9 March 2026, Monday

Related news

March 9, 2026
January 16, 2026
December 16, 2025
October 11, 2025
September 20, 2025
September 16, 2025
August 25, 2025
July 24, 2025
July 11, 2025
April 5, 2025

കെ പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം ആര്‍ സാംബന്

Janayugom Webdesk
തൊടുപുഴ
March 9, 2026 3:55 pm

ഇടുക്കി പ്രസ് ക്ലബിന്റെ 18-ാമത് കെ പി ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍ സാംബന്‍ അർഹനായി. 10,001 രൂപയും പ്രശംസാപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ബുധൻ രാവിലെ 11ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന അനുസ്മരണയോഗത്തിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ഷീല സ്റ്റീഫന്‍ സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച് ജനയുഗം പ്രസിദ്ധീകരിച്ച ‘തീമഴയത്തെ താരാട്ട്’ പരമ്പരയ്ക്കാണ് അവാര്‍ഡ്. മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറിക്കായിരുന്നു ഇത്തവണ അവാര്‍ഡ് ഏർപ്പെടുത്തിയിരുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ടി സി മാത്യു, രാജു മാത്യു, വി ആര്‍. രാജ്‌മോഹന്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.

33 വർഷമായി മാധ്യമരംഗത്തുള്ള സാംബന് ലഭിക്കുന്ന 63-ാമത്തെ പുരസ്‌കാരമാണിത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ മാധ്യമ പുരസ്‌കാരത്തിന് രണ്ടു തവണ അര്‍ഹനായി. സരോജിനി നായിഡു പുരസ്‌കാരം, രാംനാഥ് ഗോയങ്ക അവാര്‍ഡ്, സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് ഫോര്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ്, സ്റ്റേറ്റ്‌സ്മാന്‍ ഗ്രൂപ്പിന്റെ പരിസ്ഥിതി അവാര്‍ഡായ കുഷ്‌റോ ഇറാനി പുരസ്‌കാരം, കെ.സി.കുലീഷ് രാജ്യന്തര അവാര്‍ഡ് (രണ്ടുവട്ടം), പരിസ്ഥിതി പത്രപ്രവര്‍ത്തനത്തിന് ജര്‍മന്‍ എംബസി അവാര്‍ഡ്, ലാഡ്‌ലി അവാര്‍ഡ്, സ്‌കാര്‍ഫ് പിഐഐ അവാര്‍ഡ്, ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ അനില്‍ അഗര്‍വാള്‍ ഫെലോഷിപ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ഇന്ത്യന്‍ ലാംഗ്വേജ് റിപ്പോട്ടര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം, വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിനുള്ള സംസ്ഥാന മാധ്യമ അവാര്‍ഡ്, സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതി മിത്രം അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക ഭാരതി പുരസ്‌കാരം, ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ഗ്രീന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് , ഡോ. ബി ആര്‍ അംബേദ്കര്‍ അവാര്‍ഡ് തുടങ്ങിയവയും നേടി.

ഭാര്യ സേതുമോള്‍. മക്കള്‍: സാന്ദ്ര, വൃന്ദ. മരുമകന്‍: എസ് അനൂപ്. വാർത്താ സമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളി, ട്രഷറര്‍ ആല്‍വിന്‍ തോമസ്, വൈസ് പ്രസിഡന്റ് പി കെ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.