19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 17, 2024
August 16, 2024
August 12, 2024
August 2, 2024
July 30, 2024
July 30, 2024
July 28, 2024
July 28, 2024
July 27, 2024
July 26, 2024

കേരളചരിത്രം മാറ്റിയെഴുതിയ ഭൂപരിഷ്കരണം

Janayugom Webdesk
July 27, 2024 4:30 am

തിരു-കൊച്ചിയുടെയും കേരളത്തിന്റെയും ചരിത്രത്തിൽ ഒരു മന്ത്രിസഭ ആദ്യമായി കാലാവധി പൂർത്തിയാക്കുന്നത് സി അച്യുതമേനോന്റെ ഭരണകാലത്താണ്. വ്യത്യസ്തമായ കാരണങ്ങൾകൊണ്ട് വ്യത്യസ്തമായ സാഹചര്യങ്ങളിൽ അതിനുമുമ്പ് ഉണ്ടായിട്ടുള്ള എല്ലാ മന്ത്രിസഭകളും കാലാവധി പൂർത്തിയാക്കാതെ അധികാരത്തിൽനിന്നു പുറത്താവുകയാണുണ്ടായത്. 1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഒഴികെ എല്ലാം ഭരണപക്ഷത്തെ ആഭ്യന്തരകലഹം കൊണ്ട് അകാലചരമം പ്രാപിക്കുകയായിരുന്നു. അങ്ങനെയൊരു ചരിത്രപശ്ചാത്തലത്തിലാണ് അച്യുതമേനോൻ മന്ത്രിസഭാ കാലാവധി പൂർത്തിയാക്കിയത്. അതൊരു മേന്മയാണെങ്കിലും അതിലേറെ പ്രാധാന്യമർഹിക്കുന്നത് ആ ഭരണകാലം എങ്ങനെ വിനിയോഗിക്കപ്പെട്ടു എന്ന കാര്യമാണ്. 

മുൻഗവൺമെന്റുകൾക്കൊന്നും അവകാശപ്പെടുവാനാവാത്ത നിരവധി ഭരണനേട്ടങ്ങൾക്ക് നേതൃത്വം നൽകുവാൻ അച്യുതമേനോൻ സര്‍ക്കാരിനു കഴിഞ്ഞു. കാർഷിക വ്യാവസായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ അന്നത്തെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങൾ എല്ലാ അർത്ഥത്തിലും നിസ്തുലമായിരുന്നു. വിദ്യാഭ്യാസം, കല, സംസ്കാരം തുടങ്ങിയ മേഖലകളിൽ നേടിയ പുരോഗതിക്ക് കണ്ണഞ്ചിപ്പിക്കുന്ന തിളക്കമുണ്ടായിരുന്നു. അതിനുമുമ്പോ ശേഷമോ അത്തരം നേട്ടങ്ങൾക്ക് അവകാശിയാകുവാൻ ഒരു ഗവൺമെന്റിനും കഴിഞ്ഞിരുന്നില്ല. ഭൂപരിഷ്കരണബില്ല് രാഷ്ട്രപതിയുടെ അംഗീകാരം നേടി നിയമമായിക്കഴിഞ്ഞ സന്ദർഭമാണത്. 1957‑ലെ ഗവൺമെന്റ് അവതരിപ്പിച്ച ബില്ലിൽ കാലോചിതമായ ചെറിയ മാറ്റങ്ങൾ വരുത്തി പുതിയതായി അവതരിപ്പിച്ചതാണ് ആ ബില്ല്. നിയമത്തിലെ വ്യവസ്ഥകൾ 1970 ജനുവരി ഒന്നിന് ഒറ്റയടിക്ക് പ്രാബല്യത്തിൽ വരുന്ന തരത്തിൽ അച്യുതമേനോൻ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. അനേക നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ആഴത്തിൽ വേരോടിയ ഫ്യൂഡൽ വ്യവസ്ഥിതിക്ക് ഇന്ത്യാരാജ്യത്തെയൊരു സംസ്ഥാനം ആദ്യമായി അന്ത്യം കുറിച്ച നടപടിയായിരുന്നു അത്. ആ ചരിത്രസംഭവം സുവർണ ജൂബിലി പിന്നിട്ടു കഴിഞ്ഞു. നമ്മുടെ രാജ്യത്ത് ഭൂപ്രഭുത്വം അവസാനിപ്പിച്ച ഏക സംസ്ഥാനം ഇന്നും കേരളമാണ് എന്ന അവസ്ഥ തീർച്ചയായും കേരള ജനതയ്ക്ക് അഭിമാനകരമാണ്. ആ അഭിമാനത്തോടൊപ്പം നമ്മെ വേദനിപ്പിക്കുന്ന മറ്റൊരു യാഥാർത്ഥ്യം വിസ്മരിക്കാനാവുന്നതല്ല, ഇന്ത്യയുടെ മറ്റു പ്രദേശങ്ങളിലെല്ലാം ഇന്നും ഭൂപ്രഭുത്വം കൊടികുത്തി വാഴുന്ന അവസ്ഥയോർത്താണത്. 

