
കോട്ടയം: കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം പദ്ധതിക്ക് തുടക്കമായി. പദ്ധതി പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തെരഞ്ഞെടുത്തുതായി മന്ത്രി വി എൻ വാസവൻ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ ഇതാദ്യമായാണ് സഹകരണബാങ്കുകൾക്കായി ഇത്തരത്തിൽ ഒരു പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കുന്നത്. കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം, 2025 പദ്ധതി പ്രകാരം ധനസഹായത്തിനായി വിവിധ ജില്ലകളിൽ നിന്നായി ജില്ലാതല മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് ശുപാർശ ചെയ്ത് സഹകരണസംഘം രജിസ്ട്രാർ ഓഫീസിൽ ലഭിച്ച 93 അപേക്ഷകളിൽ സംസ്ഥാന തല മോണിറ്ററിങ് സെൽ യോഗം തെരഞ്ഞെടുത്തതാണ് ഈ സംഘങ്ങൾ.
സ്കീമിലെ വ്യവസ്ഥ പ്രകാരമുള്ള സ്കോർ നേടിയാണ് 12 സംഘങ്ങൾ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടത്. ഇവർ തയാറാക്കി സമര്‍പ്പിക്കുന്ന പുനരുദ്ധാരണ പദ്ധതി പരിശോധിച്ചാണ് തുകനൽകുക. ഈ ധനസഹായം പുനരുദ്ധാരണ പദ്ധതിക്ക് മാത്രമാണ് വിനിയോഗിക്കുക. ആദ്യഘട്ടമായി 10 കോടിരൂപയുടെ ധനസഹായം വരെ കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം പ്രകാരം ബാങ്കുകൾക്ക് ലഭ്യമാവും. പ്രതിസന്ധി നിമിത്തം ദുർബലമായതോ സുഷുപ്താവസ്ഥയിലായതോ ആയ സംഘങ്ങൾ പുനരുദ്ധരിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സഹകരണ മേഖലയിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും സഹകരണ സംഘങ്ങളുടെ സംഭാവനകൾ തുടർന്നും ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. ഇതിനുപുറമെ നിക്ഷേപം തിരികെ കൊടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സഹകരണസംഘങ്ങളെ സഹായിക്കുന്നതായുള്ള പദ്ധതിയും സഹകരണ വകുപ്പ് തയാറാക്കിയതായി മന്ത്രി പറഞ്ഞു. സംഘങ്ങൾക്ക് ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോർഡിൽ നിന്നും വായ്പയായി അനുവദിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയായിവരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ സഹകരണ രജിസ്ട്രാർ ഡോ: ഡി. സജിത്ത് ബാബുവും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.