21 January 2026, Wednesday

Related news

December 26, 2025
December 17, 2025
November 23, 2025
October 31, 2025
October 28, 2025
October 25, 2025
July 12, 2025
June 19, 2025
June 12, 2025
May 19, 2025

കുമരകത്തെ ജി20 ഉച്ചകോടി ആതിഥേയത്വം; പ്രതിനിധികളുടെ പ്രശംസ നേടി കേരള ടൂറിസം

Janayugom Webdesk
തിരുവനന്തപുരം
April 3, 2023 8:04 pm

കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും അടയാളപ്പെടുത്തുന്ന കുമരകത്തെ വേദിയേയും കേരള ടൂറിസത്തിന്‍റെ ഊഷ്മളമായ ആതിഥേയത്വത്തേയും പ്രശംസിച്ച് ജി 20 ഉച്ചകോടിയിലെ രാജ്യാന്തര, ആഭ്യന്തര പ്രതിനിധികള്‍. കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെടിഡിസി) ഉടമസ്ഥതയിലുള്ള വാട്ടര്‍സ്കേപ്സ് റിസോര്‍ട്ടില്‍ ഇന്ത്യന്‍ ഷെര്‍പ്പ അമിതാഭ് കാന്തിന്‍റെ അധ്യക്ഷതയില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ നടന്ന യോഗത്തില്‍ ജി20 അംഗരാജ്യങ്ങളില്‍ നിന്നും ഒമ്പത് ക്ഷണിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നും വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളില്‍ നിന്നുമായി 120 ലധികം പ്രതിനിധികളാണ് പങ്കെടുത്തത്.

ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോക ടൂറിസം ഭൂപടത്തില്‍ ഇതിനകം തന്നെ ശ്രദ്ധനേടിയ കുമരകത്തിന് വന്‍കുതിപ്പേകുന്നതായി ജി 20 ഉച്ചകോടിയുടെ ആതിഥേയത്വം. കുമരകത്തെ കേരള ടൂറിസത്തിന്‍റെ പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര സംരംഭങ്ങളെ പരിചയപ്പെട്ട പ്രതിനിധികള്‍ക്ക് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള കായല്‍യാത്ര നവ്യാനുഭവമായി. സമ്മേളനത്തിന്‍റെ ഏകോപനത്തിനായി അമ്പതോളം വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരാണ് കുമരകം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. വേമ്പനാട് കായലിന്‍റെ തീരത്തുള്ള വേദിയില്‍ ഒരുക്കിയ ആഗോള നിലവാരത്തിലുള്ള ക്രമീകരണങ്ങളും സൗകര്യങ്ങളും പ്രതിനിധികളെ വളരെയധികം ആകര്‍ഷിച്ചതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനായി കേരള ടൂറിസം കുമരകത്തെ തെരഞ്ഞെടുത്തത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. കുമരകത്തിന്‍റെ ടൂറിസം വളര്‍ച്ചയ്ക്ക് ഇത് കൂടുതല്‍ സഹായകമാകും. കേരളത്തിന്‍റെ ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിനും സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കും ജി20 ഉച്ചകോടി സമ്മേളനം പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്‍റെ പൈതൃകം വിളിച്ചോതുന്ന സാംസ്കാരിക പരിപാടികള്‍, കരയിലും കായലിലുമായി കേരളത്തിലെ 1200 ഓളം വരുന്ന അതിപ്രശസ്ത കലാകാരന്മാരുടെ കലാപ്രകടനങ്ങള്‍, കേരളത്തിന്‍റെ തനതായ പൂരം, വള്ളംകളി, കളരിപ്പയറ്റ് തുടങ്ങിയ കലാകായിക രൂപങ്ങളുടെ അവതരണം തുടങ്ങിയവയ്ക്ക് വേദി സാക്ഷ്യം വഹിച്ചപ്പോള്‍ എല്ലാ ദിവസങ്ങളിലും ഉത്സവാന്തരീക്ഷം പ്രകടമായിരുന്നു. വടക്കന്‍പാട്ടിലെ ഉണ്ണിയാര്‍ച്ചയുടെ ജീവിതകഥയുടെ രംഗാവിഷ്കാരവും പ്രതിനിധികളുടെ പ്രശംസ നേടി. ഹൗസ്ബോട്ടിലെ യാത്രയും പ്രതിനിധികള്‍ക്ക് വേറിട്ട അനുഭവമായി.

സമ്മേളനത്തിന്‍റെ സമാപന ദിവസം കേരളത്തിന്‍റെ ദേശീയോത്സവമായ ഓണം വേദിയില്‍ പുനഃസൃഷ്ടിച്ചത് പ്രതിനിധികളുടെ ആവേശം പാരമ്യത്തിലെത്തിച്ചു. പൂക്കളം, ഓണസദ്യ, പുലികളി, കുമ്മട്ടിക്കളി, ഊഞ്ഞാലാട്ടം, വടംവലി തുടങ്ങിയ ഓണപ്പരിപാടികള്‍ ആഘോഷങ്ങളെ വര്‍ണാഭമാക്കി. ഗോതമ്പ് തവിടില്‍ ഉണ്ടാക്കിയ പരിസ്ഥിതിസൗഹൃദ പാത്രത്തിലാണ് പ്രതിനിധികള്‍ ഓണസദ്യ കഴിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ 20 സമ്പദ്വ്യവസ്ഥകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ജി20 അധ്യക്ഷതയ്ക്ക് കീഴില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നിരവധി ആഗോള പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നതിനുള്ള മുന്നോട്ടുള്ള വഴികള്‍ വിലയിരുത്തുന്നതിനുമായി നാല് ദിവസത്തെ ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടത്തി.

Eng­lish Summary:Kumarakam hosts G20 sum­mit; Ker­ala Tourism won praise from the delegates

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.