മുസ്ലിം വേട്ട വഖഫ് ഭേദഗതി ബില്ലോടെ നിയമവിധേയമാക്കിയ മോഡി സര്‍ക്കാര്‍ ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെയുള്ള വേട്ടയും ശക്തമാക്കി. ഓശാന ഞായര്‍ ദിനത്തിലെ കുരുത്തോല പ്രദക്ഷിണത്തിന് അമിത് ഷായുടെ കീഴിലുള്ള ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. ഡല്‍ഹി ലത്തീന്‍ അതിരൂപത എല്ലാവര്‍ഷവും നടത്തിയിരുന്ന പ്രദക്ഷിണത്തിനാണ് സുരക്ഷാ കാരണങ്ങള്‍ നിരത്തി പൊലീസ് അനുമതി നിഷേധിച്ചത്. ഓശാന ഞായര്‍ ദിനം ഡല്‍ഹിയിലെ തിരുഹൃദയ കത്തീഡ്രല്‍ പള്ളിയിലേക്ക് സെന്റ് മേരീസ് പള്ളിയില്‍ നിന്ന് നടത്തിയിരുന്ന കുരുത്തോല പ്രദക്ഷിണമാണ് തടഞ്ഞത്. പൊലീസ് നടപടി ഞെട്ടിക്കുന്നതും നീതിരഹിതവുമാണെന്ന് ദി കാത്തലിക് അസോസിയേഷന്‍ ഓഫ് ദി ആര്‍ച്ച് ഡയോസസ് ഓഫ് ഡല്‍ഹി (സിഎഎഡി) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രധാനമന്ത്രി ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ദേവാലയമാണ് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇവിടെ കുരുത്തോല പ്രദക്ഷിണം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്നവും ഗതാഗതം സ്തംഭനവും ഉണ്ടാകുമെന്നാണ് പൊലീസിന്റെ ന്യായം. അനുമതി നിഷേധിച്ചുകൊണ്ടുള്ള മറുപടി വളരെ വൈകിയാണ് ലഭിച്ചതെന്നും സിഎഎഡി ഭാരവാഹികള്‍ പറഞ്ഞു.
ഓൾഡ് ഡൽഹിയിലുള്ള സെന്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രട്ട്സ് ഹാർട്ട് ചർച്ചിലേക്ക് ഏകദേശം ആറ് കിലോമീറ്ററാണ് ദൂരം. അനുമതി നിഷേധിച്ചതോടെ പ്രദക്ഷിണം ചര്‍ച്ച് വളപ്പില്‍ മാത്രമായി നടത്തി. മറ്റ് മതസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇല്ലാത്ത നിരോധനമാണ് ക്രിസ്ത്യന്‍ സഭയ്ക്ക് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിഎഎഡി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. നിയമം പാലിക്കുകയും സമാധാന ജീവിതം നയിക്കുകയും ചെയ്യുന്ന രാജ്യത്തെ മുഴുവന്‍ ക്രൈസ്തവരെയും ആശങ്കയിലാഴ്ത്തുന്ന തീരുമാനമാണിതെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാജ്യത്തെ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമാണോ എന്ന സന്ദേഹത്തിലാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രേഖാ ഗുപ്ത രാമനവമി ആഘോഷത്തിന്റെ ഭാഗമായി ഖയാല ഏരിയായില്‍ നടന്ന ശോഭായാത്രയില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹിയിലെ എല്ലാ ചുവരുകള്‍ക്കും കാവി പെയിന്റ് അടിക്കുന്നത് വഴി സംസ്ഥാനം പുരോഗതിയിലേക്ക് നീങ്ങുന്നതായി ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും അവര്‍ ശോഭാ യാത്രയില്‍ പ്രസംഗിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.