19 January 2026, Monday

Related news

January 14, 2026
January 6, 2026
December 14, 2025
December 8, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025

ലളിതം സുന്ദരം മലയാളം, പഠിച്ചു വളരാം നല്ല പാഠങ്ങള്‍…

ശ്യാമ രാജീവ്
തിരുവനന്തപുരം
May 28, 2025 10:09 pm

”മഴ മഴയത്ത് നന നനയണ് കുടയില്ലാത്ത കുട്ട്യോള്, മഞ്ഞുമഞ്ഞത്ത് തണുതണുക്കണ് പുതപ്പില്ലാത്ത കുട്ട്യോള്… ’ രണ്ടാം ക്ലാസിലെ പരിഷ്കരിച്ച മലയാളം പാഠപുസ്തകത്തിലെ ‘മഴയോ മഴ ’ എന്ന അധ്യായത്തിലെ പാട്ടിന്റെ തുടക്കമാണിത്. കുടയില്ലാത്ത കുട്ടികളാണ് മഴയത്ത് നനയുന്നതെന്നും, പുതപ്പില്ലാത്ത കുട്ടികളാണ് മഞ്ഞ് കൊള്ളുന്നതെന്നുമുള്ള തിരിച്ചറിവ് കുട്ടികള്‍ക്ക് നല്‍കുന്നതിനും എല്ലാ കുട്ടികള്‍ക്കും കുടയും പുതപ്പും ഇല്ലെന്നുള്ള സാമൂഹ്യബോധം കുട്ടികള്‍ക്ക് ലഭിക്കുന്നതുമാണ് പുതിയ പാഠഭാഗം. പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്രം വെട്ടിമാറ്റപ്പെടുന്ന കാലഘട്ടത്തില്‍ പാഠപുസ്തകത്തിലൂടെ കുട്ടികളെ കൃത്യമായ ചരിത്രവും പഠിപ്പിക്കുന്നു, ഏറെ രസകരമായി. മലയാളം പുസ്തകത്തിലെ ‘എന്താണമ്മേ സ്വാതന്ത്ര്യം’ എന്ന മൂന്നാം അധ്യായത്തില്‍ ഗാന്ധിയെയും നെഹ്രുവിനെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആശയങ്ങൾക്കൊപ്പം മഹാത്മാ ഗാന്ധി, നെഹ്രു എന്നിവരെക്കുറിച്ചുള്ള കഥകളും കവിതകളും പാഠപുസ്തകത്തിലും പ്രവർത്തന പുസ്തകത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ‘മഹാത്മജി’ എന്ന കവിതയിലൂടെയാണ് ഗാന്ധിജിയെ പരിചയപ്പെടുത്തുന്നത്. പല്ലില്ലാത്ത ഗാന്ധി അപ്പൂപ്പന്റെ ചിത്രമുള്‍പ്പെടെയുള്ള കവിത കുട്ടികളുടെ മനം കവരുമെന്നു മാത്രമല്ല, ദേശീയ ബോധം വളർത്താനും ഉതകുന്നതാണ്. 

മലയാളം, പരിസരപഠനം, കലാവിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ആരോഗ്യകായിക വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തിയാണ് രണ്ടാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിന്റെ ഒന്നാംഭാഗം. ഭരണഘടനയുടെ ആമുഖവും മലയാളം അക്ഷരമാലയുമൊക്കെ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകത്തില്‍ എന്‍ കെ ദേശത്തിന്റെ ‘ആനക്കൊമ്പൻ’ എന്ന കവിതയുമുണ്ട്. ആനയെഴുന്നള്ളത്തിന്റെ അശാസ്ത്രീയമായ രീതി പരിഷ്കരിക്കണമെന്ന് വളരെ ഭംഗിയായി ഈ പാഠഭാഗം പറയുന്നു. ‘രുചിമേളം’ എന്ന പാഠത്തില്‍ മാറുന്ന ഭക്ഷണശൈലിയിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നു. ആരോഗ്യമുള്ള ശരീരത്തിന് പോഷണം നിറഞ്ഞ ഭക്ഷണം എന്തെല്ലാമാണെന്നും പറയുന്നുണ്ട്. അഞ്ചാം അധ്യായത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ബാലപാഠങ്ങളാണ്. മലയടിവാരത്തിലല്ല, പുഴയോരത്തിലല്ല, കാട്ടിലല്ല വീട് വയ്ക്കേണ്ടതെന്നും അവിടങ്ങളിൽ വീടുവച്ചാൽ ഉണ്ടാകുന്ന ദുരന്തങ്ങൾ എന്താണെന്നും ഈ അധ്യായം ഓർമ്മിപ്പിക്കുന്നു. കരിക്കുലം നിര്‍ദേശിച്ചിരിക്കുന്നതുപോലെ കുട്ടികള്‍ക്ക് അവരുടെ നിത്യജീവിതത്തില്‍ ആവശ്യമായതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പാഠപുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മെച്ചപ്പെട്ട ജീവിത വീക്ഷണം ഉണ്ടാകുന്ന തരത്തിലുള്ളതാണ് പാഠഭാഗങ്ങള്‍. ആരോഗ്യം, പരിസ്ഥിതി, ആഘോഷം, കുടുംബം എല്ലാം കുട്ടികളെ രസകരവും താളാത്മകവുമായ കവിതകളിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത. കുട്ടികളുടെ കണ്ണുകളെ ആനന്ദിപ്പിക്കുന്ന മനോഹര ചിത്രങ്ങളാണ് മറ്റൊരു ആകര്‍ഷണം. കുട്ടികളെ കൂട്ടക്ഷരങ്ങൾ ഉൾപ്പെടെ എല്ലാ അക്ഷരങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. രണ്ടാം ഭാഗം കൂടി എത്തുമ്പോള്‍ മലയാളത്തിലെ എല്ലാ അക്ഷരങ്ങളും പഠിക്കാനും ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കാനും കഴിയുന്ന ശ്രമങ്ങളാണ് പാഠപുസ്തക പരിഷ്കരണ സമിതി നടത്തിയിട്ടുള്ളത്.
ആലപ്പുഴ ഡയറ്റ് സീനിയർ ലക്ചറർ (റിട്ട.) എൻ ശ്രീകുമാർ ചെയർമാനായ സമിതിയാണ് പാഠപുസ്തക പരിഷ്കരണത്തിന് നേതൃത്വം നല്‍കിയിത്. നവംബറില്‍ പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങും. ഒന്നാം ഭാഗത്തില്‍ 80 പേജുകളാണുള്ളത്. എല്ലാം രസകരമായ പാഠഭാഗങ്ങളാണെന്നും കാവ്യാത്മകമാണെന്നും എന്‍ ശ്രീകുമാര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.