11 December 2025, Thursday

Related news

November 11, 2025
September 18, 2025
September 16, 2025
September 16, 2025
September 16, 2025
September 15, 2025
September 15, 2025
September 15, 2025
September 1, 2025
July 19, 2025

ഭൂമി തരംമാറ്റം; ശേഷിക്കുന്ന 34,714 കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് റവന്യുമന്ത്രി

ഇ കെ വിജയന്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് റവന്യുമന്ത്രിയുടെ മറുപടി
web desk
തിരുവനന്തപുരം
September 13, 2023 12:48 pm

ഇനി ലഭിക്കുന്ന ഓരോ അപേക്ഷകളും അഞ്ച് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കല്‍ ലക്ഷ്യം

ഭൂമി തരം മാറ്റ രേഖകളില്‍ ഇനിയും മാറ്റം വരുത്താന്‍ ശേഷിക്കുന്ന 34714 കേസുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തീര്‍പ്പാക്കി നല്‍കാന്‍ കഴിയുമെന്ന് റവന്യുമന്ത്രി കെ രാജന്‍. തുടര്‍ന്ന് ലഭിക്കുന്ന ഓരോ അപേക്ഷകളും അഞ്ച് ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കി നല്‍കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നതെന്നും നാദാപുരം എംഎല്‍എ ഇ കെ വിജയന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി നിയമസഭയില്‍ മന്ത്രി പറഞ്ഞു. ഇപ്പോള്‍ ആര്‍ഡിഒമാര്‍ മാത്രം കൈകാര്യം ചെയ്യുന്ന തരം മാറ്റ അപേക്ഷകള്‍ നിയമഭേദഗതിയിലൂടെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി തീര്‍പ്പാക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27 (എ) വകപ്പ്‌ പ്രകാരം, ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ച്, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്ന കേസുകളില്‍, ഈ നിയമത്തിലെ 27 (സി) വകുപ്പ്‌ പ്രകാരം ഭൂരേഖകളില്‍ മാറ്റം വരുത്തുന്നതില്‍ ഉണ്ടാകുന്ന കാലതാമസം പരിഹരിക്കുന്നത് സംബന്ധിച്ച് ഇ കെ വിജയന്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കല്‍ റവന്യൂ വകുപ്പ് വളരെ ഗൗരവത്തോടുകൂടി കണ്ടുവരുന്ന വിഷയമാണ്.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ആര്‍ഡിഒമാര്‍ തരം മാറ്റം ഉത്തരവ് നല്‍കി കഴിഞ്ഞാല്‍ പുതിയ സബ് ഡിവിഷന്‍ സൃഷ്ടിക്കുന്നതിനും ഭൂനികുതി നിയമപ്രകാരം ഭൂനികുതി കണക്കാക്കുന്നതിനും തഹസില്‍ദാര്‍മാര്‍ ആവശ്യമായ പരിശോധനകള്‍ നടത്തി നടപടിക്രമം പുറപ്പെടുവിച്ച് ആയത് വില്ലേജ് ഓഫീസര്‍ക്ക് അയച്ചു കൊടുത്ത് റവന്യൂ രേഖകളില്‍ മാറ്റം വരുത്തേണ്ടതാണ്. നിയമത്തിലെ 27© പ്രകാരവും ചട്ടം 13 പ്രകാരവുമുള്ള ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഉണ്ടാകുന്ന വലിയ കാലതാമസം വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി ഒരു സ്റ്റാന്റേര്‍ഡ് ഓപ്പറേഷന്‍ പ്രോസീജിയര്‍ തയ്യാറാക്കാന്‍ 78-ാമത് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ 2023 ഓഗസ്റ്റ് അഞ്ചിന് ലാന്‍ഡ് റവന്യൂ കമ്മിഷണറെ ഇക്കാര്യം ചുമതലപ്പെടുത്തി കൊണ്ട് സ.ഉ.