കെഎസ്ആർടിസി ബസ് കുറ്റ്യാടി ചുരം കടന്ന് വയനാടൻ കാഴ്ചകളിലേക്ക് പ്രവേശിച്ചു. ആദിമ ജനതയുടെ ജീവതാളം തുടിച്ച മണ്ണ്… വിദേശശക്തികൾക്കെതിരെ മലയാള മണ്ണിൽ എതിർപ്പിന്റെ ആദ്യ സ്വരമുയർന്ന ഭൂമിക. നിരവിൽപുഴയെത്തിയപ്പോൾ കാറുമായി മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറേറ്റ് സീനിയർ ക്ലർക്ക് ബിജുകുമാറും മ്യൂസിയം ഡ്രൈവർ രജിത് കുമാറും കാത്തു നിന്നിരുന്നു. യാത്ര കുങ്കിച്ചിറയിലേക്കാണ്. അതിന് സമീപത്തായി പൂർത്തിയായ കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിലേക്കാണ്. റോഡിന് ഇരുവശത്തുമുള്ള കൃഷിയിടങ്ങൾ പിന്നിട്ട് വണ്ടി കുഞ്ഞോം എന്ന ഗ്രാമത്തിലേക്കുള്ള സഞ്ചാരം ആരംഭിച്ചു. ചെറിയൊരു അങ്ങാടിയാണ് കുഞ്ഞോം. ബസുകൾ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു. ഇവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞാണ് കുങ്കിച്ചിറയ്ക്ക് പോകേണ്ടത്. രണ്ട് കിലോമീറ്ററോളം നീളുന്ന ആ വഴി കുങ്കിച്ചിറയിൽ ചെന്നവസാനിച്ചു. വിശാലമായ പാടശേഖരത്തോടും നിബിഡ വനത്തിനോടും ചേർന്നുള്ള ജലാശയമാണ് കുങ്കിച്ചിറ. ജലാശയത്തിന് നടുവിൽ കുട ചൂടി നിൽക്കുന്ന ‘കുങ്കി‘യുടെ മനോഹരമായ ഒരു പ്രതിമ. ഇതിന് സമീപത്തായാണ് വയനാടിന്റെ പൈതൃകവും കേരളത്തിന്റെ ജൈവ‑സാംസ്ക്കാരിക പെരുമയും രേഖപ്പെടുത്തുന്ന കുങ്കിച്ചിറ മ്യൂസിയം.
രണ്ടേക്കറോളം വരുന്ന സ്ഥലത്ത് പരന്നു കിടക്കുന്നതാണ് കുങ്കിച്ചിറ. വേനലിലും മഴയിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന ജല സഞ്ചയം. ചിറയിൽ നിന്നുള്ള ചാലുകൾ പടിഞ്ഞാറുഭാഗത്തെ കാട്ടിലേക്ക് പോകുന്നു. അവയെല്ലാം കൂടിചേർന്ന് വലിയ പ്രവാഹമായി മയ്യഴിപ്പുഴയായി ഒഴുകുന്നുവെന്ന് മ്യൂസിയത്തിലെ താല്‍ക്കാലിക ജീവനക്കാരനായ ശിവൻ പറഞ്ഞു. കിഴക്കോട്ട് പുറപ്പെടുന്ന നീർച്ചാൽ അരുവികളായി കബനിയിൽ ചേരുന്നു. പഴശിരാജയുടെ വീരപോരാട്ടങ്ങളുടെ സ്മരണകളും ഇവിടെ ചിറകടിക്കുന്നുണ്ട്. ഈ പ്രാധാന്യങ്ങൾ തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർ ചിറയുടെ തീരത്തായി മ്യൂസിയം ഉൾപ്പെടെ ഒരുക്കിയത്. വർഷങ്ങൾക്ക് മുമ്പാണ് വയനാട് പൈതൃക മ്യൂസിയത്തിന്റെ പദ്ധതി തയ്യാറാക്കിയത്. കുളവും അതിനോട് ചേർന്ന് 13.44 ഏക്കർ സ്ഥലവും റവന്യു വകുപ്പ് ഏറ്റെടുത്ത് കൈമാറി. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു. എന്നാൽ പലവിധ സാങ്കേതിക കാരണങ്ങളാൽ പൂർത്തീകരണം വൈകി. ഒടുവിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ മുൻകൈയെടുത്താണ് കുങ്കിച്ചിറ പൈതൃകമ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതെന്ന് മ്യൂസിയം മൃഗശാലാവകുപ്പ് ഡയരക്ടർ അബു എസ് പറഞ്ഞു.
