17 December 2025, Wednesday

Related news

December 16, 2025
December 11, 2025
December 2, 2025
November 28, 2025
November 11, 2025
November 7, 2025
November 7, 2025
November 6, 2025
November 3, 2025
October 18, 2025

ലക്ഷം കവിഞ്ഞ് കെഎസ്ആർടിസി ട്രാവൽ കാർഡും ചലോ ആപ്പും

Janayugom Webdesk
തിരുവനന്തപുരം
July 18, 2025 7:46 pm

കെഎസ്ആർടിസിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആർടിസി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 100961 പേർ. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാൽ അഞ്ച് ലക്ഷത്തോളം ട്രാവൽ കാർഡുകളാണ് കെഎസ്ആർടിസി ഉടൻ എത്തിക്കുന്നത്. 73281 വിദ്യാർത്ഥികളും സ്മാർട്ട് ഓൺലൈൻ കൺസഷൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ട്. ഇത് ട്രാവൽ കാർഡ് പോലെ സ്മാർട്ട് കാർഡു രൂപത്തിൽ വിദ്യാർത്ഥികളുടെ കൈകളിൽ ലഭ്യമാക്കുന്നതിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് അധികൃതർ. കെഎസ്ആർടിസിയുടെ യാത്രാ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന ചലോ ആപ്പ് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഇതിനകം ഡൗൺലോഡ് ചെയ്തത്. പണം കൈവശമില്ലാത്തപ്പോഴും ട്രാവൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നത് യാത്രികർക്ക് ആശ്വാസമാണ്. 100 രൂപയാണ് ചാർജ്. കാർഡ് ലഭിച്ച ശേഷം റീചാർജ് ചെയ്ത് ഉപയോഗിക്കാം. ഒരു വർഷമാണ് ഒരു കാർഡിന്റെ കാലാവധി. കാർഡ് മറ്റൊരാൾക്ക് കൈമാറുന്നതിനും തടസമില്ല. വീട്ടിലുള്ള മറ്റുള്ളവർക്കും സുഹൃത്തുക്കൾക്കും ഉപയോഗിക്കാം. കാർഡ് പ്രവർത്തിക്കാതെയായാൽ തൊട്ടടുത്ത കെഎസ്ആർടിസി സ്റ്റാൻഡിലെത്തി അപേക്ഷ നൽകിയാൽ മതി. അഞ്ച് ദിവസത്തിൽ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലുണ്ടായിരുന്ന തുക പുതിയതിൽ ലഭിക്കുകയും ചെയ്യും. എന്നാൽ കാർഡിന് കേടുപാട് സംഭവിച്ചാൽ പകരം കാർഡ് ലഭിക്കില്ല.

കുറഞ്ഞത് 50 രൂപയ്ക്കും പരമാവധി 3000 രൂപയ്ക്കും കാർഡ് ചാർജ് ചെയ്യാം. 1000 രൂപ ചാർജ് ചെയ്താൽ 40 രൂപയും, 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റ് ആകും. ഇത് യാത്രക്കാർക്ക് കൂടുതൽ ലാഭകരമാണ്. വിദ്യാർത്ഥികൾക്കുള്ള കാർഡുകളിൽ റൂട്ട് വിവരങ്ങളും യാത്രാ ദിവസങ്ങളുടെ എണ്ണവും രേഖപ്പെടുത്താൻ സാധിക്കും. കണ്ടക്ടർമാർക്ക് ടിക്കറ്റിങ് മെഷീനിൽ കാർഡ് സ്‌കാൻ ചെയ്ത് പരിശോധിക്കാം. ഒന്നാം ക്ലാസ് മുതൽ കോളജ് തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ലഭ്യമാണ്. ഈ കാർഡ് ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ഒരു മാസത്തിൽ 25 ദിവസങ്ങൾ നിർദിഷ്ട റൂട്ടുകളിലും ഒന്നിലധികം റൂട്ടുകളിലുമായി യാത്ര ചെയ്യാൻ സാധിക്കും. കാലാവധി കഴിഞ്ഞാൽ കാർഡ് കണ്ടക്ടറുടെ കൈവശം ഏൽപ്പിച്ച് പുതുക്കാം. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തേക്കുള്ള കാർഡിനാണ് അർഹത. www.concessionksrtc.com എന്ന വെബ്സൈറ്റ് മുഖേനയും കെഎസ്ആർടിസി കൺസഷൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാനും ആനുപാതികമായ തുക ഓൺലൈൻ വഴി അടയ്ക്കാനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.