21 December 2024, Saturday
KSFE Galaxy Chits Banner 2

ഗദ്ദറിനു( 1997 മേയ്‌)

ഗദ്ദർ, സഖാവേ, മുഴങ്ങുന്നു മണ്ണിന്റെ
രക്തത്തിൽ നീ പെയ്ത കാവ്യപ്പെരുമ്പറ
കുരീപ്പുഴ ശ്രീകുമാർ
August 6, 2023 10:45 pm

തെന്നാലിയിൽ നിന്ന് തെക്കോട്ടടിക്കുന്നു
തെമ്മാടിപ്പാട്ടിൽ കൊടുങ്കാറ്റ്‌
ശ്രീകാകുളത്തും ഖമ്മത്തും ഗുണ്ടൂരും
തീപിടിപ്പിച്ച ചെറുത്തുനിൽപ്പ്‌
ചാർമ്മിനാർ തൊട്ടു കൊടുങ്കാറ്റ്‌
ശ്രീശ്രീക്കവിത കുടിക്കുന്നു
നൊന്തുമരിച്ച തെലുങ്കന്റെ
സംഗീതമേറ്റ കൊടുങ്കാറ്റ്‌
കെട്ടഴിച്ചാരു തൊടുത്തുവിട്ടു?
ഗദ്ദർ, മനുഷ്യന്റെ പാട്ടുകാരൻ.

ഗദ്ദർ, സുഹൃത്തേ, യിരമ്പുന്നു മണ്ണിന്റെ
രക്തത്തിൽ നീ പെയ്ത കാവ്യപ്പെരുമഴ

ദൂരെയിക്കായലിറമ്പത്ത്‌ ഞാൻ ദുഖ-
ജീവിതച്ചൂടി പിരിക്കുമ്പോൾ
റായലസീമയിൽ ഗദ്ദറിന്റെ
തീയൊടുങ്ങാത്ത വയൽപ്പാട്ട്‌.

ഞാൻ പിറക്കുംമുൻപ്‌ കേരളത്തിൽ
ഞാറിനൊപ്പം തൊടുത്തുപാട്ട്‌
നാട്ടിലെ പാടങ്ങൾ വീടുകളായ്‌
പാട്ടിലെ പുലി പോയി പുല്ലു തിന്നു
ഏറ്റുമുട്ടിത്തോറ്റ രക്തസാക്ഷി
ചോദ്യമായെന്നിൽ തിളയ്ക്കുമ്പോൾ
വെടിയേറ്റ നെഞ്ചിലെ സ്വപ്നവേരിൽ
പിടിമുറുക്കുന്നു ചുവന്ന ഗദ്ദർ.

ഗദ്ദർ, സഖാവേ, മുഴങ്ങുന്നു മണ്ണിന്റെ
രക്തത്തിൽ നീ പെയ്ത കാവ്യപ്പെരുമ്പറ

 

Eng­lish Sam­mury: Poet kureep­puzha’s poem gaddarinu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.