11 December 2025, Thursday

Related news

December 2, 2025
November 28, 2025
November 11, 2025
November 7, 2025
November 7, 2025
November 6, 2025
November 3, 2025
October 18, 2025
October 17, 2025
October 16, 2025

ശമ്പളം ഗഡുക്കളായി തുടരും; കെഎസ്ആര്‍ടിസി സിഎംഡിയുടെ ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
February 16, 2023 11:34 pm

കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകുന്നത് സ്ഥിരമാക്കി സിഎംഡി ബിജു പ്രഭാകറിന്റെ വിചിത്ര ഉത്തരവ്. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുൻപായി നൽകും. അക്കൗണ്ടിലുള്ള പണവും ഓവർഡ്രാഫ്റ്റും എടുത്താണ് ആദ്യഗഡു നൽകുക. രണ്ടാമത്തെ ഗഡു സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്ക് നൽകും. ശമ്പള വിതരണത്തിന് സർക്കാർ സഹായം വൈകുമ്പോഴും നടപടി ക്രമങ്ങൾ പൂർത്തിയാകാതിരിക്കുമ്പോഴും നേരത്തെ വിവിധ ഘട്ടങ്ങളിലായി ശമ്പളം വിതരണം ചെയ്തിരുന്ന രീതി സ്ഥിരമായി തുടരാനാണ് തീരുമാനം. വരുമാനത്തില്‍ നിന്നും പ്രഥമ പരിഗണന കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിന് നല്‍കണമെന്നും അഞ്ചാം തിയതിക്കുള്ളില്‍ കൊടുക്കണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് സിഎംഡിയുടെ ഇത്തരത്തിലുള്ള സര്‍ക്കുലര്‍.

ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ വ്യക്തി​ഗത അപേക്ഷ ഈ മാസം 25-ാം തീയതിക്ക് മുൻപായി അതാത് യൂണിറ്റ് ഓഫിസർമാർക്ക് നൽകണമെന്നും ഈ വിവരം ശമ്പള ബില്ലിനോടൊപ്പം ജില്ലാ ഓഫിസർമാർ, ചീഫ് ഓഫിസിലെ പേയ്മെന്റ് സെല്ലിൽ അറിയിക്കണമെന്നുമാണ് ഉത്തരവ്. ഇവർക്ക് സർക്കാർ സഹായം ലഭ്യമായ ശേഷം മൊത്തം ശമ്പളം ഒറ്റത്തവണയായി നൽകുമെന്നും സർക്കുലറിൽ പറയുന്നു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്കു പൂർണ ശമ്പളം അഞ്ചിനു മുൻപു ലഭ്യമാക്കുന്ന ടാർഗറ്റ് പദ്ധതിയാണ് സിഎംഡി ആദ്യം മുന്നോട്ടുവച്ചത്.

എന്നാൽ ഇത് തൊഴിലാളി യൂണിയനുകൾ തള്ളിയതിന് പിന്നാലെയാണ് ശമ്പളം ഘട്ടം ഘട്ടമായി നൽകാനുള്ള തീരുമാനവുമായി സിഎംഡി എത്തിയത്. അതേസമയം, ടാർഗറ്റിന് പിന്നാലെ ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിനെതിരെ ട്രാൻസ്പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) അടക്കമുള്ള യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും നിയമപരമല്ലെന്നും ട്രാൻസ്പോര്‍ട്ട് എംപ്ലോയീസ് യൂണിയൻ ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ പ്രതികരിച്ചു. ജോലി ചെയ്തശേഷം ശമ്പളത്തിന് വേണ്ടി കാത്തുനില്‍ക്കേണ്ടി വരുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഇത്തരം ഉത്തരവുകളെല്ലാം ഇറങ്ങുന്നത് ഇടതുപക്ഷ ഭരണകാലത്താണെന്നത് ദൗര്‍ഭാഗ്യകരമാണെന്നും രാഹുല്‍ പറഞ്ഞു.

ടാർഗറ്റ് മാനേജ്‌മെന്റിന്റെ നിർദേശം: ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളമെന്നത് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ നിർദേശമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെങ്കിലും മാനേജ്മെന്റിന് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. സർക്കാർ ഒരു നിർദേശവും നൽകിയിട്ടില്ല. സ്വയംപര്യാപ്തതയിലെത്തിക്കാൻ വേണ്ടി മാനേജ്മെന്റ് എടുത്ത തീരുമാനമാണത്. കെഎസ്ആർടിസിക്ക് സർക്കാർ സഹായം തുടരും. സർക്കാർ ഇടപെടേണ്ട സാഹചര്യമുണ്ടായാൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: ksrtc salary distribution
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.