13 March 2026, Friday

Related news

March 13, 2026
March 13, 2026
March 12, 2026
March 12, 2026
March 12, 2026
March 10, 2026
March 9, 2026
March 7, 2026
March 7, 2026
March 7, 2026

വികസനത്തിന്റെ ‘വെനീസ്’ മാതൃക

ഡാലിയ ജേക്കബ്
ആലപ്പുഴ
March 13, 2026 9:42 pm

പുന്നപ്ര വയലാർ രക്തസാക്ഷികളുടെ ചോര വീണ വിപ്ലവ ഭൂമിയായ ആലപ്പുഴ വികസനക്കുതിപ്പിലാണ്. അരൂർ, ചേർത്തല, ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ എന്നീ മണ്ഡലങ്ങളുള്ള ജില്ലയിൽ 2016ലും 2021ലും ഹരിപ്പാട് ഒഴികെയുള്ള എട്ടു മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമായിരുന്നു. ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം 8,05,899 പുരുഷന്മാരും 8,64,933 സ്ത്രീകളും 15 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 16,70,847 വോട്ടർമാരാണ് ജില്ലയിലുള്ളത്. തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷ ക്യാമ്പുകളിൽ ഭിന്നത രൂക്ഷമാണ്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗങ്ങൾ തമ്മിലുള്ള പോര് കോൺഗ്രസിൽ തെരുവിലേക്കും സമൂഹമാധ്യമങ്ങളിലേക്കും പടർന്നു. യൂത്ത് കോൺഗ്രസ്, കെ എസ് യു വിഭാഗങ്ങൾ ജില്ലാ നേതൃത്വവുമായി ഉടക്കി നിൽക്കുന്നതും ഷാനിമോൾ ഉസ്മാനെതിരെയുള്ള പ്രാദേശിക പടലപ്പിണക്കങ്ങളും യു ഡി എഫിന് തലവേദനയാകുന്നു. തെക്കും വടക്കും കമ്മിറ്റികൾ തമ്മിലുള്ള തർക്കവും ആർ എസ് എസ് നേതൃത്വത്തിന്റെ ഇടപെടലും ബി ജെ പി അണികളിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.

ഗതാഗത മേഖലയിൽ കുതിച്ചുചാട്ടം

കഴിഞ്ഞ പത്തുവർഷമായി ഗതാഗത മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ജില്ലയിലുണ്ടായത്. വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ പെരുമ്പളം പാലം യാഥാർത്ഥ്യമായതിനു പുറമെ മാക്കേക്കടവ് നേരേകടവ് പാലം നിർമ്മാണം പൂർത്തിയാകുന്നു. പടഹാരം, നെടുമ്പ്രക്കാട് വിളക്കുമരം, വാക്കയിൽ, കൊമ്മാടി, ശവക്കോട്ട, മുപ്പാലം, വലിയഴീക്കൽ, പുത്തൻകാവ് പാലങ്ങൾ നാടിനു സമർപ്പിച്ചു. ജില്ലാ കോടതിപ്പാലം, പുന്നമടപ്പാലം എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു. കുട്ടനാട്ടിലെ ഗ്രാമീണ റോഡുകൾക്കും ആലപ്പുഴ നഗരത്തിലെ വൈറ്റ് ടോപ്പിങ് പാതകൾക്കുമായി കോടികളാണ് സർക്കാർ നീക്കിവെച്ചത്. ഇതിനുപുറമെ പൊതുജനങ്ങൾക്ക് ആധുനിക സേവനം ഉറപ്പാക്കാൻ 55 വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കാൻ അനുമതി ലഭിച്ചതിൽ 36 എണ്ണം പ്രവർത്തനസജ്ജമായി.

മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്തി

ഭവനരഹിതരില്ലാത്ത ജില്ല എന്ന ലക്ഷ്യത്തിലേക്കും ആലപ്പുഴ അതിവേഗം അടുക്കുകയാണ്. ജില്ലയിൽ അനുവദിച്ച 42,402 ലൈഫ് പദ്ധതി വീടുകളിൽ 34,841 എണ്ണവും (82.17%) പൂർത്തിയായി. ഇതിനായി 1398 കോടി രൂപയാണ് ചെലവഴിച്ചത്. അതിദരിദ്ര പട്ടികയിലുള്ള 274 കുടുംബങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തി. കടലാക്രമണ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികൾക്കായി 73 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതിലൂടെ സഫലം ഭവന സമുച്ചയത്തിൽ 100 കുടുംബങ്ങൾ സുരക്ഷിത തണലിലെത്തി.

പ്രളയത്തില്‍ ഇനി ഒറ്റപ്പെടില്ല

പ്രളയജലത്തെ തോൽപ്പിച്ച് കുതിക്കാൻ പാകത്തിൽ കുട്ടനാടിന്റെ മുഖച്ഛായ മാറ്റുന്ന വിസ്മയമായി ആലപ്പുഴ — ചങ്ങനാശ്ശേരി റോഡ് യാഥാർത്ഥ്യമായതാണ് മറ്റൊരു പ്രധാന നേട്ടം. 2018ലെ മഹാപ്രളയത്തിൽ ഒറ്റപ്പെട്ടുപോയ അവസ്ഥ ഇനിയുണ്ടാകില്ല. വെള്ളപ്പൊക്കമുണ്ടായാൽ പോലും ഗതാഗതം തടസ്സപ്പെടാത്ത രീതിയിലാണ് റോഡിന്റെ ഉയരം കൂട്ടിയത്. കിടങ്ങറ, നെടുമുടി, മുട്ടാർ, പള്ളാത്തുരുത്തി എന്നിവിടങ്ങളിൽ അത്യാധുനിക പാലങ്ങളും പണിതു. ചങ്ങനാശ്ശേരി പെരുന്ന ജംഗ്ഷനിൽ തുടങ്ങി ദേശീയപാത 66ലെ കളർകോട് ജംഗ്ഷൻ വരെയുള്ള 24.14 കിലോമീറ്റർ എ സി റോഡിൽ പത്തുമീറ്റർ വീതി, നടപ്പാത, ഓട, യൂട്ടിലിറ്റി ഡക്ട്, കാൽനടക്കാർക്കുള്ള കൈവരികൾ, സുരക്ഷാ ബാരിയർ, 48 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

 

TOP NEWS

March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar