17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 17, 2024
August 16, 2024
August 12, 2024
August 2, 2024
July 30, 2024
July 30, 2024
July 28, 2024
July 28, 2024
July 27, 2024
July 26, 2024

ഭൂപരിഷ്കരണത്തിന്റെ തുടർ നടപടികൾ

Janayugom Webdesk
July 28, 2024 4:30 am

ഭൂപരിഷ്കരണ നിയമത്തെ തുടർന്ന് ഭൂമി കൈവിട്ടു പോകുന്ന ജന്മിമാർ സ്വാഭാവികമായും കോടതിയെ സമീപിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിക്കിട്ടുവാനുള്ള സംസ്ഥാന ഗവൺമെന്റിന്റെ പരിശ്രമം വിജയിച്ചു. അങ്ങനെ തക്കസമയത്ത് നിയമത്തിന് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കിയത് നിയമം നടപ്പിലാക്കുന്ന ഘട്ടത്തിൽ ഏറെ സഹായകമായി. സമാനമായ ഒട്ടേറെ നടപടികളുമായി മുന്നോട്ടു പോകുന്നതിൽ ഭരണകൂടം തെല്ലും അറച്ചുനിന്നില്ല. കണ്ണൻദേവൻ ടീ കമ്പനി കൈവശം വച്ചിരുന്ന 1,35,000 ഏക്കർ ഭൂമി ഏറ്റെടുക്കുവാനുള്ള നിയമനിർമ്മാണം ശ്രദ്ധാർഹമാകുന്നു. (കണ്ണൻദേവൻ ഹിൽസ് ഭൂമി ഏറ്റെടുക്കൽ) നിയമം (Act 5 of 1971) 50, 000 ഏക്കർ തോട്ടമായി നിലനിർത്തുകയും 71,000 ഏക്കർ ഭൂമി ഏറ്റെടുക്കുകയുമാണുണ്ടായത്. കണ്ണൻദേവൻ ടീ കമ്പനി നിയമയുദ്ധത്തിനു പുറപ്പെട്ടെങ്കിലും പരാജയപ്പെട്ടു.

കുട്ടനാട്ടിൽ മുരിക്കന്റെ പാടശേഖരം ഏറ്റെടുത്ത് സഹകരണസംഘങ്ങൾ വഴി നെൽകൃഷിക്ക് പ്രോത്സാഹനം നൽകിയതും കർഷകത്തൊഴിലാളികൾക്ക് മിനിമം കൂലി നിയമനിർമ്മാണം വഴി ഉറപ്പുവരുത്തിയതും മറ്റൊരു ധീരമായ നടപടിയായിരുന്നു. ഭൂപരിഷ്കരണം നടപ്പിലാക്കിയതിന്റെ ഫലമായി അച്യുതമേനോന്റെ ഭരണകാലത്ത് അരി ഉല്പാദനം ഗണ്യമായി വർധിച്ചു. 1969–70 കാലത്ത് അരി ഉല്പാദനം ഹെക്ടറിന് 1403 കിലോഗ്രാം ആയിരുന്നത് 70–71 ആകുമ്പോൾ 1960 കിലോഗ്രാമായി. നെൽകൃഷി നടന്നിരുന്ന ഭൂമിയുടെ വിസ്തൃതിയിലും വർധനവുണ്ടായി. 1965–66 കാലത്ത് 8.02 ലക്ഷം ഹെക്ടറിൽ കൃഷിനടന്നിരുന്നു, 1975–76 ആയപ്പോഴേക്കും അത് 8.85 ലക്ഷം ഹെക്ടറായി ഉയർന്നു. തുടർന്നുള്ള കാലഘട്ടത്തിൽ ആ നേട്ടം നിലനിർത്തുവാൻ കഴിയാതെ പോയി.

കാർഷികരംഗത്ത് യന്ത്രവൽക്കരണം

മന്ത്രിസഭയിലെ കൃഷികാര്യമന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായർ കൃഷിസമ്പ്രദായത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ വേണമെന്ന പക്ഷക്കാരനായിരുന്നു. ഉത്സാഹമതിയായ ആ ഭരണാധികാരിയുടെ കയ്യിൽ കാർഷികരംഗത്ത് പുതിയൊരു ഉണർവ് പ്രത്യക്ഷമായി. പാടശേഖരങ്ങളിൽ യന്ത്രവൽകൃത കൃഷിരീതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ മുഖേന 1971ൽ 320 ട്രാക്ടറുകളും 50 ടില്ലറുകളും കർഷകർക്ക് വിതരണം ചെയ്തു. അതിനെതിരെ പ്രതിപക്ഷം വെല്ലുവിളികൾ ഉയർത്തി. പാടശേഖരത്തിൽ ഇറങ്ങിയ ആദ്യത്തെ ട്രാക്ടർ അഗ്നിക്കിരയായി. ശേഷിച്ച ട്രാക്ടറും ട്രില്ലറും എവിടെയോ അപ്രത്യക്ഷമായി. അതിന്റെ പരിണതഫലങ്ങളിൽ ഒന്ന് കാർഷികരംഗത്ത് നിലയുറപ്പിച്ചിരുന്ന വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ കൃഷിയോടു തോന്നിയിരുന്ന ആഭിമുഖ്യം കുറഞ്ഞതാണ്. ചില വർഷങ്ങളിൽ പാടം കൊയ്യാറാകുമ്പോൾ ഉണ്ടാകുന്ന അതിവൃഷ്ടി കൃഷിക്കാരെ അങ്കലാപ്പിലാക്കാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ കർഷകർക്ക് കൊയ്ത്തുയന്ത്രത്തിനുവേണ്ടി തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിവരുന്നു. കാർഷികരംഗത്തെ യന്ത്രവൽക്കരണത്തെ തുടക്കത്തിലേ എതിർത്തു തോല്പിച്ചതിന്റെ ദുരന്തം ഇന്നു പലതരത്തിൽ അനുഭവപ്പെടുകയാണ്.

ഭവനരഹിതർക്ക് ലക്ഷംവീട്

ആ ഭരണകാലത്തെ എണ്ണപ്പെട്ട ഭരണനേട്ടങ്ങളിലൊന്നാണ് ലക്ഷംവീട് പദ്ധതി. ഭവനരഹിതരുടെ പ്രശ്നം വലിയൊരു പ്രശ്നമായി സാമൂഹ്യചിന്തയിൽ ഇടം പിടിക്കാറുണ്ടെങ്കിലും ഭരണതലത്തിലോ രാഷ്ട്രീയതലത്തിലോ പരിഹാരം കാണുന്നതിൽ ഉത്സാഹം പ്രകടമായിരുന്നില്ല. ചരിത്രഗതിയെ നേർവഴിക്ക് നയിച്ചുകൊണ്ട് ആ പ്രവണതയ്ക്കു മാറ്റം കുറിച്ച മുഖ്യമന്ത്രിയാണ് അച്യുതമേനോൻ. അച്യുതമേനോൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ കൂട്ടത്തിൽ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും ചലനം സൃഷ്ടിച്ച ഒന്നായിരുന്നു ലക്ഷം വീട് പദ്ധതി. വകുപ്പു മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായരുടെ ഭാവനയും കർമ്മോത്സുകതയും പദ്ധതിയുടെ വിജയത്തെ തുണച്ചു. ആ വ്യക്തിത്വത്തിൽ ലയിച്ചു ചേർന്നിരുന്ന പതിതകാരുണികത്വം ഏറ്റവും അടിത്തട്ടിലെ പാവങ്ങളുടെ ഊർജസ്രോതസായിരുന്നു.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.