5 March 2026, Thursday

Related news

February 26, 2026
February 25, 2026
February 25, 2026
February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026

ഭാഷ മതമല്ല; സുപ്രീം കോടതി

ഹിന്ദി ഹിന്ദുക്കളുടേതും ഉര്‍ദു മുസ്ലീങ്ങളുടേതുമല്ല 
നിര്‍ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതി 
Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2025 10:17 pm

ഉര്‍ദു ഭാഷ ജനിച്ചത് ഇന്ത്യയില്‍ നിന്നാണെന്നും അതിനെ ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നും സുപ്രീം കോടതി. മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലെ സൈന്‍ ബോര്‍ഡില്‍ ഉര്‍ദു ഭാഷ ഉപയോഗിക്കുന്നതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ഭാഷ സംസ്‌കാരം ആണെന്നും അത് ജനങ്ങളെ വിഭജിക്കാനായി ഉപയോഗിക്കുന്നത് തെറ്റാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ പാടൂര്‍ മുനിസിപ്പല്‍ കെട്ടിടത്തിലെ ഉര്‍ദു ബോര്‍ഡുകള്‍ക്ക് എതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രസ്താവം. ജസ്റ്റിസുമാരായ സുധാന്‍ഷു ധുലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പാടൂര്‍ മുനിസിപ്പാലിറ്റി മുന്‍ കൗണ്‍സിലര്‍ വര്‍ഷാതായ് സഞ്ജയ് ബഗാഡെയാണ് ഉര്‍ദു ബോര്‍ഡുകള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ബോര്‍ഡുകള്‍ മറാഠി ഭാഷയില്‍ മാത്രമേ പാടുള്ളു എന്നായിരുന്നു വാദം. എന്നാല്‍ ഭരണഘടനയില്‍ മറാഠിക്കും ഉര്‍ദുവിനും ഒരേ സ്ഥാനമാണ് ഉള്ളതെന്നും അതിനാല്‍ ഉര്‍ദു ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഭാഷ മതമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭാഷ സംസ്‌കാരമാണ്. ഒരു സമൂഹത്തിന്റെയും ജനതയുടെയും സാംസ്‌കാരിക മുന്നേറ്റത്തിന്റെ അളവുകോലാണിത്. ഗംഗാ യമുനാ സംസ്‌കാരത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഉര്‍ദു. അതു ഹിന്ദുസ്ഥാനി സംസ്‌കാരമാണ്. ഉത്തര, മധ്യ ഇന്ത്യന്‍ സമതലത്തിന്റെ സംസ്‌കൃതിയാണ് അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. ഹിന്ദിയും, മറാഠിയും പോലെ ഇന്‍ഡോ ആര്യന്‍ ഭാഷയാണ് ഉര്‍ദു എന്നും അത് ഇന്ത്യയില്‍ ജനിച്ച ഭാഷ ആണെന്നും കോടതി വ്യക്തമാക്കി.

കൊളോണിയല്‍ ശക്തികള്‍ മതഭിന്നത ഉണ്ടാക്കാന്‍ ഉര്‍ദുവിനേയും ഹിന്ദിയേയും മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹിന്ദിയെ ഹിന്ദുക്കളുടെ ഭാഷയെന്നും ഉര്‍ദു മുസ്ലിങ്ങളുടെ ഭാഷയെന്നും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യം അല്ലെന്ന് ചൂണ്ടിക്കാട്ടി. മാത്രമല്ല പേര്‍ഷ്യന്‍ ഭാഷയുമായി സാമ്യമുള്ള ഉര്‍ദു, വിദേശ ഭാഷ ആണെന്ന തെറ്റായ കാഴ്ചപ്പാട് ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നാം നമ്മുടെ വൈവിധ്യത്തെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതുണ്ട്. പലതരം ഭാഷകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ആ വൈവിധ്യം. ഉര്‍ദു വാക്കുകള്‍ ഒഴിവാക്കി, അല്ലെങ്കില്‍ ഉര്‍ദുവില്‍നിന്നുണ്ടായ വാക്കുകള്‍ ഒഴിവാക്കി ഒരാള്‍ക്കു ഹിന്ദി സംസാരിക്കാനാവില്ല. വിശുദ്ധി വാദക്കാരുടെ ഇടപെടലോടെയാണ് ഹിന്ദി, ഉര്‍ദു സംയോഗത്തിനു വിഘാതം വന്നത്. അതോടെ ഹിന്ദി കൂടുതല്‍ സംസ്‌കൃതവും ഉര്‍ദു പേഴ്‌സ്യനും ആയെന്ന് കോടതി പറഞ്ഞു. ഉര്‍ദുവിനെ മുസ്ലിം ഭാഷയായി കണക്കാക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.