മലബാറിലെ ഏറ്റവും വലിയ ജൈവ‑സാംസ്കാരിക പൈതൃക മ്യൂസിയമാണ് കേരള മ്യൂസിയം മൃഗശാലാവകുപ്പ് പൂർത്തീകരിച്ച കുങ്കിച്ചിറ മ്യൂസിയം. ‘വയനാടിന്റെ പൈതൃകം: കേരളത്തിന്റെ ജൈവസംസ്കൃതിയുടെ പെരുമ’ എന്നതാണ് മ്യൂസിയത്തിന്റെ ടാഗ് ലൈൻ. പൈതൃക മ്യൂസിയം എന്ന ഗണത്തിലൊതുങ്ങാതെ ഒരു നാടിന്റെയും ജനതയുടെയും ജൈവവൈവിധ്യങ്ങളും ജീവിത രീതികളുമെല്ലാം മ്യൂസിയത്തിൽ സമ്മേളിക്കുന്നു. പതിനായിരം സ്ക്വയർ ഫീറ്റിലുള്ള കെട്ടിടത്തിൽ നാലര കോടി രൂപ ചെലവിലാണ് ഇവിടെ പ്രദർശനമ്യൂസിയം ആസൂത്രണം ചെയ്തത്. ബംഗളൂരുവിൽ നിന്നുള്ള യോഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ജനതയുടെ സംസ്കൃതിയിലൂടെയുള്ള യാത്ര തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ ഒരുക്കിയ മ്യൂസിയത്തിൽ മനോഹരമായി സന്നിവേശിപ്പിച്ചിട്ടുള്ളത്.
സാംസ്ക്കാരിക വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് വയനാട്. ഇന്ത്യയുടെ സസ്യവൈവിധ്യത്തിന്റെ പത്ത് ശതമാനവും കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെ മുപ്പത് ശതമാനവും വയനാട്ടിലാണ്. പ്രകൃതിയുടെ താളം, ഗോത്ര പൈതൃകം, പൈതൃകം ഇവിടെ സമാരംഭിക്കുന്നു എന്നിങ്ങനെ മൂന്ന് തീമുകൾ അടിസ്ഥാനമാക്കി 15 പവലിയനുകളിലായി വയനാടൻ ജീവിതം അടയാളപ്പെടുത്തുകയാണ് മ്യൂസിയം. ജൈവവൈവിധ്യം, സാംസ്ക്കാരിക പൈതൃകം, ചരിത്രം, ഗോത്രപൈതൃകം, വിശ്വാസങ്ങൾ, ഉത്സവങ്ങൾ, ഗോത്രഭാഷ, ഗോത്രവൈദ്യം, ഗോത്ര സാമൂഹിക ഘടന, കാർഷിക സംസ്ക്കാരം, കലകൾ, ഭക്ഷണ രീതികൾ തുടങ്ങി ജില്ലയുടെ പെരുമയെ സൂക്ഷ്മമായും ശാസ്ത്രീയമായും രേഖപ്പെടുത്തിയിരിക്കുന്നു. വിവിധ ഗോത്ര ജനതയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതചര്യകളും ആചാരാനുഷ്ഠാനങ്ങളും മ്യൂസിയം കാഴ്ചക്കാരെ പരിചയപ്പെടുത്തുന്നു. ചെറുവയൽ രാമൻ സംരക്ഷിച്ച മുപ്പതോളം ഇനം നെൽവിത്തുകളെയും ഇവിടെ പരിചയപ്പെടാം.
വയനാടൻ ഗോത്ര ജീവിത ചാരുതകളെ അടയാളപ്പെടുത്തുന്ന രണ്ട് ഗോത്രവീടുകളും മ്യൂസിയത്തിലുണ്ട്. വലിയൊരു ടെറാകോട്ട ശിൽപവും മ്യൂസിയത്തിന്റെ പ്രത്യേകതയാണ്. പരമ്പരാഗത രീതികൾക്കൊപ്പം നവസാങ്കേതികവിദ്യ കൂടി സംയോജിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലാണ് മ്യൂസിയം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇന്ററാക്ടീവ് പാനലുകളും ഓഡിയോ സെഗ്മെന്റുകളും ആക്ടിവിറ്റി സോണുകളും മ്യൂസിയത്തിലുണ്ടെന്ന് ഡയറക്ടർ അബു എസ് വ്യക്തമാക്കി. ഗോത്രകലാകാരൻമാരുടെ കൂടി സഹകരണത്തോടെയാണ് മ്യൂസിയത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്.
