കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അർജുനായുള്ള തിരച്ചിലിന് ഡ്രഡ്ജർ എത്താൻ വൈകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കാറ്റും മഴയും തടസം സൃഷ്ടിക്കുന്നതിനാൽ ഡ്രഡ്ജർ വെസൽ പുറപ്പെടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചു. ഗോവയിലും കാർവാർ ഉൾപ്പടെയുളള തീരദേശ കർണാടകയിലും ഈ മാസം 11 വരെ യെല്ലോ അലർട്ട് തുടരുകയാണ്. ഗോവയിൽ നിന്ന് ഡ്രഡ്ജർ പുറപ്പെടുന്ന കാര്യത്തിൽ കാറ്റിന്റെ ഗതി നോക്കി ബുധനാഴ്ചയോടെ തീരുമാനമെടുക്കാനായേക്കുമെന്ന് അഭിഷേനിയ ഓഷ്യൻ സർവീസസ് വ്യക്തമാക്കി. ഉത്തര കന്നഡ ജില്ലാ ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷിപ്പിംഗ് കമ്പനിക്ക് ഷിരൂരിലേക്ക് തിരിക്കാൻ നിർദേശം നൽകിയത്.
വ്യാഴാഴ്ച ഡ്രഡ്ജിങ് പുനരാരംഭിക്കും എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. കഴിഞ്ഞ മാസം 16നാണ് അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് അർജുന്റെ മാതാപിതാക്കൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടെത്തിക്കണ്ട് തിരച്ചിൽ പുനരാരംഭിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് തിരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലെ മണ്ണ് തിരച്ചിലിന് പ്രധാന വെല്ലുവിളിയാണ്. ഇതിന് പുറമെ അടിത്തട്ടിലെ ഒഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നു. ജൂലൈ 16നാണ് ഷിരൂരിൽ അർജുൻ മണ്ണിടിച്ചിൽപ്പെടുന്നത്. അർജുനൊപ്പം ലോറിയും കാണാതായി. അർജുനൊപ്പം മണ്ണിടിച്ചിൽ കാണാതായ രണ്ട് കർണാടക സ്വദേശികളെക്കൂടി കണ്ടെത്താനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.