നൊബേൽ സാഹിത്യ സമ്മാന ജേതാവായ ലാറ്റിനമേരിക്കൻ സാഹിത്യകാരന്‍ മരിയോ വർഗാസ് യോസ(89) അന്തരിച്ചു. മക്കളായ അൽവാരോ, ഗൊൺസാലോ, മോർഗാന എന്നിവർ എക്സില് പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് മരണ വിവരം ലോകത്തെ അറിയിച്ചത്. എഴുത്തുകാരൻ, രാഷ്ട്രീയപ്രവർത്തകൻ, അദ്ധ്യാപകൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തി നേടിയിരുന്നു. 1936 മാർച്ച് 28 നു പെറുവിലെ അറെക്വിപ്പയിലാണ് ജനനം. പതിനഞ്ചാം വയസ്സിൽ ലാ ക്രോണിക്ക എന്ന പത്രത്തിൽ പാർട്ട് ടൈം ക്രൈം റിപ്പോർട്ടറായിട്ടായിരുന്നു തുടക്കം. പെറുവിലെ സെമിത്തേരിയിലും പാരീസിലെ സ്കൂളിൽ അധ്യാപകനായുമെല്ലാം ജോലി ചെയ്തിട്ടുണ്ട്.
1959ൽ ആദ്യ കഥാസമാഹാരമായ ദി കബ്‌സ് ആൻഡ് അദർ സ്റ്റോറീസ് പ്രസിദ്ധീകരിച്ചു. ദി ഗ്രീൻ ഹൗസ്, ദി ടൈം ഒഫ് ദി ഹീറോ എന്നീ നോവലുകളിലൂടെ പ്രസിദ്ധനായി. 1963‑ൽ വിപ്ലവകരമായ ആദ്യ നോവലായ “ദി ടൈം ഓഫ് ദി ഹീറോ” എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം സാഹിത്യരംഗത്തേക്ക് കടന്നുവന്നത്. പെറുവിയൻ മിലിട്ടറി അക്കാദമിയിലെ അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതും രാജ്യത്തിന്റെ സൈന്യത്തെ പ്രകോപിപ്പിച്ചതുമായ പുസ്തകമായിരുന്നു ദി ടൈം ഒഫ് ദി ഹീറോ. നോവലിന്‍റെ ആയിരം കോപ്പികൾ സൈനിക അധികാരികൾ കത്തിച്ചു. ചില ജനറൽമാർ പുസ്തകം വ്യാജമാണെന്നും വർഗാസ് യോസ കമ്മ്യൂണിസ്റ്റാണെന്നും വിളിച്ചു. കോൺവർസേഷൻ ഇൻ ദി കത്തീഡ്രൽ, വാർ ഒഫ് ദി എൻഡ് ഒഫ് ദി വേൾഡ് തുടങ്ങിയ നോവലുകളിലൂടെ അന്താരാഷ്ട്ര അംഗീകാരം നേടി. കോൺവർസേഷൻ ഇൻ ദി കത്തീഡ്രലിലൂടെ ഗബ്രിയേൽ ഗാർസിയ മാർക്വേസിനും കാർലോസ് ഫ്യൂന്‍റസിനും ഒപ്പം 1960 — 1970കളിലെ ലാറ്റിൻ അമേരിക്കൻ എഴുത്തുകാരുടെ തരംഗമായ “ബൂം” നേതാക്കളിൽ ഒരാളായി വർഗാസ് യോസ പ്രതിഷ്ഠ നേടി.
2010ൽ ‘ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്’ എന്ന നോവലിലൂടെ നൊബേൽ പുരസ്കാരവും യോസ സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.