(സാധാ)നം.2886/2023/RD ഉത്തരവ് പുറപ്പെടുവിച്ചിരുന്നതും അതിന്‍പ്രകാരം, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, സ്റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിങ്ങ്‌ പ്രൊസീജിയര്‍ (SOP), 2023 സെപ്റ്റംബര്‍ ഒമ്പതിന്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഉത്തരവും SOPയും പ്രകാരം സബ് ഡിവിഷന്‍ ആവശ്യമില്ലാത്ത കേസുകളില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവ് താലൂക്ക് ഓഫീസുകളില്‍ ലഭ്യമാകണം. അതോടെ പ്രത്യേകിച്ച് ഉത്തരവ്/നടപടിക്രമം തയ്യാറാക്കുന്നത് ഒഴിവാക്കി തരം മാറ്റ ഉത്തരവില്‍ തന്നെ ബ്ലോക്ക് നമ്പര്‍ സര്‍വ്വെ നമ്പര്‍, തണ്ടപ്പേര്‍ നമ്പര്‍ എന്നിവ സൂചിപ്പിച്ച് പുറത്തെഴുത്ത് നടത്താം. ഭൂരേഖ തഹസില്‍ദാര്‍ നേരിട്ട് 48 മണിക്കൂറിനുള്ളില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഭൂരേഖകളില്‍ വേണ്ട മാറ്റം വരുത്തുന്നതിനായി അയച്ചു നല്‍കുകയും വേണം. ഇത്തരത്തില്‍ ലഭിക്കുന്ന പുറത്തെഴുത്ത് നിര്‍ദ്ദേശത്തിന്‍മേല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതിലേക്കായി താലൂക്ക് ഓഫീസില്‍ നിന്നു തന്നെ റെലീസ് പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ തത്സമയം വരുത്തണം. വില്ലേജ് ഓഫീസര്‍ ഉടന്‍ തന്നെ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവിന്‍റെയും തഹസില്‍ദാരുടെ പുറത്തെഴുത്ത് കത്തിന്റെയും നമ്പറും തിയതിയും ഉള്‍പ്പെടെ സപ്ലിമെന്ററി ബിടിആറില്‍ രേഖപ്പെടുത്തി അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ കക്ഷിക്ക് കരം അടച്ച് നല്‍കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ സബ്ഡിവിഷന്‍ ആവശ്യമുള്ള കേസുകളിലും ജല സംരക്ഷണം ആവശ്യമുള്ള കേസുകളിലും അത്തരം ഭൂമി പ്രത്യേകമായി സബ്ഡിവിഷന്‍ ചെയ്യണമെന്ന് നിയമവും ചട്ടവും അനുശാസിക്കുന്ന സാഹചര്യത്തില്‍ സര്‍വ്വെ നടപടികള്‍ താത്കാലികമായി ഒഴിവാക്കി കൊണ്ട് തരം മാറ്റപ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണത്തിന് അനുസൃതമായി താത്കാലിക സബ് ഡിവിഷന്‍ അനുവദിച്ചും ഭൂനികുതി തിട്ടപ്പെടുത്തിയും തഹസില്‍ദാര്‍ ഉത്തരവ് പുറപ്പെടുവിച്ച് വില്ലേജ് ഓഫീസര്‍ക്ക് കൈമാറണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു സത്യപ്രസ്താവന അപേക്ഷകന്‍ ഹാജരാക്കണം. റെലീസില്‍ മാറ്റം വരുത്തി നല്‍കിയ ശേഷം പിന്നീട് വരുന്ന സര്‍വ്വെ നടപടികളുമായി തങ്ങള്‍ സഹകരിക്കുമെന്നും സര്‍വ്വെ നടപടികളുടെ ഭാഗമായി തയ്യാറാക്കുന്ന സര്‍വ്വെ റെക്കോഡുകള്‍ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കുന്നതല്ലായെന്നും ആര്‍ഡിഒയുടെ സ്വഭാവ വ്യതിയാനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഉള്‍പ്പെട്ട പ്രകാരമുള്ള ഭൂ വിസ്തൃതിയില്‍ കുറവ് കാണുന്ന പക്ഷം ആയത് അംഗീകരിക്കുമെന്നുമാണ് സത്യവാങ്മൂലത്തില്‍ വരേണ്ടത്. റവന്യൂ രേഖകളില്‍ മാറ്റം വരുത്തിയ ശേഷം നിയമാനുസൃത സര്‍വ്വെ സബ് ഡിവിഷന്‍ നടപടികള്‍ നടത്തുന്നതിന് ഫയല്‍ സര്‍വ്വെ വിഭാഗത്തിന് കൈമാറിയാല്‍ മതിയാകുമെന്ന് മന്ത്രി അറിയിച്ചു.

Eng­lish Sam­mury: Land Reclas­si­fi­ca­tion, Rev­enue Min­is­ter K Rajan’s reply in the Assembly

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.