7 December 2025, Sunday

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; വിചാരണ പൂര്‍ത്തിയാക്കാന്‍ അഞ്ചുവര്‍ഷം വേണമെന്ന് കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 11, 2023 11:47 pm

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷം വരെ വേണമെന്ന് വിചാരണ കോടതി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ കേസിന്റെ വിചാരണ നടക്കുന്ന, ലഖിംപൂര്‍ ഖേരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021 ഒക്ടോബറിലായിരുന്നു വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ സമരത്തിനിടിയിലേക്ക് ആശിഷ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം വാഹനവ്യൂഹം ഇടിച്ചുകയറ്റിയത്. കര്‍ഷകരടക്കം എട്ടുപേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.
കേസില്‍ 208 സാക്ഷികളുണ്ടെന്നും വിസ്താരവും ക്രോസ് വിസ്താരവും പൂര്‍ത്തിയാക്കാന്‍ അഞ്ച് വര്‍ഷം വരെ സമയം വേണമെന്നും കോടതി പറഞ്ഞു. 171 രേഖകളും 27 ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണ് കേസിലുള്ളത്. ദൈനംദിന അടിസ്ഥാനത്തില്‍ കേസ് കേള്‍ക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദേശിക്കണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

സാധാരണ ഒരു കേസാണെങ്കില്‍ വിചാരണ പൂര്‍ത്തിയാകേണ്ട സമയമായെന്നും എത്ര സമയം ഈ കേസിലെ വിചാരണക്ക് ഇനിയും വേണ്ടി വരുമെന്നും നേരത്തെ സുപ്രീംകോടതി ചോദിച്ചിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യത്തില്‍ വിചാരണ കോടതി ജഡ്ജിയുടെ മറുപടി തേടിയത്. തുടര്‍ന്നാണ് വിചാരണ കോടതി ജഡ്ജിയുടെ മറുപടി ഉള്‍പ്പെടുത്തി തല്‍സ്ഥിതി റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ സമര്‍പ്പിച്ചത്. കേസിലെ പല സാക്ഷികളും ഭീഷണി നേരിടുന്നുണ്ടെന്നും അവരില്‍ മൂന്ന് പേരെ കൈയേറ്റം ചെയ്തിട്ടുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ മിശ്രയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആരോപണങ്ങള്‍ നിഷേധിച്ചു. ദൈനംദിന ഹിയറിങ് വേണമെന്ന ആവശ്യത്തെയും അദ്ദേഹം എതിര്‍ത്തു.
സംഭവത്തില്‍ ആശിഷ് മിശ്ര ഉള്‍പ്പടെ 13 പേരെയാണ് പ്രതിചേര്‍ത്തത്. ഈ കേസുകളില്‍ പ്രത്യേകം പ്രത്യേകം വിചാരണ നടത്തിക്കൂടേ എന്നതില്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് വീണ്ടും ജനുവരി 19ന് പരിഗണിക്കും. ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 13ലേക്കും മാറ്റി.

Eng­lish Sum­ma­ry; Lakhim­pur Kheri Farmer Mas­sacre; The court said it would take five years to com­plete the trial

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.