19 January 2026, Monday

Related news

January 18, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 3, 2026

ഭൂമിതട്ടിപ്പ് കേസ്: രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ പ്രതിഷേധം

കെ കെ ജയേഷ് 
കോഴിക്കോട്
October 30, 2025 10:34 pm

കർണാടകത്തിലെ കോടികളുടെ ഭൂമി തട്ടിപ്പ് ആരോപണത്തിന് പിന്നാലെ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാടുകൾക്കെതിരെ പാർട്ടിയിൽ പ്രതിഷേധം. വിഷയത്തിൽ നേതാക്കളൊന്നും ഒപ്പമില്ലാത്ത സാഹചര്യത്തിലാണ് രാജീവ് തനിച്ചുള്ള നീക്കങ്ങൾ ആരംഭിച്ചത്.
വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ നൂറു കോടി രൂപയുടെ മാനനഷ്ടക്കേസാണ് രാജീവ് ചന്ദ്രശേഖർ നൽകിയത്. ഇതേ സമയം തന്നെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷും മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ചാനലിന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. 

മാധ്യമ പ്രവർത്തകർ നൽകുന്ന വാർത്തകളെ കൃത്യമായി പ്രതിരോധിക്കുന്നതിന് പകരം കേസുമായി മുന്നോട്ട് പോകുന്ന നിലപാടിനെയാണ് ഒരു വിഭാഗം നേതാക്കൾ എതിർക്കുന്നത്. പരാതി നൽകിയ അഡ്വ. എസ് സുരേഷിനെതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ചാനലിൽ സംഘ്പരിവാറിന്റെ മുഖമായി നിന്ന് ചർച്ചകൾ നടത്തുന്ന സുജയാ പാർവതിയെ പ്രതിയാക്കിയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളത്. വാർത്ത നൽകുകയോ ഭൂമി കുംഭകോണ വാർത്ത വായിക്കുകയോ പോലും ചെയ്യാത്ത സുജയയെ എന്തിനാണ് രാജീവും അഡ്വ. എസ് സുരേഷും അക്രമിക്കുന്നതെന്നാണ് ചോദ്യം ഉയരുന്നത്. സുജയ പാർവതി ഇക്കാലമത്രയും സൈബർ ആക്രമണം നേരിട്ടതും അധിക്ഷേപങ്ങൾ കേട്ടതും സംഘ്പരിവാറിന് വേണ്ടി ശബ്ദിച്ചതിനാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഒരു മാധ്യമ പ്രവർത്തകരും കേരളത്തിൽ ബിജെപിയെ പിന്തുണച്ച് സംസാരിക്കാൻ തയ്യാറാവാത്ത സമയത്ത് ബിജെപിക്ക് വേണ്ടി ശബ്ദിച്ചിട്ടുള്ള ഒരു മാധ്യമ പ്രവർത്തകയ്ക്കെതിരെ നീങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും ഇവർ പറയുന്നു. 

രാജീവ് ചന്ദ്രശേഖറിന്റെ ഭൂമി കംഭകോണം തെളിവു സഹിതം പുറത്ത് വന്നിട്ടും ഏഷ്യാനെറ്റ് ചാനൽ ഇക്കാര്യം കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ ചാനൽ ഉപയോഗിച്ചാണ് രാജീവ് തനിക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയെ ഉൾപ്പെടെ ഏറ്റവും മോശമാക്കി ചിത്രീകരിച്ച ചാനലാണ് ഏഷ്യാനെറ്റെന്നാണ് പ്രവർത്തകർ പറയുന്നത്.
ചാനൽ ഉടമയായ രാജീവിനെ മാത്രമാണ് ഏഷ്യാനെറ്റ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും പാർട്ടിയെ എന്നും ആക്രമിച്ച ചരിത്രമാണ് ചാനലിനുള്ളതെന്നും ഇവർ ഓർമ്മപ്പെടുത്തുന്നു. റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ, കൺസൾട്ടിങ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, കോ ഓർഡിനേറ്റിങ് എഡിറ്റർ സുജയ പാർവതി, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ്, ചീഫ് റിപ്പോർട്ടർമാരായ റഹീസ് റഷീദ്, റോഷി പാൽ എന്നിവർക്ക് എതിരെയാണ് രാജീവ് ചന്ദ്രശേഖർ മാനനഷ്ടക്കേസ് നൽകിയിട്ടുള്ളത്. ഇവർക്കെതിരെ തന്നെയാണ് ബിജെപി ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷും മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷനെ മനപൂർവം അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത ചെയ്തുവെന്നും ഇതുവഴി പാർട്ടിക്ക് വലിയ മാനനഷ്ടം സംഭവിച്ചെന്നുമാണ് എസ് സുരേഷിന്റെ ആരോപണം. ഇതേ സമയം മാധ്യമങ്ങൾ തമ്മിലുള്ള പോരും ഇതിനിടെ ശക്തമാവുകയാണ്. മെസി അടക്കമുള്ള അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നിരന്തരം വ്യാജ വാർത്തകൾ ചമച്ചുവെന്ന് കാട്ടി ഏഷ്യാനെറ്റ് ന്യൂസിനെതിരെ റിപ്പോർട്ടർ ടി വിയും രംഗത്തുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ 15 പേർക്കാണ് ചാനൽ വക്കീൽ നോട്ടീസ് അയച്ചിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.