
ലഡാക്ക് പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ കാര്‍ഗില്‍ യുദ്ധവീരന്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. 1996 മുതല്‍ 2017 വരെ ലഡാക് സ്കൗട്ടില്‍ ഹവില്‍ദാറായി പ്രവര്‍ത്തിച്ച സെവാങ് താര്‍ച്ചാണ് ലേയിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടന്നു വരുന്ന പ്രതിഷേധത്തിനിടെയാണ് വിരമിച്ച സൈനികന്‍ സംഘര്‍ഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ താര്‍ച്ചിന്റെ നെഞ്ചിലുടെ വെടിയുണ്ട പായുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട നാല് പേരില്‍ ഒരാളായിരുന്നു സെവാങ് താര്‍ച്ചില്‍. സൈന്യത്തില്‍ നിന്ന് വിരമിച്ചശേഷം ലേയില്‍ വസ്ത്ര വ്യാപാരം നടത്തി വരുകയായിരുന്നു. എന്റെ മകൻ ഒരു ദേശസ്നേഹിയായിരുന്നു. അവൻ കാർഗിൽ യുദ്ധം ചെയ്തു, മൂന്ന് മാസം യുദ്ധമുന്നണിയിലായിരുന്നു. ഡാ ടോപ്പിലും ടോളോലിങിലും അവൻ പാകിസ്ഥാനികളോട് യുദ്ധം ചെയ്തു. പാകിസ്ഥാനികൾക്ക് അവനെ കൊല്ലാൻ കഴിഞ്ഞില്ല, പക്ഷേ നമ്മുടെ സ്വന്തം സൈന്യം അവന്റെ ജീവൻ അപഹരിച്ചു, പിതാവ് സ്റ്റാൻസിൻ നംഗ്യാൽ പറഞ്ഞു. താനും മകനും കാര്‍ഗില്‍ യുദ്ധത്തില്‍ തോളോട് തോള്‍ ചേര്‍ന്നാണ് പൊരുതിയത്. ഞാന്‍ 3 ഇന്‍ഫന്‍ട്രി ബറ്റാലിയനിലും താര്‍ച്ചില്‍ ലഡാക് സ്കൗട്ടിലും. സിയാച്ചിനില്‍ താര്‍ച്ചിന്‍ നാല് തവണ സേവനമനുഷ്ടിച്ചിട്ടുണ്ട്. എന്റെ സേവനങ്ങള്‍ക്ക് കരസേന മേധാവിയില്‍ നിന്ന് അഭിനന്ദന കാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2002 ല്‍ സുബേദാര്‍ മേജറായി വിരമിച്ച നംഗ്യാല്‍ കൂട്ടിച്ചേര്‍ത്തു. സൈന്യത്തില്‍ ചേരുക എന്നത് ഞങ്ങളുടെ രക്തത്തില്‍ അലിഞ്ഞ് പോയതാണ്. താര്‍ച്ചിന്റെ കുട്ടികള്‍ ആര്‍മി സ്കൂളിലാണ് പഠിക്കുന്നത്. അവരെ സൈന്യത്തില്‍ ചേര്‍ക്കണമെന്നത് താര്‍ച്ചിന്റെ വലിയ മോഹമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ദേശസ്നേഹികളോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും നംഗ്യാല്‍ ചോദിച്ചു. താര്‍ച്ചിന്റെ മരണം കൊലപാതകം എന്നാണ് ബന്ധുക്കള്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ ബാറ്റണ്‍ കൊണ്ട് മര്‍ദിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് താര്‍ച്ചിന് ഗുരുതരമായി മര്‍ദനമേറ്റതായി സംശയിക്കുന്നതായും കുടുംബം വെളിപ്പെടുത്തി. ലഡാക്ക് പ്രതിഷേധത്തിനിടെ പൊലീസും സുരക്ഷാ സേനയും പ്രതിഷേധക്കാരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നതായും കസ്റ്റഡിയില്‍ മര്‍ദിക്കുന്നതായും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സെവാങ് താര്‍ച്ചിന്റെ കുടുംബത്തിന്റെയും പ്രതികരണം. സംസ്ഥാന പദവിയും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി വന്നിരുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ സുരക്ഷാസേന കസ്റ്റഡിയിലെടുത്ത് രാജസ്ഥാനിലെ ജോധ്പൂര്‍ അതീവ സുരക്ഷാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.