17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 12, 2025
April 12, 2025
April 2, 2025
March 30, 2025
March 25, 2025
March 19, 2025
March 17, 2025
February 15, 2025
February 15, 2025

തൊഴില്‍ നിയമ പരിഷ്കരണം; തൊഴിലാളികള്‍ ദേശവ്യാപക പ്രക്ഷോഭത്തിലേക്ക്

പിന്തുണയുമായി കര്‍ഷക സംഘടനകള്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
March 17, 2025 10:15 pm

തൊഴിലാളി വിരുദ്ധ കിരാത വ്യവസ്ഥകളടങ്ങിയ പുതിയ തൊഴില്‍ നിയമ പരിഷ്കകരണത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ തയ്യാറെടുക്കുന്നു. ഇന്ന് നടക്കുന്ന 10 കേന്ദ്ര തൊഴിലാളി സംഘടനകളുടെ സംയുക്തയോഗം വിഷയത്തില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കും. തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക സംഘടനകളും രംഗത്ത് വന്നു. തൊഴിലാളി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി ഫ്രീസറില്‍വച്ച വിവാദ നിര്‍ദേശങ്ങളടങ്ങിയ പുതിയ ലേബര്‍ കോഡ് നടപ്പില്‍ വരുത്താന്‍ തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആറുമാസത്തിനകം സംസ്ഥാന സര്‍ക്കാരുകളുമായി നിരവധി തവണ ആശയവിനിമയം നടത്തി. വേതനം, വ്യാവസായിക ബന്ധ, സാമൂഹിക സുരക്ഷ, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യ നിയമം എന്നിവയാണ് പരിഷ്കരിക്കുക. ഇതിന്റെ ചട്ടങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്നത് വേഗത്തിലാക്കാനാണ് തൊഴില്‍ മന്ത്രി കൂടിക്കാഴ്ചകള്‍ നടത്തിയത്.

തൊഴില്‍ വിഷയം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി വേണം നിയമവും ചട്ടവും രൂപീകരിക്കാന്‍. വിഷയത്തില്‍ കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ അഭിപ്രായം തേടി കരട് പ്രസിദ്ധീകരിച്ചുവെങ്കിലും ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല. നിലവിലുള്ള 20 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായി വരുന്ന പുതിയ നാല് നിയമങ്ങള്‍ തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് എഐടിയുസി അടക്കമുള്ള കേന്ദ്ര തൊഴിലാളി സംഘടനകളുടെ നിലപാട്. ജീവനക്കാരെയും തൊഴിലുടമകളെയും സര്‍ക്കാരിനെയും പ്രതിനിധീകരിക്കുന്ന ത്രികക്ഷി സംവിധാനമായ ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസില്‍ (ഐഎല്‍സി) സുപ്രധാന നിയമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.

2015 മുതല്‍ മോഡി സര്‍ക്കാര്‍ ഐഎല്‍സി വിളിച്ചുകൂട്ടിയിട്ടില്ല. വ്യാവസായിക ബന്ധ നിയമമനുസരിച്ച് 300 പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാന്‍ സാധിക്കും. നിലവില്‍ 100 തൊഴിലാളികള്‍ വരെ പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമേ അത്തരം അനുമതി ലഭ്യമായിരുന്നുള്ളു. തൊഴില്‍ നിയമ പരിധിയില്‍ നിന്ന് കരാര്‍ തൊഴിലാളികളെ ഒഴിവാക്കല്‍, വന്‍കിട സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കല്‍ തുടങ്ങിയ വിവാദ നിര്‍ദേശങ്ങളും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമത്തിനെതിരെ മേയ് മാസം ദേശവ്യാപക പൊതുപണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. വേതന നിയമവും സാമൂഹിക സുരക്ഷാ നിയമവും ഉടനടി നടപ്പിലാക്കുകയാണ് സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. പുതിയ നിയമത്തെക്കുറിച്ചുള്ള ആശങ്ക തൊഴിലാളികള്‍ക്കിടയില്‍ അവതരിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.