7 December 2025, Sunday

Related news

December 2, 2025
November 28, 2025
November 19, 2025
November 11, 2025
November 10, 2025
November 7, 2025
November 7, 2025
November 6, 2025
November 3, 2025
October 30, 2025

കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സായി; ഫൈസലും ജോഷിമോനും തിരികെപ്പിടിച്ചത് 15 ജീവനുകൾ

Janayugom Webdesk
തുലാപ്പള്ളി
April 17, 2025 11:58 am

കണ്മുൻപിൽ കണ്ട അപകടത്തിന്റെ ഷോക്കിൽ പകച്ചു നിൽക്കാതെ കെ എസ് ആർ ടി സി ബസ് ആംബുലൻസാക്കി ഫൈസലും ജോഷി മോനും വാരിയെടുത്തത് 15 ജീവനുകൾ. എരുമേലി — പമ്പ പാതയിൽ കണമല അട്ടിവളവിൽ കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിയുമ്പോൾ പിറകിൽ കണമല ഇറക്കത്തിന്റെ പാതി പിന്നിട്ട എരുമേലി ഡിപ്പോയിലെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ ഫൈസലിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ ഏതാനും നിമിഷങ്ങൾ വേണ്ടി വന്നു. 

തലകുത്തി മറിഞ്ഞു വീണ ബസിന് സമീപം കെഎസ്ആർടിസി ബസ് നിർത്തി ഓടിയിറങ്ങവേ ചുറ്റും നിലവിളികൾ. ഓടിയെത്തിയ അയൽവാസികളും ഡ്യൂട്ടിക്ക് പോകാനായി ബൈക്കിൽ വരികയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരും കൂടെ ഓടിയിറങ്ങി. ക്രാഷ് ബാരിയറിന് അടിയിൽ കുടുങ്ങിക്കിടക്കുന്ന ഡ്രൈവർ ഉൾപ്പെടെ രണ്ടു പേര്‍. എടുക്കാൻ തുടങ്ങിയെങ്കിലും കാലു കുടുങ്ങിക്കിടക്കുന്നതിനാൽ അപകടമാണെന്ന് മനസിലായി. ബസിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അപകടത്തിൽ പെട്ട ഡ്രൈവർ പറഞ്ഞതോടെ റബർ മരങ്ങളിൽ തട്ടി കുഴിയിലേക്ക് വീഴാതെ തൂങ്ങി നിന്ന ബസിൽ ജോഷിമോനും ചാടിക്കയറി. നാട്ടുകാരും ചേർന്ന് ആളുകളെ പുറത്തെത്തിച്ചു. മറ്റു ചിലർ മറിഞ്ഞു കിടന്ന ബസിനിടയിൽ കൂടി നിരങ്ങി മുൻപിൽ എത്തി ഇവരെ നിലത്തിറക്കി.
വിരലറ്റവരും പരിക്കേറ്റവരുമായി 15 പേരെ കെഎസ്ആർടിസി ബസിൽ കയറ്റി. തിരിക്കാൻ ഇടമില്ലാത്തതിനാൽ മുൻപോട്ട് തന്നെ പോയി ഇടകടത്തി വഴി മുക്കൂട്ടുതറയിലെ അസീസി ആശുപത്രിയിൽ പരിക്കേറ്റവരെ എത്തിച്ചു. സംഭവം നടന്ന വിവരം എരുമേലി പൊലീസിൽ അപ്പോൾതന്നെ വിളിച്ചറിയിച്ചതും കെഎസ്ആർടിസി ജീവനക്കാരാണ്. 

ചോര വീണൊഴുകിയ ബസ് കഴുകുന്നതിനിടെ ലഭിച്ച തീർത്ഥാടകരുടെ മൊബൈൽ ഫോണും ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മുടങ്ങിയ ട്രിപ്പ് വൈകി ശബരിമല തീർത്ഥാടകരുമായി പമ്പയ്ക്ക് ആരംഭിച്ചപ്പോഴും അന്യനാട്ടിൽ നിന്നെത്തി അപകടത്തിൽപെട്ട ശബരിമല തീർത്ഥാടകരെ ജീവിതത്തിലേയ്ക്ക് തിരികെ കയറ്റിയ സന്തോഷത്തിലാണ് ഫൈസലും ജോഷിമോനും. എരുമേലി ഇരുമ്പൂന്നിക്കര സ്വദേശിയാണ് കെഎസ്ആർടിസി ഡ്രൈവറായ ഫൈസൽ. മുൻപ് കളിയിക്കാവിള സർവീസിനിടെ ബസിൽ ബോധംകെട്ടുവീണ പെൺകുട്ടിയെ ബസില്‍ ആശുപത്രിയിൽ എത്തിച്ച ചരിത്രവും ഫൈസലിനുണ്ട്. കണ്ടക്ടർ ജോഷിമോൻ എരുമേലി ചാത്തൻതറ സ്വദേശിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.