മ്യൂസിയം സജ്ജീകരണത്തിനായുള്ള അന്വേഷണത്തിനിടെ ശാസ്ത്രലോകത്തിന് അന്യമായിരുന്ന ഒരു പുതിയ സസ്യത്തെ കണ്ടെത്തിയ കാര്യവും ഡയറക്ടർ വിശദീകരിച്ചു. നദീതീരങ്ങളിൽ തണലിൽ വളരുന്ന ഈ ചെടി ‘ലെജിനേന്ദ്ര കുങ്കിച്ചിറി മ്യൂസ്യമെൻസിസ്’ എന്ന ശാസ്ത്ര നാമത്തിലാകും ഇനി അറിയപ്പെടുക. മ്യൂസിയം സജ്ജീകരണ ഗവേഷണവുായി ബന്ധപ്പെട്ട് ഒരു പുതിയ ഇനം ചെടി കണ്ടെത്തുന്നത് ലോകത്തു തന്നെ ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി മ്യൂസിയത്തിന് സമീപത്തായി ചിറയോടനുബന്ധിച്ച് കുട്ടികൾക്കായുള്ള പാർക്കും പൂന്തോട്ടവും നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന് കുങ്കിച്ചിറ മ്യൂസിയം സൂപ്രണ്ടും ചാർജ്ജ് ഓഫീസറുമായ പ്രിയരാജൻ പി എസ് പറഞ്ഞു. മ്യൂസിയം സന്ദർശിക്കാനായി ധാരാളം ആളുകളെത്തുന്നത് തൊണ്ടർനാട് പ്രദേശത്തിനും ഉണർവ് നൽകുമെന്ന വിശ്വാസമാണ് മ്യൂസിയം ചാർജ്ജ് അസിസ്റ്റന്റ് ഗിരീഷ് ബാബു കെ കെ പങ്കുവെച്ചത്.
മ്യൂസിയത്തിനടുത്ത് നിൽക്കുമ്പോൾ വീര പഴശ്ശിയുടെ ഓർമ്മകൾ നമ്മളിൽ ചിറകടിക്കും. പഴശി രാജാവ് ഇംഗ്ലീഷ് സൈന്യത്തിനെതിരെ പടനീക്കങ്ങൾ നടത്തിയ സ്ഥലങ്ങൾ കുങ്കിച്ചിറയുടെ പരിസരത്താണ്. കുങ്കിച്ചിറയുടെ രണ്ട് മലകൾക്ക് അപ്പുറത്തായി പഴശിയെ ഇംഗ്ലീഷ് സൈന്യത്തിന് ഒറ്റുകൊടുത്ത ‘ഒറ്റുപാറ’ ഇന്നും കാടുമൂടി നിൽപ്പുണ്ട്. മ്യൂസിയം കാഴ്ചകൾ കണ്ടു കഴിഞ്ഞപ്പോൾ കുങ്കിച്ചിറയോട് ചേർന്നുള്ള വനത്തിലേക്ക് നടന്നു. നിബിഡവനത്തിന്റെ വന്യമായ സൗന്ദര്യം. കാടിന്റെ നിശബ്ദതയിലൂടെ നടന്നെത്തിയത് വലിയൊരു പുൽമൈതാനത്തിലേക്കാണ്. ഇടതൂർന്ന വനത്തിന് നടുവിൽ ഇത്രയും വലിയൊരു മൈതാനം പ്രതീക്ഷിച്ചിരുന്നില്ല. ചപ്പയിൽ ഗ്രൗണ്ട് എന്നാണ് സ്ഥലത്തിന്റെ വിളിപ്പേര്. ഗ്രൗണ്ടിൽ കന്നുകാലികൾ മേഞ്ഞു നടക്കുന്നു. കുറച്ച് കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണിത്. ചില രാത്രികളിൽ ആയുധധാരികളായ മാവോയിസ്റ്റുകൾ സമീപത്തെ വീടുകളിലെത്താറുണ്ടെന്ന് പ്രദേശവാസിയായ രാഘവേട്ടൻ പറഞ്ഞു.
