
ലഡാക്ക് പ്രക്ഷോഭത്തിന്റെ നേതാവും സാമൂഹികപ്രവർത്തകനുമായ സോനം വാങ്ചുക് അറസ്റ്റിൽ. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെ തുടർന്നുണ്ടായ വെടിവയ്പിൽ 4 പേർ ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. സൈനികരടക്കം എൺപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വാങ്ചുക്കിനെ ലേ പൊലീസ് അറസ്റ്റ് ചെയ്തത്. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ദേശസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.
വാങ്ചുക്ക് ഉൾപ്പെടെ 15 പേർ സെപ്റ്റംബർ 10 മുതൽ 35 ദിവസം നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. നിരാഹാരമനുഷ്ഠിച്ച രണ്ടുപേരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ലേയിലെ ബുദ്ധമത വിശ്വാസികളുടെ സംഘടനയായ ലേ ഏപ്പെക്സ് ബോഡിയുടെ യുവജന സംഘടനയാണ് ലേയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇത് അക്രമാസക്തമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്ക്കുകയായിരുന്നു.പ്രതിഷേധത്തെ നേപ്പാളിലെ ജെൻ സീ കലാപത്തോടും ബംഗ്ലദേശിലെ ജനകീയ പ്രക്ഷോഭത്തോടും ഉപമിച്ച വാങ്ചുക്കിന്റെ പ്രസ്താവനകളാണ് കലാപം അക്രമാസക്തമായതിന് കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെ വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയായ ദ സ്റ്റുഡന്റ്സ് എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ ലൈസൻസും കേന്ദ്രം റദ്ദാക്കി. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി. നിലവിൽ ലഡാക്ക് കലാപം സിബിഐ അന്വേഷിക്കുകയാണ്. വാങ്ചുക്കിന്റെ പാക്കിസ്ഥാൻ യാത്രയും അന്വേഷണ പരിധിയിലുണ്ട്. ലഡാക്കിനു വേണ്ടിയുള്ള സമരവുമായി അറസ്റ്റ് ചെയ്യപ്പെടുന്നതിൽ സന്തോഷം മാത്രമേയുള്ളൂവെന്ന് വാങ്ചുക് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.