
പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതിയും തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെയും ദര്‍ശിച്ച് ഭക്തലക്ഷങ്ങൾ മലയിറങ്ങി. ബുധനാഴ്ച വൈകീട്ട് 6.44നാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിച്ചത്. പന്തളത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട ഘോഷയാത്ര വൈകിട്ട് 6.24നാണ് സന്നിധാനത്തെത്തിയത്. തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി, ദേവസ്വം അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടര്‍ന്ന് തിരുവാഭരണം ചാർത്തി 6.40ന് ദീപാരാധന നടന്നു. രണ്ട് ലക്ഷത്തിലേറെ തീര്‍ത്ഥാടകർ സന്നിധാനത്ത് എത്തിയതായാണ് പൊലീസിന്റെ വിലയിരുത്തൽ. തടസമില്ലാതെ പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം ദിവസങ്ങള്‍ക്ക് മുന്നേ തീർത്ഥാടകർ തമ്പടിച്ചിരുന്നു. തിക്കും തിരക്കും മൂലമുള്ള അപകടം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തീർത്ഥാടകരുടെ മടക്കയാത്രയ്ക്കായി കെഎസ്ആര്‍ടിസി 1,000 ബസുകളാണ് സര്‍വീസ് നടത്തുന്നത്.
ഇന്ന് മുതല്‍ 18 വരെ വിര്‍ച്വല്‍ ക്യൂ വഴി 50,000 പേരെയും സ്പോട്ട് ബുക്കിങ് വഴി 5,000 പേരെയും പ്രവേശിപ്പിക്കും. 19ന് വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിങ് വഴി 5,000 പേരെയും കടത്തിവിടും. തിരുവാഭരണം ചാർത്തി 17 വരെ അയ്യപ്പനെ ദർശിക്കാം. 18 വരെയാണ് നെയ്യഭിഷേകം. 18 ന് മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 19ന് രാത്രി 10 ന് മാളികപ്പുറത്ത് വലിയ ഗുരുതി കഴിഞ്ഞ് നടയടയ്ക്കും വരെ ദർശനമുണ്ടാകും. 20ന് പുലർച്ചെ തിരുവാഭരണ പേടകത്തെ പന്തളത്തേക്ക് യാത്രയാക്കിയ ശേഷം അയ്യപ്പ വിഗ്രഹത്തിൽ ഭസ്‌മാഭിഷേകം നടത്തി യോഗദണ്ഡും രുദ്രാക്ഷമാലയും ധരിപ്പിച്ച് നടയടയ്ക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. ഫോട്ടൊ അടിക്കുറുപ്പ്: സന്നിധാനത്തുനിന്നും പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി ദർശിച്ചു തൊഴുന്ന ഭക്തർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.