
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികൾക്കുമുള്ള ഗ്രൗണ്ട് സർവീസ് ചുമതലകൾ ഇനി മുതൽ കുവൈറ്റ് എയർവേയ്‌സ് മാത്രമായിരിക്കും നിർവ്വഹിക്കുക. ശനിയാഴ്ച സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലാണ് (DGCA) ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
ദേശീയ വിമാനക്കമ്പനിയെ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് സിവിൽ ഏവിയേഷൻ പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ‑ജാബർ അൽ-സബാഹ് പ്രസ്താവനയിൽ അറിയിച്ചു.
പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും വ്യോമയാന മേഖലയിൽ സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിൽ പരിശീലനവും അവസരങ്ങളും നൽകാനും ഈ നീക്കം സഹായിക്കും.
അടുത്ത 20 വർഷത്തേക്കുള്ള മുഖ്യ വികസന കാഴ്ചപ്പാടുകളിൽ , പ്രധാനമായും അടിസ്ഥാന സൗകര്യ വികസനം,സ്വദേശി നൈപുണ്യ വികസനം,സാമ്പത്തിക വളർച്ച,ആഗോള വൈദഗ്ധ്യം എന്നിങ്ങനെ നാല് കാര്യങ്ങളിലൂന്നിയാണെന്ന് ഷെയ്ഖ് ഹമൂദ് വിശദീകരിച്ചു.
കഴിഞ്ഞ 22 വർഷമായി വിമാനത്താവളത്തിൽ ഗ്രൗണ്ട് സർവീസുകൾ നൽകി വന്ന ‘നാഷണൽ ഏവിയേഷൻ സർവീസസിന്’ (NAS) ഷെയ്ഖ് ഹമൂദ് നന്ദി അറിയിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ‑ജാബർ അൽ-സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹ് എന്നിവരടങ്ങുന്ന നേതൃത്വത്തിന്റെ പിന്തുണയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അൽ-സബാഹ്, ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി, കസ്റ്റംസ് വകുപ്പ് എന്നിവർ ഈ പദ്ധതി വിജയിപ്പിക്കാൻ നൽകിയ സഹകരണം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.