നിയമസഭ പാസാക്കിയ ബില്ലുകൾ ഏഴ് മാസം ഗവർണർ പിടിച്ചുവച്ചത് സംശയാസ്പദമാണെന്ന് റവന്യു മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഭൂപതിവ് ബില്ലുകൾ ഉൾപ്പടെയുള്ളവ ഒപ്പിടുകയായിരുന്നു. ഈ ബില്ലുകൾ തെരഞ്ഞെടുപ്പുകാലത്ത് പാസാക്കിയാൽ ഭരണകൂടത്തിന് ഗുണം ഉണ്ടാകും എന്നതിനാൽ ചില രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി ഗവർണർ മാറ്റിവയ്ക്കുകയായിരുന്നുവെന്നാണ് മനസിലാക്കേണ്ടത്. എന്തായാലും ഇത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
അടിയന്തരമായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായി കൂടിയാലോചിച്ച് ഭൂപതിവ് ചട്ടം രൂപീകരിക്കും. സാധാരണക്കാർക്ക് അധികഭാരം ഉണ്ടാകാത്തവിധത്തിലായിരിക്കും ചട്ടം രൂപീകരിക്കുക. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർക്ക് ഒപ്പിടാം അല്ലെങ്കിൽ രാഷ്ട്രപതിക്ക് വിടാം, അതുമല്ലെങ്കിൽ നിയമസഭയ്ക്ക് തിരിച്ചയ്ക്കാം. ഇത് മൂന്നും ചെയ്യാതെ ഇത്രകാലം ബില്ലുകൾ പിടിച്ചുവച്ചത് ദുരൂഹമാണ്. തെരഞ്ഞെടുപ്പിന് ശേഷം 27ന് ബില്ലുകൾ ഒപ്പിടുമ്പോഴും പ്രതിപക്ഷം പഴയ തത്തമ്മേ പൂച്ച പൂച്ച എന്ന് തന്നെ പറയുന്നത് മനസിലാകുന്നില്ല. പ്രതിപക്ഷം പറയുന്നത് അന്തർധാരയുണ്ടെന്നാണ്. അന്തർധാരയുണ്ടെങ്കിൽ ഗവർണർ 26ന് മുമ്പ് തന്നെ ഒപ്പിടേണ്ടേ എന്നും മന്ത്രി ചോദിച്ചു.
നെൽവയൽ-തണ്ണീർത്തട നിയമം ഭേദഗതിയുമായി ബന്ധപ്പെട്ട് ഒരു സംശയവും ഒരു ആശയവിനിമയവും ഗവർണർ നടത്തിയിട്ടില്ല. പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും സുഗമവുമാക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും അതിനുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. ഏഴുമാസമായി ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുകയാണ്. ഈ വിഷയത്തിൽ കൂടുതൽ വേഗം മുന്നോട്ടു പോകും. ആറ് മാസത്തിനുള്ളിൽ കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളിലും തീർപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനം നടത്തും.
ഇപ്പോഴും ഈ ബില്ലുകൾക്കൊപ്പം നിയമസഭ പാസാക്കിയ കേരള ബിൽഡിങ് ടാക്സുമായി ബന്ധപ്പെട്ട ഭേദഗതി ഒപ്പിടാതെ ഗവർണർ പിടിച്ചുവച്ചിരിക്കുകയാണ്. ഭരണഘടനാ പ്രകാരമുള്ള കാര്യങ്ങൾ നിർവഹിക്കാൻ ഇനിയെങ്കിലും ഗവർണർ ശ്രമിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
English Summary: land rule will be formed without extra burden: Minister K Rajan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.