
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വകാല റെക്കോര്‍ഡ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. തിങ്കളാഴ്ച 10.77 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ 11.53 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ആകെ വരുമാനം. കഴിഞ്ഞവർഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്. മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർപ്രവർത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. കെഎസ്ആർടിസിയുടെ തുടർച്ചയായ, ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന കെഎസ്ആര്‍ടിസി എംഡി ഡോ. പ്രമോജ് ശങ്കറിനും മാനേജ്മെന്റിനും ജീവനക്കാർക്കും അഭിനന്ദനം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.