17 February 2026, Tuesday

തൊഴില്‍ കോഡ്: കരട് നിയമങ്ങള്‍ പുറത്തിറക്കി

അഭിപ്രായങ്ങൾ അറിയിക്കാൻ 45 ദിവസം 
Janayugom Webdesk
ന്യൂഡൽഹി
December 31, 2025 9:51 pm

നൂറ്റാണ്ടുകള്‍ നീണ്ട തൊഴിലാളികളുടെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കിക്കൊണ്ടുള്ള നാല് പുതിയ തൊഴിൽ കോഡുകളുടെ കരട് നിയമങ്ങൾ കേന്ദ്ര തൊഴിൽ മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2025 നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്ന തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കരട് നിയമങ്ങളിൽ പൊതുജനങ്ങൾക്കും ബന്ധപ്പെട്ട സംഘടനകൾക്കും 45 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.
വേതന കോഡ്, തൊഴിൽ സുരക്ഷാ കോഡ്, വ്യാവസായിക ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ് എന്നിവയാണ് നിലവിലുള്ള നിയമങ്ങള്‍ക്ക് പകരമായി നടപ്പിലാക്കുന്നത്. ഇതിനെതിരെ എഐടിയുസി അടക്കം കേന്ദ്ര തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭം നടത്തിവരികയാണ്. പൊതുജനങ്ങളിൽ നിന്നും വിപണിയിൽ നിന്നുമുള്ള പ്രതികരണങ്ങൾ കൂടി പരിഗണിച്ച ശേഷം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ നിയമങ്ങൾ അന്തിമമാക്കുമെന്ന് തൊഴിൽ സെക്രട്ടറി വന്ദന ഗുർനാനി അറിയിച്ചു. അതുവരെ പഴയ നിയമങ്ങൾ പ്രാബല്യത്തിൽ തുടരും.
തൊഴില്‍ സുരക്ഷയും തൊഴിലാളികളുടെ അവകാശങ്ങളും കവര്‍ന്നെടുക്കുന്നതാണ് തൊഴില്‍ കോഡുകളെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ‘ഫിക്സഡ് ടേം എംപ്ലോയ്മെന്റ്’ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്ഥിരം നിയമനങ്ങൾ കുറയുകയും കരാർ ജോലികൾ വർധിക്കുകയും ചെയ്യും. ഇത് തൊഴിൽ സുരക്ഷ ഇല്ലാതാക്കും.
മുമ്പ് 100 തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ലേ-ഓഫ് ചെയ്യാനോ സ്ഥാപനം പൂട്ടാനോ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടിയിരുന്നു. പുതിയ നിയമത്തിൽ ഈ പരിധി 300 തൊഴിലാളികൾ വരെയാക്കി ഉയർത്തി. ഇത് കമ്പനികൾക്ക് എപ്പോൾ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാനുള്ള സ്വാതന്ത്ര്യം നൽകുന്നു.
പ്രതിദിന ജോലി സമയം എട്ട് മണിക്കൂറിൽ നിന്ന് 12 മണിക്കൂർ വരെയാക്കാൻ പുതിയ കോഡ് തൊഴിലുടമകൾക്ക് അനുവാദം നൽകുന്നുണ്ട്. സമരം ചെയ്യുന്നതിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ എല്ലാ വ്യവസായങ്ങൾക്കും ബാധകമാക്കി. ഇത് തൊഴിലാളികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുമെന്നും ട്രേഡ് യൂണിയനുകളുടെ ശക്തി കുറയ്ക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സ്വിഗ്ഗി, സൊമാറ്റോ, ഊബർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അവ എങ്ങനെ നടപ്പിലാക്കുമെന്നോ അവർക്ക് ‘തൊഴിലാളി’ എന്ന പദവി ലഭിക്കുമോ എന്ന കാര്യത്തിലോ വ്യക്തതയില്ലെന്നും തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.