ബ്രിട്ടനില്‍ വന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍. ആകെയുള്ള 650 സീറ്റുകളില്‍ 412 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയം നേടി. കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും 326 സീറ്റുകളായിരുന്നു വേണ്ടത്. കെയ്ര്‍ സ്റ്റാര്‍മര്‍ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ റിഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 121 സീറ്റുകളില്‍ ഒതുങ്ങി.
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്. കണ്‍സര്‍വേറ്റീവ് പാർട്ടിയുടെ ആധുനിക കാലത്തെ ഏറ്റവും മോശം തെരഞ്ഞെടുപ്പ് പ്രകടനം കൂടിയാണിത്. കണ്‍സര്‍വേറ്റീവ് സിറ്റിങ് സീറ്റുകളില്‍ പോലും ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റമുണ്ടാക്കാനായി. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 214 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. 251 സീറ്റുകള്‍ ടോറികള്‍ക്ക് നഷ്ടപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ്, പെന്നി മോർഡൗണ്ട്, ജേക്കബ് റീസ്-മോഗ്, ഗ്രാന്റ് ഷാപ്‌സ് തുടങ്ങിയ മുതിർന്ന ടോറി നേതാക്കളെല്ലാം തോറ്റു. ലിബറൽ ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റവും മികച്ച പ്രകടനത്തില്‍ 71 സീറ്റുകളോടെ മൂന്നാം സ്ഥാനത്തെത്തി. തീവ്ര വലതുപക്ഷക്കാരായ റിഫോം പാര്‍ട്ടിയുടെ നൈജൽ ഫാരേജും റിച്ചാർഡ് ടൈസും ആദ്യമായി എംപിമാരായി.
ബ്രിട്ടന്റെ 58-ാമത് പ്രധാനമന്ത്രിയാണ് 61 കാരനായ സ്റ്റാർമർ. 2010ൽ ഗോർഡൻ ബ്രൗണിന് ശേഷം ആദ്യമായാണ് ലേബർ പാർട്ടി നേതാവ് ഈ സ്ഥാനത്തേക്കെത്തുന്നത്. ലണ്ടനിലെ ഹോൾബോൺ‑സെന്റ് പാൻക്രാസില്‍ നിന്ന് 18,884 വോട്ടുകൾക്കായിരുന്നു സ്റ്റാര്‍മര്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മാറ്റം ഇപ്പോൾ ആരംഭിക്കുന്നതായി കെയ്ര്‍ സ്റ്റാമര്‍ പറഞ്ഞു. യുകെ വീണ്ടും പ്രതീക്ഷയുടെ സൂര്യപ്രകാശം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടായതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം ജെറമി കോര്‍ബിനില്‍ നിന്ന് സ്റ്റാര്‍മര്‍ ഏറ്റെടുത്തത്. ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോര്‍ബിന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തോല്‍വിക്ക് പിന്നാലെ റിഷി സുനക് ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജി സമര്‍പ്പിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്റ്റാര്‍മറെ ക്ഷണിക്കുകയായിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും മാപ്പ് ചോദിക്കുന്നതായും റിഷി സുനക് പറഞ്ഞു. വടക്കൻ ഇംഗ്ലണ്ടിലെ റിച്ച്മണ്ട്-നോർത്തല്ലെർട്ടൺ സീറ്റ് 23,059 വോട്ടുകൾക്ക് റിഷി സുനകിന് നിലനിര്‍ത്താനായി. അതേസമയം പാര്‍ട്ടി നേതൃസ്ഥാനവും രാജിവച്ചേക്കുമെന്ന സൂചന അദ്ദേഹം നല്‍കി.
സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. കനത്ത ഭരണവിരുദ്ധ വികാരം രാജ്യത്ത് നിലനില്‍ക്കുന്നതായി അഭിപ്രായ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ ശരിവയ്ക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം മാറി.
———————
സീറ്റ് നില
ആകെ(650) ഭൂരിപക്ഷം (326)
————————
ലേബര്‍-412
കണ്‍സര്‍വേറ്റീവ്-121
ലിബറല്‍ ഡെമോക്രാറ്റിക് 71
റിംഫോസ് പാര്‍ട്ടി — 4
ഗ്രീന്‍സ് ‑4
എസ്എൻപി ‑9
മറ്റുള്ളവ-27
ലീഡിങ്-2
————–
English Summary: Labor in power: Keir Starmer is the new British Prime Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.