ പ്രദർശന‑വിപണനമേളയുടെയും കുടുംബശ്രീ ദേശീയ സരസ് മേളയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വമ്പൻ മൂലധന നിക്ഷേപമില്ലാതെ മികച്ച വരുമാനം ഉറപ്പിക്കാൻ കഴിയുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നോട്ട് പോവണം. അരക്കോടിയോളം സ്ത്രീകൾ അംഗങ്ങളായിട്ടുള്ള ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീ. ഇത്തവണത്തെ ബജറ്റിൽ 270 കോടി രൂപയാണ് കുടുംബശ്രീക്കായി നീക്കി വച്ചത്. പ്രാദേശിക സംരഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറിയെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഒരിക്കലും നടക്കില്ലെന്നു കരുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. 2025 ഡിസംബറോട് കൂടി ദേശീയപാത 66 ന്റെ നിർമാണം പൂർത്തീകരിക്കും. കോഴിക്കോടിന്റെ വിവിധ മേഖലകളിൽ വികസന മാറ്റം ദൃശ്യമാണ്. സാധാരണ മനുഷ്യർ ആഗ്രഹിച്ച പദ്ധതികളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.
വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാഥിതിയായി. കുടുംബശ്രീയിലൂടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ നേർചിത്രമാണ് സരസ്സ് മേളയിൽ കാണാൻ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ്പ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ഇ കെ വിജയൻ, പിടിഎ റഹീം, കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ എം സച്ചിൻദേവ്, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, സബ് കലക്ടർ ഹർഷിൽ ആർ മീണ, ജില്ലാ പോലീസ് കമ്മീഷണർ ടി നാരായണൻ, ഐ ആന്റ് പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ, കുടുംബശ്രീ ഗവേർണിങ് ബോഡി എക്സിക്യൂട്ടീവ് അംഗങ്ങളായ കെ കെ ലതിക, പി കെ സൈനബ, ജില്ല ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി സി കവിത നന്ദിയും പറഞ്ഞു.
ആദ്യദിനം ഒഴുകിയെത്തിയത് ആയിരങ്ങൾ
‘എന്റെ കേരളം’ പ്രദർശന‑വിപണന മേളക്ക് കോഴിക്കോട് ബീച്ചിൽ ആവേശ്വോജ്ജ്വല തുടക്കം. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മേളയുടെ ആദ്യ ദിവസം ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ 200ഓളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന‑ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും മുന്നേറ്റങ്ങളുടെയും നേര്‍ക്കാഴ്ചയാണ് മേള. 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മേള ഭരണ മികവിന്റെയും നാനാതലങ്ങളിലെ വികസനക്കുതിപ്പിന്റെയും നേര്‍സാക്ഷ്യമാകുകയാണ്.
മേളകളുടെ ഭാഗമായി പത്തുദിവസവും പ്രഗത്ഭര്‍ പങ്കെടുക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളും സെമിനാറുകളും വിവിധതരം ആക്റ്റിവിറ്റികളും അരങ്ങേറുന്നുണ്ട്. യുവപ്രതിഭാസംഗമം, കലാകായിക അഭ്യാസപ്രകടനങ്ങള്‍ എന്നിവ മേളയുടെ മാറ്റ് കൂട്ടും. വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും കുടുംബശ്രീ സംരംഭകരുടെ വിവിധ പ്രവര്‍ത്തനങ്ങളും ഉല്‍പന്നങ്ങളും ജനങ്ങള്‍ക്ക് അടുത്തറിയാനും മേള അവസരമൊരുക്കിയിട്ടുണ്ട്.
ആവേശമായി സൂരജ് സന്തോഷിന്റെ സംഗീത സായാഹ്നം
കോഴിക്കോടിനെ സംഗീത സാന്ദ്രമാക്കി ലൈവ് മ്യൂസിക് കോൺസെർട്ടുമായി സൂരജ് സന്തോഷ്. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചിൽ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന‑വിപണന മേളയുടെയും സരസ് മേളയുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മലയാളം, തമിഴ് ഗാനങ്ങളുമായാണ് സൂരജും സംഘവും ബീച്ചിൽ ഒഴുകിയെത്തിയ ആസ്വാദകരെ ആവേശഭരിതരാക്കിയത്.
‘അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനെ’ എന്ന ഗാനത്തോടെയാണ്
സംഗീതവിരുന്ന് തുടങ്ങിയത്. പരിപാടി ആസ്വദിക്കാൻ ആയിരങ്ങളാണ് ബീച്ചിലേക്ക് ഒഴുകിയെത്തിയത്.
ആവേശമായി സെലിബ്രിറ്റി ഫുട്ബോൾ മത്സരം
രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘എൻ്റെ കേരളം’ പ്രദർശന‑വിപണന മേളയോടനുബന്ധിച്ച് നടത്തിയ സെലിബ്രിറ്റി ഫുട്ബോൾ ആവേശമായി. ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരുമാണ് ഇരുടീമുകളിലായി അണിനിരന്നത്. ബീച്ച് സോക്കർ ടൗൺ ടർഫ് വേദിയായ വാശിയേറിയ മത്സരത്തിൽ മാധ്യമ പ്രവർത്തകരുടെ ടീം മൂന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചു.
മന്ത്രി പിഎ മുഹമ്മദ് റിയാസ് നയിച്ച ജനപ്രതിനിധികളുടെ ടീമിൽ എംഎൽഎ മാരായ ലിൻ്റോ ജോസഫ്, സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഗവാസ്, കോർപ്പറേഷൻ കൗൺസിലർമാരായ മഹേഷ്, ബിജുലാൽ, ജംഷീർ, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ് എന്നിവർ അണിനിരന്നു.
മാധ്യമ പ്രവർത്തകരുടെ ടീമിന് വേണ്ടി പ്രസ് ക്ലബ്ബ് സെക്രട്ടറി സജിത്ത്, ദ്വിപിൻ, നൗഫൽ എന്നിവർ ഗോൾ നേടി. കൂടാതെ വ്യാസ്, ജഗത്ത് ലാൽ, രാഹുൽ, ഹസനുൽ ബസരി, സുൽത്താൻ എന്നിവരും ബൂട്ടുകെട്ടി. ജനപ്രതിനിധികളുടെ ടീമിന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസും എസ്‌കെ സജീഷും ഗോളുകൾ നേടി.
ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻ്റ് എഡിറ്റർ സൗമ്യ ചന്ദ്രൻ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ് തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.