പല്ലനയാറ്റിലെ ബോട്ടുയാത്രതന്‍ ദുരന്ത വൃത്താന്തം പത്രത്തില്‍ നിറഞ്ഞീടവെ
നൂറ്റാണ്ടു പിന്നിട്ടവാര്‍ത്തയതെങ്കിലും
തപ്താര്‍ത്തമാകുന്നെന്‍ അന്തരംഗം
കാവ്യ പ്രകാശം തൂകിയൊരാശാന്‍തന്‍
ശോഭനമാര്‍ന്നൊരു നാളുകളില്‍
കുറിച്ചിട്ടതില്ലേ യുഗപരിവര്‍ത്തന കാവ്യസമാഹാരങ്ങളെത്രയെത്ര?
വീണപൂവിനെ വിശ്വസാഹിത്യത്തില്‍ പ്രതിഷ്ഠിച്ചു മുക്താകാരം തൂലികയാല്‍
രാമായണത്തിലെ വൈദേഹി സീതയോ ചിന്താവിഷ്ടയാം സീതയായി
ജാതി മര്‍ത്ത്യനില്‍ എവിടെയെന്നുള്ളതാം ചോദ്യമു-
യര്‍ത്തി മാതംഗിയാല്‍
കാമാര്‍ത്തബന്ധങ്ങളൊക്കെയും
വ്യര്‍ത്ഥമെന്നോതി ഉപഗുപ്തന്‍ തന്‍ വാക്കുകളാല്‍
അമൂര്‍ത്തമാം പ്രണയത്തില്‍
ചിത്രം വരച്ചിട്ടു നളിനി ദിവാകര സംഗമത്താല്‍
സ്നേഹമാണഖിലസാരമൂഴില്‍ എന്നതാം വാക്ക-
ന്വര്‍ത്ഥമാക്കി മദന ലീലാവേര്‍പാടിലും
ഭേദങ്ങളറ്റൊരു പൊരുളിനെ കാഹളമൂതിവീര്‍പ്പിക്കുന്നു വേദവും
വൈദികനും എന്നോതി ദുരവസ്ഥയില്‍
സ്ത്രീശക്തിയിലൂടെ പുത്തനാം വിപ്ലവ പന്ഥാവ് വെട്ടിത്തളിച്ചവന്‍ കുമാരനാശാന്‍
ഒരു ജാതി ഒരു മതമെന്നതാം ഗുരുവചനമുരുവിട്ടു
ഗുരു തന്‍ പിന്‍ഗാമിയായി
ശ്രീഭൂവിലസ്ഥിരമെന്നോതി പുഷ്പത്തെ അധികതുംഗപദത്തിലെ
ശോഭിച്ചിരുന്നൊരു രാജ്ഞിയാക്കി
കാല്പനികതയിലെ പുതു വസന്തമേ
വിപ്ളവത്തിന്‍ ശുക്രനക്ഷത്രമേ
കവിത്രയങ്ങളില്‍ ആശയസമ്പുഷ്ടിതന്‍
യുഗസൃഷ്ടാവായി വിളങ്ങുന്നു നീ
നൂറിലും പൂക്കുന്ന പുഷ്പവാടിയായിന്നും
കാവ്യലോകത്ത് വിരാജിപ്പു നീ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.