
അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും കുപ്രസിദ്ധ കുറ്റവാളിയുമായ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിച്ചു. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന 19-ാമത്തെ പ്രതിയാണ് ഇയാൾ. യുഎസ് നാടുകടത്തിയതിന് പിന്നാലെയാണ് അൻമോലിനെ ഇന്ത്യയിൽ എത്തിച്ചത്. കനത്ത സുരക്ഷയിൽ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച ഇയാളെ തുടർനടപടികൾക്കായി പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോയി.ഡൽഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ അൻമോലിനെ എൻഐഎ കസ്റ്റഡിയിലെടുത്തു.നടപടിക്രമങ്ങൾ വിമാനത്താവളത്തിൽവെച്ചു തന്നെ പൂർത്തിയാക്കി.ഗുണ്ടാസംഘങ്ങൾ, ഭീകരർ, ആയുധക്കടത്തുകാർ എന്നിവർ ശൃംഖല കർക്കാൻ ലക്ഷ്യമിട്ടുള്ളകേസിലെ അന്വേഷണത്തിന്റെ ഭാഗമാണ് അൻമോലിന്റെ അറസ്റ്റ്. 2020‑നും 2023‑നും ഇടയിൽ ലോറൻസ് ബിഷ്‌ണോയിക്കും ഗോൾഡി ബ്രാറിനും ഭീകരപ്രവർത്തനങ്ങളിൽ സജീവമായി പിന്തുണ നൽകിയതിലെ ഇയാളുടെ പങ്ക് 2023 മാർച്ചിലെ കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കിയിരുന്നു. 2022 മുതൽ ഒളിവിലായിരുന്ന അൻമോൽയുഎസിൽ നിന്നാണ് തന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
വിദേശത്തിരുന്ന് ഇന്ത്യയിൽ ഭീകര ശൃംഖല ഉണ്ടാക്കുകയും നിയന്ത്രിക്കുകയുംഷൂട്ടർമാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതിനു പുറമെ സംഘാംഗങ്ങൾക്ക് അഭയം, ആയുധങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കി. ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. യുഎസ്, ദുബായ്, തുർക്കി, ഇറ്റലി, പോർച്ചുഗൽ, ബൾഗേറിയ എന്നിവയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലായാണ് അൻമോൽ ബിഷ്‌ണോയിയുടെ ക്രിമിനൽ ശൃംഖല വ്യാപിച്ചുകിടക്കുന്നത്.
വാട്ട്‌സ്ആപ്പിനും സിഗ്‌നലിനും വേണ്ടി അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ നൽകുക, വിപിഎൻ അക്കൗണ്ടുകൾ ലഭ്യമാക്കുക, ഒളിവിൽ കഴിയുന്നവർക്ക് സുരക്ഷിത താവളങ്ങൾ ഒരുക്കുക, ഉയർന്ന നിലവാരമുള്ള അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും സംഭരിക്കുക തുടങ്ങിയ പ്രത്യേക ചുമതലകളാണ് അൻമോലിന്റെ സംഘത്തിലെ അംഗങ്ങൾ നിർവഹിക്കുന്നത്.
ലഹരിമരുന്ന് വിതരണം , പുതിയ ഷാർപ്പ് ഷൂട്ടർമാരെ കണ്ടെത്തി പരിശീലിപ്പിക്കുക, കുറ്റകൃത്യങ്ങളിൽനിന്ന് ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കുക, വ്യാജ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കുക, പ്രായപൂർത്തിയാകാത്തവരെ ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുക എന്നിവയിലും ഇവർ ഏർപ്പെട്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.