കുറച്ചു നടന്നപ്പോൾ കാടിന് നടുവിൽ നിരനിരയായി അടുക്കിവെച്ചിരിക്കുന്ന ചെങ്കൽ കെട്ടുകൾ. പഴശിരാജാവിന്റെ കോട്ടയുടെ അവശിഷ്ടമാണത്രെ അത്. ഇവിടെ ഒരു അമ്പലമുണ്ടായിരുന്നതിന്റെ സൂചനകളും കാണാനുണ്ട്. വന്യമൃഗങ്ങൾ ധാരാളമുള്ള ആ കാട്ടിലൂടെ കുറേ നടന്ന് കുങ്കിച്ചിറയ്ക്ക് സമീപം തിരിച്ചെത്തി. മ്യൂസിയത്തോട് ചേർന്ന് കുറിച്യരുടെ ഒരു കാവ് അതുപോലെ സംരക്ഷിച്ചിട്ടുണ്ട്. പഴശിരാജയെ സഹായിച്ച തലക്കൽ ചന്തു എന്ന ധീരപോരാളിയുടെ നാടു കൂടിയാണ് കുഞ്ഞോമെന്ന് പ്രദേശവാസിയായ കേളു കെ വി പറഞ്ഞു. കുങ്കിച്ചിറയും പരിസരവും പണ്ട് ഒരു കച്ചവട കേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു. കുഞ്ഞോം കാട്ടിലൂടെ കണ്ണൂരിലേക്കും കോഴിക്കോട് ജില്ലയിലേക്കും എളപ്പവഴികളുണ്ട്. എന്നാൽ വന്യമൃഗങ്ങൾ നിറഞ്ഞ കാനനപാതയിലൂടെ ഇപ്പോൾ ആളുകൾ സഞ്ചരിക്കാറില്ലെന്നും കേളു വ്യക്തമാക്കി. മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ ഇതിന്റെ മ്യൂസിയ നിർമ്മാണത്തിനൊപ്പം നിലകൊണ്ട വ്യക്തികൂടിയാണ് സമീപവാസിയായ കേളു കെ വി.
കുങ്കിയെപ്പറ്റിയും നിരവധി ഐതിഹ്യങ്ങളുണ്ട്. പഴശിയുടെ സൈന്യത്തലവൻ എടച്ചേന കുങ്കന്റെ സഹോദരിയായ കൊടുമല കുങ്കി വയനാട്ടിലേക്കുള്ള യാത്രാമധ്യേ വിശ്രമിച്ചെന്ന് കരുതുന്ന സ്ഥലമാണ് ഇവിടമെന്നാണ് ഒരു കഥ. പ്രദേശത്തെ നാടുവാഴിയുടെ മകളായ കൊടുമല കുങ്കിയാണ് ഈ കുളം നിർമ്മിച്ചതെന്നാണ് മറ്റൊരു കഥ. ഇതിന്റെ തീരത്തായി ഒരു കോട്ടയും കുങ്കി പണികഴിപ്പിച്ചിരുന്നതായി പറയപ്പെടുന്നുണ്ടെന്ന് മ്യൂസിയം ജീവനക്കാരനായ വിനോദ് പറഞ്ഞു. താഴെ നാട്ടിൽ നിന്ന് കൊടുമലയ്ക്ക് യാത്രപോകുന്ന കുങ്കിയുടെ വിശ്രമ സ്ഥലമായിരുന്നു ഇവിടമെന്നും നീരാട്ടിനായി ഏഴു ദിവസം കൊണ്ട് ഒരു കുളം ഇവിടെ നിർമ്മിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ചരിത്രവും ഐതിഹ്യങ്ങളും ഇഴചേർന്നു നിൽക്കുന്ന പ്രദേശത്ത് ഇരുട്ട് വീണു തുടങ്ങി. മഞ്ഞു പെയ്യുന്നു. കോടമഞ്ഞിൻ പുതപ്പിൽ കൂടുതൽ സുന്ദരമാകുന്നു കുങ്കിച്ചിറയും മ്യൂസിയവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.