
ഏറെക്കാലമായി വിവാദത്തിലുള്ള, കുറ്റ്യാർവാലിയിലെ തോട്ടം തൊഴിലാളികളുടെ പട്ടയ പ്രശ്നങ്ങളും നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി നിർണയവും വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടിയുമായി റവന്യൂ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ, ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥന്മാരുമായി മന്ത്രി ചർച്ച നടത്തി. കുറ്റ്യാർവാലിയിലെ സർവ്വേ നടപടികൾ പൂർത്തിയായി വരികയാണ്. നടപടികൾ വേഗത്തിലാക്കാൻ ആറ് ആർഐമാരെ കൂടി ജില്ലാ കളക്ടർ നിയമിക്കും. കുറ്റ്യാർ വാലിയിൽ 10 സെന്റ് സ്ഥലം നൽകിയിരിക്കുന്ന 770 പേർക്ക് പ്ലോട്ട് തിരിച്ച് ഭൂമി കണ്ടെത്തി സർവ്വേ പൂർത്തീകരിച്ചു. അഞ്ച് സെന്റ് നൽകിയിരിക്കുന്ന 2229പേരിൽ 1849 പേരുടെ അഞ്ചു പ്ലോട്ട് തിരിച്ച് സർവ്വേ പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവയും അതിവേഗം പൂർത്തീകരിക്കുവാനും നിർദ്ദേശം നൽകി. 842 പുതിയ പട്ടയങ്ങളും വിതരണം ചെയ്യാൻ കഴിയുന്ന തരത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. 500 പേർക്ക് മുമ്പ് രേഖകൾ നൽകിയിരുന്നു. ഇതിൽ 350 പേർക്ക് മാത്രമേ വാസയോഗ്യമായ ഭൂമി നൽകാൻ സാധിച്ചുള്ളൂ. ബാക്കിയുള്ളവർക്കും വാസയോഗ്യമായ ഭൂമി നൽകുന്നതിന് നടപടികൾ സ്വീകരിച്ചു. പട്ടയം നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥന്മാർക്ക് ഒരു മാസക്കാലത്തേക്ക് വാഹനമടക്കം നൽകിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തിൽ കുറ്റ്യാർവാലിയിലെ പട്ടയം നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും മന്ത്രി പറഞ്ഞു.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തിനിർണ്ണയവുമായി ബന്ധപ്പെട്ട് കൊട്ടാക്കമ്പൂരിലും വട്ടവടയിലും സർവ്വേ നടപടികൾ അടുത്തയാഴ്ച ആരംഭിക്കും. നടപടികൾ പൂർത്തീകരിക്കാൻ ഇടുക്കിയിലെ സ്പെഷ്യൽ എൽഎ ടീമിനെ ഉപയോഗിക്കാനും ഉത്തരവ് കളക്ടർ പുറത്തിറക്കും. ഡിജിറ്റൽ സർവേ ടീമിന് പ്രത്യേക ക്യാമ്പ് ഓഫീസും വാഹനവും നൽകും. സെറ്റിൽമെന്റ് നടപടികൾ നവംബർ മാസത്തോടുകൂടി പൂർത്തീകരിക്കുവാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കെ രാജൻ പറഞ്ഞു. ഇതോടൊപ്പം മൂന്നാർ കുണ്ടള സാൻഡോസ് കോളനിയിലെ 240 പട്ടയം നടപടികൾ പൂർത്തീകരിച്ച് വരികയാണ്. വാഗുവര എസ് സി കോളനിയിലെ പട്ടയം പരിശോധിക്കുവാൻ തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കച്ചേരി സെറ്റിൽമെന്റ് അന്തോണിയർ കോളനി എന്നിവിടങ്ങളിൽ ഭൂമി കാണിച്ചു നൽകിയിട്ടില്ല. ഇതു പരിഹരിക്കുവാനും തഹസിൽദാരെ ചുമതലപ്പെടുത്തി. എല്ലാ നടപടികളും കൃത്യതയോടെ നിരീക്ഷിക്കുന്നതിന് സബ് കളക്ടർക്കും മന്ത്രി നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.