
പടന്നക്കാട് കെ എസ് ഇ ബി സെക്ഷൻ ഓഫിസ് ജീവനക്കാരെയും നീലേശ്വരം പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അനന്തംപള്ളയിലെ ധനൂപ്(42), സുമിത്ത്(40), ഷാജി(35) എന്നിവരെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. തൈക്കടപ്പുറം പ്രിയദർശിനി ഹൗസിങ് കോളനി ജങ്ഷനിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
പടന്നക്കാട് വൈദ്യുതി സെക്ഷൻ പരിധിയിലെ കൊട്രച്ചാൽ കോളനി ജങ്ഷനിലുള്ള ലൈൻ എ ബിയിലുള്ള ജമ്പർ തകരാർ പരിഹരിക്കാൻ സബ് എൻജിനീയർ പി വി ശശി, ഓവർസിയർ കെ സി ശ്രീജിത്, ലൈൻമാന്മാരായ പി വി പവിത്രൻ, അശോകൻ എന്നിവർ ബുധനാഴ്ച രാവിലെ എത്തിയതായിരുന്നു. ജമ്പർ കെട്ടാൻ ലൈൻമാൻ പവിത്രൻ പോസ്റ്റിൽ കയറി പണി തുടങ്ങുകയും ചെയ്തു. ആ സമയത്ത് കാറിൽനിന്നിറങ്ങിയ നാലുപേരടങ്ങുന്ന സംഘം വളരെ പ്രകോപനപരമായി സംസാരിക്കുകയും ജോലി ചെയ്യേണ്ട എന്നുപറഞ്ഞ് ആക്രോശിക്കുകയും ചെയ്തു. തുടർന്ന് സബ് എൻജിനീയർ പി വി ശശിയെ അടിച്ചിടുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് നീലേശ്വരം സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതികൾ ആക്രമിച്ചു. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനുമടക്കം കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.