
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് എല്‍ഡിഎഫ് മുന്നോട്ട്. ആദ്യഘട്ട പ്രചരണത്തില്‍ എല്ലായിടങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സജീവമായി മുന്നേറുമ്പോള്‍ ആഭ്യന്തര കലഹങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാതെ ഉഴലുകയാണ് യുഡിഎഫ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ പോലും സാധിക്കാതെയാണ് കോണ്‍ഗ്രസും യുഡിഎഫുമുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്നുള്ള രാജി തുടരുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് കെപിസിസി ജനറല്‍ സെക്രട്ടറിയും ഡിസിസി ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയാണ് രാജിവച്ചത്. അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും പ്രതിഷേധത്തിലുമാണ്. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ സീറ്റ് വിഭജനത്തിലെ അതൃപ്തി തുറന്നുപറഞ്ഞിരുന്നു. തെക്കൻ കേരളത്തിൽ മുസ്ലിം ലീഗിന് കുറച്ചുകൂടി സീറ്റിന് അർഹതയുണ്ട്. പ്രവർത്തകർക്ക് ഇക്കാര്യത്തിൽ പ്രതിഷേധമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് നേതാവ് രംഗത്തെത്തി. ലീഗുകാർ മത്സരിച്ചാൽ ‘മറ്റേ സാധനം’ തകർന്നുപോകും എന്ന ന്യായം കൊള്ളാം. ആന്റോ ആന്റണി പാർലമെന്റിൽ മത്സരിക്കുമ്പോൾ പാലിക്കപ്പെടുന്ന ‘സന്തുലനം ’ പ്രാദേശിക തെരഞ്ഞെടുപ്പിൽ മാത്രം തകരുന്നതെന്താണ്?’ എന്നായിരുന്നു ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ മുഹമ്മദ് അന്‍സാരിയുടെ ചോദ്യം. ചിറ്റാർ ഡിവിഷനിലേക്ക് ലീഗ് പ്രവർത്തകനെ സ്ഥാനാർത്ഥിയാക്കിയാൽ സാമുദായിക സന്തുലിതാവസ്ഥ തകരുമെന്ന ആന്റോ ആന്റണി എംപിയുടെ പരാമര്‍ശത്തിനെതിരെയാണ് അന്‍സാരിയുടെ പ്രതികരണം. തിരുവനന്തപുരം കോര്‍പറേഷനിലുള്‍പ്പെടെ തെക്കന്‍ ജില്ലകളിലെല്ലാം ചുരുക്കം സീറ്റുകള്‍ മാത്രം നല്‍കി ലീഗിനെ ഒതുക്കിയെന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. ബിജെപിയിലും എന്‍ഡിഎയിലും തര്‍ക്കം തുടരുകയാണ്. തിരുവനന്തപുരത്ത് ബിജെപി — ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയും ബിജെപിയുടെ കൗണ്‍സിലറായിരുന്ന തിരുമല അനിലും ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഇരുവരെയും തള്ളിപ്പറയുന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചതെന്ന് പലരും തുറന്നടിക്കുന്നു. സീറ്റ് വിഭജനത്തില്‍ ബിഡിജെഎസിനെ ഒതുക്കിയതുള്‍പ്പെടെ തിരിച്ചടിയാകുമെന്ന ഭീതി നേതൃത്വത്തിനുണ്ട്. ബിജെപി — എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പലയിടങ്ങളിലും വിമതസ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്.
അതേസമയം, മുഖ്യമന്ത്രിയും സംസ്ഥാന നേതാക്കളുമുള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതോടെ എല്‍ഡിഎഫ് വര്‍ധിച്ച ആത്മവിശ്വാസത്തിലാണ്. തിരുവനന്തപുരം നഗരസഭ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ പ്രധാന എല്‍ഡിഎഫ് നേതാക്കളുമാണ് പങ്കെടുത്തത്. വരുംദിവസങ്ങളിലായി വിവിധ ജില്ലകളില്‍ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകും. 10 വര്‍ഷക്കാലത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും പ്രാദേശിക ഭരണ സമിതികളിലെയും ജനക്ഷേമ — വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരണരംഗത്ത് എല്‍ഡിഎഫിന് കരുത്തേകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.