9 January 2026, Friday

Related news

December 30, 2025
December 24, 2025
September 26, 2025
September 17, 2025
August 29, 2025
July 28, 2025
July 20, 2025
May 17, 2025
May 16, 2025
April 19, 2025

മതനിരപേക്ഷതയുടെയും മാനവികതയുടെയും ശബ്ദമായി കുടുംബശ്രീ ബാലപാർലമെന്റ്

Janayugom Webdesk
തിരുവനന്തപുരം
December 30, 2025 9:53 pm

മതനിരപേക്ഷതയുടെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സാമൂഹ്യബോധമുള്ള പൗരസമൂഹമാണ് തങ്ങളെന്ന് വ്യക്തമാക്കി കുടുംബശ്രീ ബാലസഭാംഗങ്ങൾ അവതരിപ്പിച്ച ബാലപാർലമെന്റ് വേറിട്ട അനുഭവമായി. കുട്ടികളിൽ ഉന്നതമായ ജനാധിപത്യമൂല്യങ്ങളും നേതൃത്വഗുണവും സംഘടനാ ശേഷിയും പാരിസ്ഥിതിക ബോധവും വളർത്താൻ ബാലപാർലമെന്റ് സഹായകമാകുമെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ പഴയ നിയമസഭാ മന്ദിരത്തിൽ ഉയർന്നു കേട്ട കൗമാരത്തിന്റെ ഊർജം പ്രസരിക്കുന്ന വാക്കുകൾ.
കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സംഘടിപ്പിച്ച രണ്ടു ബാലപാർലമെന്റുകളിലാണ് അവകാശങ്ങൾക്കും രാജ്യത്തിന്റെ ബഹുമുഖ പുരോഗതിക്കുമായി കുട്ടികൾ ശബ്ദമുയർത്തിയത്. മുൻ സാമ്പത്തിക വർഷത്തെ ബാലപാർലമെന്റായിരുന്നു ആദ്യം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ് എം ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി വി അനുപമ കുട്ടികളെ അഭിസംബോധന ചെയ്തു.
രണ്ടു ബാലപാർലമെന്റിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, സ്ത്രീസുരക്ഷ, വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം, സോഷ്യൽ മീഡിയ കുട്ടികളിൽ ചെലുത്തുന്ന അപകടകരമായ സ്വാധീനം, തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച ചോദ്യോത്തര വേള, അടിയന്തര പ്രമേയം അവതരിപ്പിക്കൽ, പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട് എന്നിവയും അരങ്ങേറി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വർധിച്ചു വരുന്ന തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങൾക്കായി ലഹരി മാഫിയ കുട്ടികളെ ഉപയോഗിക്കുന്നത്, നദികളുടെ മലിനീകരണം എന്നിവ സംബന്ധിച്ച ചോദ്യോത്തര വേളയിൽ മൂർച്ചയുള്ള ചോദ്യങ്ങളും അതേ നാണയത്തിലുള്ള മറുപടിയുമായി പ്രതിപക്ഷവും ഭരണപക്ഷവും കത്തിക്കയറിയത് ബാലപാർലമെന്റിനെ ശബ്ദമുഖരിതമാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ട് യഥാർത്ഥ പാർലമെന്റിൽ അരങ്ങേറുന്ന നടപടികളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
രാവിലെ സംഘടിപ്പിച്ച ബാലപാർലമെന്റിൽ രാഷ്ട്രപതിയായി ഹെലൻ അന്ന സജിൻ (ആലപ്പുഴ), പ്രധാനമന്ത്രിയായി ഏയ്ഞ്ചൽ (വയനാട്), പ്രതിപക്ഷ നേതാവ് പ്രണവ് ജെ നായർ(ആലപ്പുഴ), സ്പീക്കർ അവനിജ ടി എം (തൃശൂർ), ഡെപ്യൂട്ടി സ്പീക്കർ അലോന (ഇടുക്കി), സെക്രട്ടറി ജനറൽ ആരാധ്യ പ്രദീപ് (കണ്ണൂർ), സെക്രട്ടറി തൻവീൻ ഉമർ (പാലക്കാട്), സെക്രട്ടറി കനിഷ്ക്ക (അട്ടപ്പാടി), മാർഷൽ അഭിനവ് കൃഷ്ണ (കൊല്ലം), എഡിസി ബിനോ (കോട്ടയം) എന്നിവർ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച രണ്ടാമത്തെ ബാലപാർലമെന്റിൽ രാഷ്ട്രപതിയായി അനുശ്രീ(കൊല്ലം), പ്രധാനമന്ത്രി ആത്രയ്(കൊല്ലം), സ്പീക്കർ-ചന്ദന(കാസർകോട്), ഡെപ്യൂട്ടി സ്പീക്കർ ആദിത്യ ഗണേഷ്(കണ്ണൂർ), പ്രതിപക്ഷ നേതാവ് ഫാത്തിമ ഇൻഷ (മലപ്പുറം), വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അബ്ദുള്ള (കൊല്ലം), കൃഷി വനം പരിസ്ഥിതി അർജ്ജുൻ അശോക് (ആലപ്പുഴ), സാമൂഹ്യനീതി ശിശു ക്ഷേമം, ജോവിയ ജോഷി(കണ്ണൂർ), ആഭ്യന്തരം ചൈത്ര (കോഴിക്കോട്), ആരോഗ്യം അമേയ പി സുനിൽ (മലപ്പുറം), കായികം ആർഷ പി (പത്തനംതിട്ട), ചീഫ് മാർഷൽ അർജ്ജുൻ കൃഷ്ണ(തൃശൂർ), എഡിസി അബി ബി എസ് (തിരുവനന്തപുരം) എന്നിവരും പങ്കെടുത്തു. ബാല പാർലമെന്റിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ പുതിയ നിയമസഭാ മന്ദിരവും സന്ദർശിച്ചു.
————–
കുടുംബശ്രീ ബാലപാര്‍ലമെന്റില്‍ സ്പീക്കറായിരുന്ന ചന്ദന പങ്കെടുത്തവര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.