സാമൂഹ്യമാറ്റങ്ങൾ സ്വപ്നം കണ്ടതുകൊണ്ടുമാത്രം യാഥാർത്ഥ്യമാവില്ല. അതിന് സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ഇച്ഛാശക്തിയും കർമ്മശേഷിയും അനിവാര്യമാണ്. നവോത്ഥാന പ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷശക്തികൾക്കും കേരളത്തിലുണ്ടായ വേരോട്ടവും അതുവഴി സംഭവിച്ച അവകാശബോധവും അവകാശസമരങ്ങളും ഭരണകൂടനേതൃത്വമോ ഭരണപങ്കാളിത്തമോ ആയി വളർന്നപ്പോൾ സംഭവിക്കേണ്ട മാറ്റങ്ങളാണ് കേരളജനതയെ ഫ്യൂഡൽ വ്യവസ്ഥയ്ക്കപ്പുറത്തേക്ക് നയിച്ചത്. അച്യുതമേനോന്റെ സൂക്ഷ്മദൃഷ്ടിയും കാര്യപ്രാപ്തിയും പ്രത്യേകമായൊരു ചരിത്രസന്ധിയിൽ അങ്ങനെ നിർണായകമായിത്തീർന്നു.
സമീപകാലത്തായി ധാരാളമായി ചർച്ചചെയ്തുപോരുന്ന കേരളവികസനമാതൃകയുടെ ആധാരശിലയായിത്തീർന്നത് അച്യുതമേനോൻ നടപ്പാക്കിയ സമഗ്രമായ ഭൂപരിഷ്കരണമാണ്.
നഗരങ്ങളിൽ മൂന്നും പട്ടണങ്ങളിൽ അഞ്ചും ഗ്രാമപ്രദേശങ്ങളിൽ പത്തു സെന്റ് വീതം കുടികിടപ്പുകാരനു നിയമപ്രകാരം സ്വന്തമായി. 1959‑ൽ പാസായ നിയമം അന്നത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ കേന്ദ്രം പിരിച്ചുവിട്ടതിന്റെ ഫലമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.
അച്യുതമേനോൻ ഭരണകാലത്ത് നിയമം നടപ്പിലാക്കിയപ്പോൾ കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായൊരു വിഭാഗം നിയമത്തിന്റെ ഗുണഭോക്താക്കളായി. അഞ്ചുലക്ഷം കുടികിടപ്പുകാർക്ക് കുടികിടപ്പിൽ അവകാശം ലഭിച്ചു. മുപ്പത്തഞ്ചുലക്ഷത്തോളം പാട്ടക്കുടിയാന്മാർ ഭൂവുടമകളായി. കേരളചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങളിലൊന്നായിരുന്നു അത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.