1 January 2026, Thursday

Related news

December 30, 2025
December 24, 2025
September 26, 2025
September 17, 2025
August 29, 2025
July 28, 2025
July 20, 2025
May 17, 2025
May 16, 2025
April 19, 2025

മികച്ച സംഘടനാ സംവിധാനവുമായി കുടുംബശ്രീക്ക് ഇന്ന് 27 വയസ്

സ്വന്തം ലേഖകൻ
കൊച്ചി
May 16, 2025 10:22 pm

ദാരിദ്ര്യനിർമാർജനം ലക്ഷ്യമാക്കി 1998ൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നൽകിയ കുടുംബശ്രീക്ക് ഇന്ന് 27 വയസ്. ദാരിദ്ര്യം നിർമാർജന മിഷൻ, സാമൂഹികവും സാമ്പത്തികപരവുമായ പ്രവർത്തനങ്ങൾ കൊണ്ട് ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംഘടനാ സംവിധാനങ്ങളിൽ ഒന്നായിട്ടാണ് കുടുംബശ്രീ വിലയിരുത്തപ്പെടുന്നത്. സ്ത്രീശക്തികരണം,ദാരിദ്ര്യനിർമാർജനം എന്നീ പ്രധാന ലക്ഷ്യങ്ങളോടെ ആരംഭിച്ച കുടുംബശ്രീ കൈവയ്ക്കാത്ത മേഖലകളില്ല. സാധാരണക്കാരിൽ സമ്പാദ്യശീലം വളർത്തുന്നതിനായി ആരംഭിച്ച മൈക്രോ ഫിനാൻസ് സംവിധാനം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയുവാനും ഇരകൾക്ക് പിന്തുണയും നിയമ സഹായവും നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിനും സ്വയം സംരംഭങ്ങൾ ആരംഭിക്കുന്നതിനും ധനസഹായം, കുടുംബശ്രീ സംരംഭകർക്ക് വിപണന അവസരങ്ങൾ ഒരുക്കുന്ന സംവിധാനങ്ങൾ, വിപണമേളകൾ, ഭക്ഷ്യമേളകൾ, അയൽക്കൂട്ട പ്രദേശങ്ങളിലെ കൃഷിയോഗ്യമായ ഭൂമി ഉപയോഗപ്പെടുത്തി വനിതകൾക്ക് സംഘകൃഷി, പശുസഖി, പ്രൊഡ്യൂസർ ഗ്രൂപ്പുകൾ തുടങ്ങിയ മൃഗസംരക്ഷണ പ്രവർത്തന വരുമാന ഉപാധികൾ, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമുള്ള ബഡ്സ് സ്ഥാപനങ്ങൾ, കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുമായി പ്രവർത്തിച്ചുവരുന്ന ബാലസഭകൾ, തദ്ദേശീയ ജനവിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹ്യ പുരോഗതിക്കുമായി പ്രവർത്തിച്ചുവരുന്ന പട്ടികവർഗ പ്രത്യേക പദ്ധതികൾ, യുവതി- യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസയോഗ്യതയ്ക്കും അഭിരുചിക്കും ഉതകുന്ന പരിശീലനം നൽകി അവർക്ക് അർഹമായ തൊഴിൽ ഉറപ്പ് വരുത്തുന്ന പദ്ധതിയായ ഡിഡിയു-ജികെവൈ തുടങ്ങി സമൂഹത്തിൽ കുടുംബശ്രീ ഏറ്റെടുക്കാത്ത ദൗത്യങ്ങൾ ഒന്നുമില്ല. 

നേതൃത്വസ്ഥാനം കൈകാര്യം ചെയ്യുന്നതിലും അധികാരം നിർവഹണത്തിലും സംഘടനാ ഏകോപന പ്രവർത്തനങ്ങളിലും കേരളത്തിലെ സ്ത്രീകളുടെ കഴിവിനെ പാകപ്പെടുത്തിയെടുത്തതിൽ കുടുംബശ്രീക്ക് സുപ്രധാനമായ പങ്കുണ്ട്. നേതൃത്വം, ഏകോപനം, ഔദ്യോഗിക ചുമതലകൾ കൈകാര്യം ചെയ്യുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിച്ചതിലൂടെ, കുടുംബശ്രീ സമൂഹത്തിൽ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. കുടുംബശ്രീയുടെ 27-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ നടക്കും. ഓരോ സിഡിഎസിലും പ്രത്യേക പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും. തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങ് എല്ലാ സിഡിഎസുകളിലും തത്സമയം പ്രദർശിപ്പിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.