26 June 2024, Wednesday
KSFE Galaxy Chits

Related news

May 16, 2024
May 12, 2024
April 4, 2024
March 6, 2024
February 12, 2024
February 8, 2024
January 29, 2024
January 20, 2024
December 30, 2023
December 24, 2023

കുടുംബശ്രീ വനിതാ കര്‍ഷകര്‍ സ്മാര്‍ട്ടാകുന്നു; കൃഷിയിടങ്ങളിലെ ജോലിക്ക് ഡ്രോണ്‍

Janayugom Webdesk
തിരുവനന്തപുരം
May 12, 2024 10:35 pm

കുടുംബശ്രീ വനിതാ കര്‍ഷകരെ സ്മാര്‍ട്ടാക്കാന്‍ കൃഷിയിടങ്ങളില്‍ സഹായമായി ഇനി ഡ്രോണും. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എന്നിവയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന നാല് ദിവസത്തെ കാര്‍ഷിക ഡ്രോണ്‍ പരിശീലന പരിപാടിക്ക് ഇന്ന് തുടക്കമാകും.
പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വനിതകള്‍ക്ക് കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയ മുന്നേറ്റം കൈവരിക്കുന്നതിനും അതുവഴി സാമ്പത്തിക ശാക്തീകരണവുമാണ് മുഖ്യലക്ഷ്യം. സാധാരണക്കാരായ വനിതാ കര്‍ഷകര്‍ക്ക് മികച്ച തൊഴിലും വരുമാനവര്‍ധനവും ലഭ്യമാക്കുന്ന ‘സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍’ എന്ന ആശയത്തിലേക്കെത്തിക്കുന്നതിനുള്ള ഫീല്‍ഡ്തല പരിശീലനമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. 50 വനിതകള്‍ക്കാണ് നാല് ദിവസത്തെ കാര്‍ഷിക ഡ്രോണ്‍ പരിശീലനം. ഇതില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഇതിനകം ഡ്രോണ്‍ ലഭ്യമായിട്ടുണ്ട്. 

ആദ്യദിനം ഡ്രോണിന്റെ രൂപഘടന, സാങ്കേതിക വശങ്ങള്‍, പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയിലടക്കം അവബോധം നല്‍കും. അടുത്ത ദിവസങ്ങളില്‍ ഐസിഎആര്‍-സിടിസിആര്‍ഐ, ഫാക്ട് എന്നിവിടങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഫാമിങ്, അഗ്രി ഡ്രോണ്‍ ഹാഡ്‌വേ‌‌ര്‍, മെയിന്റനന്‍സ് ആന്റ് സര്‍വീസിങ്, ഡ്രോണ്‍ സിമുലേറ്റര്‍, ട്രയല്‍ ഡ്രോണ്‍ ഫ്ലയിങ്, ഹാന്‍ഡ്സ് ഓണ്‍ അഗ്രി ഡ്രോണ്‍ ഫ്ലയിങ് എന്നിവയില്‍ പരിശീലനം നല്‍കും. ഡ്രോണ്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട വ്യക്തിഗത സുരക്ഷ, പരിസ്ഥിതി പരിഗണന കീടനാശിനി ഉപയോഗം, പരിപാലന സുരക്ഷാ നടപടികള്‍ തുടങ്ങിയവയിലും അവബോധം നല്‍കും.

ഡ്രോണുകള്‍ വഴി നടീല്‍, കൃത്യമായ ഇടവേളകളില്‍ വിളകളുടെ വളര്‍ച്ചാനിരീക്ഷണം, കീടനാശിനികളുടെയും ദ്രവരൂപത്തിലുളള വളങ്ങളുടെയും പ്രയോഗം എന്നിവ ചുരുങ്ങിയ സമയത്തിനുള്ളില്‍ എങ്ങനെ ഫലപ്രദമായി ചെയ്യാന്‍ കഴിയുമെന്ന് പഠിക്കാനാകും. ശാസ്ത്ര സാങ്കേതിക രംഗത്തെ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്താനും പരിശീലന വേളയില്‍ അവസരമുണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട ക്ലേശകരമായ ജോലികള്‍ ഡ്രോണ്‍ മുഖേന ചുരുങ്ങിയ സമയത്തിനുളളില്‍ നിര്‍വഹിക്കാന്‍ കഴിയുന്നതിലൂടെ ശാരീരികാധ്വാനം കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയുമെന്നതും വലിയ നേട്ടമാണ്. സ്വന്തം കൃഷിയിടങ്ങള്‍ കൂടാതെ മറ്റു കര്‍ഷകരുടെ കൃഷിയിടങ്ങളിലും ഡ്രോണ്‍ മുഖേന കാര്‍ഷിക ജോലികള്‍ ചെയ്തു കൊണ്ട് കൂടുതല്‍ വരുമാനം നേടാനും പരിശീലനം സഹായകമാകും. വനിതകളുടെ തൊഴില്‍ നൈപുണ്യശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിച്ചുകൊണ്ട് കാര്‍ഷികമേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനും സാധിക്കും. 

കാര്‍ഷിക രംഗത്ത് മെച്ചപ്പെട്ട ഉല്പാദനക്ഷമതയും തൊഴിലവസരങ്ങളും വരുമാനവും കൈവരിക്കാന്‍ കഴിയുന്നതോടെ കൂടുതല്‍ വനിതാ കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്നു വന്നേക്കുമെന്നാണ് പ്രതീക്ഷ. നൂതന കൃഷികള്‍, കാര്‍ഷിക ബിസിനസുകളും അനുബന്ധ സംരംഭങ്ങളും എന്നീ മേഖലകളില്‍ ഈ വര്‍ഷം നിരവധി പരിശീലന പരിപാടികളാണ് കുടുംബശ്രീ സംഘടിപ്പിക്കുന്നത്. ഇതിന്റെ തുടക്കമാണ് ഡ്രോണ്‍ പരിശീലനം.
ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് രാവിലെ 10ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിന്ദു കെ എസ് ഉദ്ഘാടനം ചെയ്യും. ഐസിഎആര്‍-സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. ജി ബൈജു, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വി എസ് സന്തോഷ് മിത്ര എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. പരിശീലനം 16 ന് സമാപിക്കും.

Eng­lish Sum­ma­ry: Kudum­bashree Women Farm­ers Get Smart; Drone for farm work

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.