
സംസ്കാരത്തിന്റെ ആത്മാവാണ് ഭാഷ. മനുഷ്യൻ ഉണ്ടായ കാലം മുതൽ അല്ലെങ്കിൽ മനനം ചെയ്യാൻ തുടങ്ങിയ നിമിഷം മുതൽ മനുഷ്യൻ ഭാഷയെ കൂട്ടു പിടിച്ചിരുന്നു. ക്യൂണിഫോം മുതൽ ആഗലേയം വരെ എത്തി നിൽക്കുന്ന ഭാഷാ വൈവിധ്യങ്ങൾ ലോകത്ത് പല കോണിലും ഓരോ മനുഷ്യനെയും സ്വാധീനിക്കുന്നുണ്ട്. ഒരുവൻ ജനിക്കുമ്പോൾ ഏതു ഭാഷയിലാണ് ആദ്യക്ഷരങ്ങൾ ശ്രവിക്കുന്നത് അന്നുമുതൽ ഒരുപക്ഷെ അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ ഭാഷയുമായുള്ള സംവാദത്തിൽ ഒരു മനുഷ്യൻ ഇടപെടുന്നുണ്ടായിരിക്കും. ലോകത്തെ ഓരോ മനുഷ്യ പരമ്പരകൾക്കും അവരുടേതായ മാതൃഭാഷ ഉണ്ടാകും. നമുക്ക് മലയാളം പോലെ തമിഴർക്ക് തമിഴ് പോലെ ആഫ്രിക്കയിൽ ഐബോ ഭാഷ പോലെ ഭാഷകൾ ദേശങ്ങളിൽ പല വിധമായ രീതികളിൽ പ്രകടമാണ്.
നമ്മുടെ ചിന്തകളെ ഉദ്ധീപിപ്പിക്കുന്ന അക്ഷരങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ആകെ തുകയാണ് നമ്മുടെ മാതൃഭാഷ. നാം ഏതു ഭാഷയിൽ ചിന്തിക്കുന്നു, ആലോചിക്കുന്നു, സംസാരിക്കുന്നു, എഴുതുന്നു എല്ലാത്തിലും മാതൃഭാഷയുടെ സ്വാധീനം കൂടിയേ തീരു.
ഒരു ഇംഗ്ലീഷ് പ്രഭാഷണം നടത്തുമ്പോഴും എഴുതുമ്പോഴും നമ്മൾ നമ്മുടെ ഭാഷയിൽ ആണ് ചിന്തിക്കുന്നത് അതിന്റെ തർജ്ജമ ആണ് നമ്മൾ പ്രകടിപ്പിക്കുന്നത്.
മറ്റുള്ള ഭാഷകൾ കേവലം ദാത്രിമാർ മർത്യന് പെറ്റമ്മ തൻ ഭാഷ താൻ, മാതവിൻ വാത്സല്യ ദുഗ്തം നുകർന്നാലേ പൈതങ്ങൾ പൂർണ്ണ വളർച്ച നേടൂ എന്ന വള്ളത്തോൾ വരികൾ മലയാളികൾക്ക് മാത്രമല്ല ലോകർക്ക് മുഴുവൻ അഭിമാനവും സ്വീകര്യപ്രദവുമാണ്.
ലിപിയുള്ളതും ഇല്ലാത്തതുമായി ലോകത്താകെ ആറായിരത്തിലേറെ ഭാഷകളുണ്ടെന്നാണു കണക്ക്. മാതൃഭാഷയായി ഏറ്റവും കൂടുതൽപേർ സംസാരിക്കുന്നത് മൻഡാരിൻ ചൈനീസാണ്. എന്നാൽ, മാതൃഭാഷയല്ലാത്തവരെ കൂടി കണക്കിലെടുത്താൽ ഇംഗ്ലിഷാണ് ഒന്നാം സ്ഥാനത്ത്. ഈ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ് ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം.
ബംഗ്ല ഭാഷയെ പാക്കിസ്ഥാനിലെ ഒരു ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലദേശുകാർ (അന്നത്തെ കിഴക്കൻ പാക്കിസ്ഥാൻ) നടത്തിയ പോരാട്ടത്തിൽ നിരവധി മനുഷ്യർ കൊല്ലപ്പെട്ടു അതിന്റെ സ്മരണക്കയാണ് ഫെബ്രുവരി 21 ലോക മാതൃഭാഷ ദിനമായി ആചരിക്കുന്നത്.
യുനെസ്കോയാണ് 1999 ൽ മാതൃഭാഷാ ദിനം ആചരിക്കാൻ തീരുമാനമെടുത്തത്.
2000 ഫെബ്രുവരി 21നായിരുന്നു ആദ്യ മാതൃഭാഷാ ദിനമായി ആചരിച്ചത്. ലോക മാതൃഭാഷാ ദിനം ബംഗ്ലദേശിൽ പൊതുഅവധി ദിനമായി നൽകുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ നിഗമനം അനുസരിച്ച്, ലോകത്തു നിലവിലുള്ള സംസാരഭാഷകളിൽ 43 ശതമാനവും ഭാവിയിൽ ഇല്ലാതാകാൻ സാധ്യതയുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ഒരു ഭാഷ അപ്രത്യക്ഷമാകുന്നുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
നമ്മുടെ പൂർവികരും ഭാഷ സ്നേഹികളും നൽകിയ പദ സമ്പത്തുകളും ഭാഷ വൈഭവവും എത്ര വിളമ്പിയാലും കൊതി തീരാത്ത രുചികലേറിയ സദ്യയിലെ കൂട്ട് കറികൾ പോലെ അവയെ രുചിക്കേണ്ടതും കാത്തു സൂക്ഷിക്കേണ്ടതും പുതു തലമുറയാണ് അതിനുള്ള ദീപ ശിഖ ആകട്ടെ ഇത്തവണത്തെ ലോക മാതൃഭാഷ ദിനം. അത് ദിനത്തിൽ ഒതുക്കാതെ ദീനമായി എന്നും കൂടെ ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.