കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് 10 ന് എല്‍ഡിഎഫ് രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തും.
വിലക്കയറ്റം, നിത്യോപയോഗ സാധനങ്ങള്‍ക്ക് ചുമത്തിയ ജിഎസ്‌ടി, പെട്രോള്‍-ഡീസല്‍-മണ്ണെണ്ണ വിലവര്‍ധനവ്, കിഫ്ബിയെ തകര്‍ക്കുവാനുള്ള നീക്കം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന, കേരളത്തിന്റെ സമഗ്രവികസനത്തെ തകര്‍ക്കുന്ന കേന്ദ്ര നയം, അര്‍ഹതപ്പെട്ട കേന്ദ്ര വിഹിതം വെട്ടിചുരുക്കുന്ന നിലപാടുകള്‍ എന്നിവയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് സംസ്ഥാന നേതാക്കളെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് ബഹുജന ധര്‍ണ സംഘടിപ്പിക്കുന്നത്. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലെയും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10 മണിക്ക് എല്‍ഡിഎഫ് ധര്‍ണ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു.
ബജറ്റിന് പുറത്ത് പണം കണ്ടെത്തിയാണ് കേരളത്തില്‍ ഇടതുമുന്നണി വികസനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുുന്നത്. കേന്ദ്ര നിലപാട് അതിന് തിരിച്ചടിയാണ്. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. കിഫ്ബിയെ തകര്‍ക്കുവാന്‍ ഇഡിയെകൊണ്ട് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇ പി ജയരാജന്‍ കൂട്ടിചേര്‍ത്തു.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്‍ഡിഎഫ് വിപുലമായ ജനപങ്കാളിത്തത്തോട് കൂടി കേരളത്തിലുടനീളം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കണ്‍വീനര്‍ അറിയിച്ചു. അന്നേ ദിവസം ഇടതുപക്ഷ മുന്നണിയുടെ ഓഫീസുകളെല്ലാം ദേശീയ പതാക ഉയര്‍ത്തി അലങ്കരിച്ച് പ്രതിജ്ഞ ചൊല്ലും.
ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് എല്ലാ ജില്ലാകേന്ദ്രങ്ങളിലും ആഘോഷപരിപാടിക്ക് രൂപം നല്‍കും. ഇടതുപക്ഷമുന്നണിയിലെ ജില്ലയിലെ നേതാക്കളെല്ലാം പരിപാടിയില്‍ സജീവ സാന്നിധ്യമാകും. 11 ന് സി കേശവന്റെ ചരിത്ര പ്രസിദ്ധമായ ദിവാൻ വിരുദ്ധപ്രസംഗം നടന്ന കോഴഞ്ചേരിയിലും 12ന് വൈക്കം സത്യഗ്രഹ ഭൂമിയിലും പരിപാടികൾ സംഘടിപ്പിക്കും. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുക്കാൻ ഗാന്ധിജി സജീവമായ മണ്ണായ പയ്യന്നൂർ സമരഭൂമിയിൽ ഗാന്ധി പാർക്കിലായിരിക്കും 13ന് പരിപാടി സംഘടിപ്പിക്കുക. ബ്രിട്ടീഷുകാരുടെ മർദ്ദനത്തിനിടയിലും പി കൃഷ്ണപിള്ള ദേശീയ പതാക ഉയർത്തിപ്പിടിച്ച കോഴിക്കോട് കടപ്പുറത്ത് 14ന് വിപുലമായ സ്വാതന്ത്ര്യദിന പരിപാടികൾ നടത്തും.
വികസനം മുന്നോട്ട് വരുമ്പോള്‍ ഇടതുപക്ഷ വിരോധികള്‍ ഭയപ്പെടുകയാണ്. മുന്നണി വിപുലീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന്റെ അടിസ്ഥാന സന്ദേശം കോണ്‍ഗ്രസ് ദുര്‍ബലമാണ് എന്നതാണ്.
ഒറ്റക്ക് എല്‍ഡിഎഫിനെ പ്രതിരോധിക്കുവാനുള്ള ത്രാണി യുഡിഎഫിനില്ല. അവര്‍ ശക്തി ക്ഷയിച്ച് ദുര്‍ബലരാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: LDF dharna on August 10 against central policies
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.