മലയാളത്തിന്റെ സുകൃതം കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ഇന്ന് അറുപതിന്റെ മധുരിമയില്‍. ചിത്രയുടെ ശബ്ദത്തില്‍ ഒരു ഗാനമെങ്കിലും കേള്‍ക്കാത്തൊരു ദിനം മലയാളികള്‍ക്കില്ലതാനും. ആ പാട്ടുകള്‍ക്കുണ്ടൊരു അനന്യമായ വശ്യത. സ്നേഹവും സഹാനുഭൂതിയും സന്തോഷവും ചിത്രയുടെ പാട്ടുകള്‍ നമുക്കു പകരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി 25,000ത്തില്‍ അധികം ഗാനങ്ങള്‍ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതും ചിത്രയ്‌ക്കാണ് (ആറ് തവണ). 2005ല്‍ പത്മശ്രീ പുരസ്കാരവും 2021ല്‍ പത്മഭൂഷണ്‍ പുരസ്കാരവും ലഭിച്ചു.
ഏറ്റവും അധികം യുഗ്മഗാനങ്ങള്‍ പാടിയ ഗായകരുടെ ഗണത്തിലുംചിത്ര മുന്‍നിരയിലാണുളളത്. യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം എന്നിവരോടൊപ്പമാണ് യുഗ്മഗാനങ്ങളില്‍ അധികവും. 1986 തമിഴില്‍ ഇളയരാജയുടെ സംഗീതത്തില്‍ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന ചിത്രത്തിലെ “പാടറിയേന്‍ പഠിപ്പറിയേന്‍” എന്ന ഗാനത്തിനാണ് ആദ്യ ദേശീയ അവാര്‍ഡ്. 1987 ല്‍ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ “മഞ്ഞള്‍ പ്രസാദവും” എന്ന ഗാനത്തിനും ദേശീയ അവര്‍ഡ് ലഭിച്ചു. 1989ല്‍ വൈശാലിയിലെ“ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി” എന്ന ഗാനത്തിനും 1996 മിന്‍സാരക്കനവ് എന്ന തമിഴ് ചിത്രത്തിലെ “മാനാ മദുരൈ” എന്ന ഗാനത്തിനും 1997ല്‍ വിരാസത് എന്ന ഹിന്ദി ചിത്രത്തിലെ “പായലേം ചന്‍മന്‍” എന്ന ഗാനത്തിനും 2004 ല്‍ ഓട്ടോഗ്രാഫ് എന്ന തമിഴ് ചിത്രത്തിലെ “ഒവ്വരു പൂക്കളുമേ” എന്ന ഗാനത്തിനും ദേശീയ അഗീകാരം ചിത്രയെ തേടിയെത്തി. ഒമ്പത് തവണ ആന്ധ്രാ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും മൂന്ന് തവണ കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു.
2009ൽ ക്വിങ്ഹായ് ഇന്റർനാഷണൽ മ്യൂസിക് ആന്റ് വാട്ടർ ഫെസ്റ്റിവലിൽ ചൈനീസ് സർക്കാർ ആദരിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ഗായികയാണ് ചിത്ര . 2011ൽ സത്യബാമ യൂണിവേഴ്‌സിറ്റി, 2018ൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ദി ഇന്റർനാഷണൽ തമിഴ് യൂണിവേഴ്‌സിറ്റി എന്നിവ ഓണററി ഡോക്ടറേറ്റുകൾ നല്‍കി. 1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെ രണ്ടാമത്തെ പുത്രിയായി കെ എ ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. ഡോ. കെ ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. 1978 മുതല്‍ 1984 വരെ കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് ലഭിച്ചു.
സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്‌ണനാണ് 1979ല്‍ ആദ്യമായി മലയാള സിനിമയില്‍ പാടാന്‍ അവസരം നല്‍കിയത്. എന്‍ജിനീയറായ വിജയശങ്കറാണ് ഭര്‍ത്താവ്. പതിനഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന മകള്‍ നന്ദന, 2011 ഏപ്രില്‍ 14ന് ദുബായിലെ നീന്തല്‍ക്കുളത്തില്‍ വീണുമരിച്ചത് ജീവിതത്തെ താളംതെറ്റിച്ചെങ്കിലും പിന്നീട് സംഗീതലോകത്തേക്ക് തിരിച്ചെത്താന്‍ ചിത്രയ്ക്കായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.