
സെക്രട്ടറിമാരെ ഉൾപ്പെടുത്താതെയുള്ള കെപിസിസി പുനഃസംഘടനയ്ക്ക് കോൺഗ്രസ്. വൈസ് പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും ട്രഷററെയും മാത്രം നിശ്ചയിച്ച് അണികളുടെ രോഷത്തിൽ നിന്ന് കഴിയും വേഗം മുഖം രക്ഷിക്കാനാണ് ശ്രമം.
ഡിസിസി അഴിച്ചുപണി എങ്ങുമെത്താത്തതിനാലാണ് കെപിസിസി സെക്രട്ടറിമാരുടെ കാര്യം തീരുമാനമാകാതെ ഒഴിച്ചിടുന്നത്. ഇതോടെ, ഡിസിസി പുനഃസംഘടനയിൽ സ്ഥാനം നഷ്ടമാകുന്ന അധ്യക്ഷന്മാർക്ക് വലിയ പദവികളൊന്നും ഉണ്ടാകില്ലെന്നും സെക്രട്ടറി പദം കൊണ്ട് തൃപ്തരാകേണ്ടിവരുമെന്നും ഉറപ്പായി. എന്നാൽ, ചില മുൻ ജില്ലാ പ്രസിഡന്റുമാർ ജന. സെക്രട്ടറിമാരുടെ ഇപ്പോഴത്തെ പട്ടികയിൽ കടന്നു കൂടിയിട്ടുള്ളതിനാൽ, ഇനി അധ്യക്ഷസ്ഥാനത്തു നിന്ന് പുറത്താവുന്നവരും ജനറല്‍ സെക്രട്ടറി പദം തന്നെയാവും ആഗ്രഹിക്കുക. പകരം, സ്ഥാനം ആൾക്കൂട്ട സെക്രട്ടറിമാരിലേക്ക് ചുരുങ്ങിയാൽ അവർ ഇടയും.
എന്നാൽ, സെക്രട്ടറിമാരുടെ നിയമനവും ഡിസിസി അധ്യക്ഷന്മാരുടെ മാറ്റവും എന്നത്തേക്ക് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തദ്ദേശ സമിതി തെരഞ്ഞെടുപ്പിന് മുമ്പായി ഏതായാലും ഉണ്ടാകാനിടയില്ല. വൈസ് പ്രസിഡന്റുമാർ ഒമ്പത്, ജനറല്‍ സെക്രട്ടറിമാർ 48, ട്രഷറർ ഒന്ന് എന്നീ പ്രകാരം ഇപ്പോൾത്തന്നെ ഭാരവാഹികൾ 58 ആയി. 100ൽ താഴെ സെക്രട്ടറിമാർ കാണും. പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും നിർവാഹക സമിതിയംഗങ്ങളും കൂടിയാകുമ്പോൾ പതിവുപടി ജംബോ കെപിസിസിയാവും ഇത്തവണയും.
കെപിസിസി — ഡിസിസി പുനഃസംഘടനകൾ നാളെ നാളെ എന്ന് അനിശ്ചിതമായി നീളുന്നതിൽ അണികളാകെ കടുത്ത അസംതൃപ്തിയിലും നീരസത്തിലുമാണ്. തങ്ങളുടെ കാര്യത്തിൽ രണ്ടിലൊന്ന് എത്രയും വേഗം തീരുമാനിക്കണമെന്ന് ഡിസിസികൾ സ്വരം കടുപ്പിക്കുകയും ചെയ്തിരുന്നു. ആരെ നീക്കണം, ആരെ നിലനിർത്തണം, തദ്ദേശ — നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ അഴിച്ചു പണിക്കിറങ്ങി കുളമാക്കണോ തുടങ്ങിയ കാര്യങ്ങളാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്. പുറമേ, ജില്ലാ അധ്യക്ഷസ്ഥാനത്തേക്ക് മുതിർന്ന നേതാക്കൾക്കെല്ലാം നോമിനികളുള്ളതിനാൽ, ഹൈക്കമാൻഡിന്റെ ദൃഷ്ടിപഥത്തിൽ ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകളിൽപ്പോലും സമവായമുണ്ടാക്കാനും കഴിഞ്ഞില്ല. ഇതിനിടെ, അനാഥമായ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദത്തെച്ചൊല്ലി അരങ്ങ് തകർക്കുന്ന പോര് മറ്റൊരു തലവേദനയായി തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.