18 November 2024, Monday
KSFE Galaxy Chits Banner 2

കേരളം വിജയിക്കാന്‍ എല്‍ഡിഎഫ് പോരാട്ടം

Janayugom Webdesk
November 19, 2023 5:00 am

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് വിജയദശമി പ്രസംഗത്തിൽ പതിവുപോലെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ നിന്ദിച്ചുവെന്നത് ആരിലും ആശ്ചര്യമുളവാക്കിയില്ല. മാർക്സിസത്തോടുള്ള തീവ്രഹിന്ദുത്വ ശക്തികളുടെ വിദ്വേഷം അവരുടെ നായകന്‍ ഗോൾവാൾക്കറുടെ ആദ്യകാല രചനകളിൽത്തന്നെ വ്യക്തമായിരുന്നു. സംഘ്പരിവാര്‍ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും വംശീയമേധാവിത്തത്തോടും മൂലധന അത്യാഗ്രഹങ്ങളോടും അതിന് വളമേകുന്ന ആശയങ്ങളോടും ചേര്‍ന്നുള്ളതാണ്. ഇന്ത്യയിൽ എന്നൊക്കെ സംഘ് രാഷ്ട്രീയം അധികാരത്തിന്റെ ഭാഗമായോ അക്കാലങ്ങളിലെല്ലാം ഇടതുപക്ഷ സർക്കാരുകളെ വേട്ടയാടാന്‍ ആർഎസ്എസ് പരിശ്രമിച്ചിരുന്നു. സംഘ്പരിവാര്‍ നേതാക്കളായിരുന്ന എ ബി വാജ്പേയിയും എൽ കെ അഡ്വാനിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത 1970ലെ ജനതാ സർക്കാരിന്റെ കാലത്തുതന്നെ ഈ പ്രവണത വ്യക്തമായതാണ്. സംഘ്പരിവാര്‍ ശക്തികള്‍ക്ക് കരുത്തേറിയപ്പോള്‍ അവർ ഇടതുപക്ഷത്തിനെതിരെ വിപുലമായ ആക്രമണത്തിന് മുന്നിട്ടിറങ്ങി.
കേരളത്തില്‍ ഇടതുപക്ഷ ഭരണകൂടമാണ് അധികാരത്തിലുള്ളത്. 2016 മുതൽ 2021 വരെയുള്ള ആദ്യ ഭരണകാലം മികവോടെ പൂർത്തീകരിച്ചു. അംഗീകാരമായി കേരളത്തിലെ വോട്ടർമാർ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെ രണ്ടാം തവണയും അധികാരത്തിലെത്തിച്ചു. സി അച്യുതമേനോൻ സർക്കാരിന് ശേഷം ഭരണത്തുടര്‍ച്ചയ്ക്ക് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്ത അപൂര്‍വത. ഇന്ത്യയുടെ തെക്കേയറ്റത്ത് ഇടതുപക്ഷം നേടിയ ആവർത്തിച്ചുള്ള വിജയം സംഘ്പരിവാര്‍ ബുദ്ധികേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തുകയും ഇടതുപക്ഷത്തോടുള്ള അവരുടെ കലി മൂർച്ഛിക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന ബിജെപി സാന്നിധ്യം ഇല്ലാതാക്കി കേരളജനത സംസ്ഥാനത്ത് അവരുടെ കണക്കുപുസ്തകം കീറിയെറിയുകയും ചെയ്തു. ഇടതുഭരണം ദരിദ്രർക്കും കർഷകർക്കും തൊഴിലാളികൾക്കും അനുകൂലമായ നയങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തിൽ അതിന്റെ സ്വാധീനം ബോധ്യപ്പെടുത്തുന്നു. ഭവനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പൊതുവിതരണം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന പല പദ്ധതികളും രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് പ്രചോദനം നൽകുന്നു. അഡാനിയും കുത്തക മുതലാളിമാരും അവരുടെ താല്പര്യങ്ങളും നയിക്കുന്ന മോ‍ഡി മാതൃകയുടെ ജനകീയ ബദലാണ് കേരള മാതൃകയും തനത് വികസന വഴികളും. രാജ്യത്തിന്റെ ഫെഡറൽ ഭരണഘടനയ്ക്കു കീഴിൽ സംസ്ഥാനത്ത് ഒരു ക്ഷേമരാഷ്ട്രത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാനാണ് കേരളം പരിശ്രമിക്കുന്നത്. രാജ്യത്തുടനീളമുള്ള പുരോഗമന ജനാധിപത്യ ശക്തികൾ വലിയ പ്രതീക്ഷകളോടെ കേരളത്തെ നോക്കിക്കാണുകയും പ്രത്യാശയുടെ നാടായി മലയാള ഭൂമിയെ വിലയിരുത്തുകയും ചെയ്യുന്നു. എന്നാല്‍ പുരോഗമനത്തിന്റെ നവീന അതിരുകളിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തെ തടയാൻ മാർക്സിസ്റ്റ് വിരുദ്ധ നിലപാടുമായി സംഘ്പരിവാർ ഇടംകോലിട്ടുകൊണ്ടിരിക്കുന്നു.

 


ഇതുകൂടി വായിക്കൂ; വേണ്ടത് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തന്നെയാണ്


നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സ്വാഭാവികമായും പരിവാർ ശക്തികളുടെ ഇച്ഛാനുസൃതമാണ് പ്രവർത്തിക്കുക. നടപ്പു സാമ്പത്തിക വർഷം കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള 57,400 കോടി രൂപയും സംസ്ഥാനത്തിന് അവകാശപ്പെട്ട വായ്പാ അനുമതികളും അവര്‍ തടഞ്ഞിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ പ്രതികൂല നയങ്ങള്‍ കേരളത്തെ അഭൂതപൂർവമായ ധനപ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നു. കുറഞ്ഞ കടമെടുക്കൽ പരിധി, നാമമാത്ര റവന്യുകമ്മി ഗ്രാന്റ്, ജിഎസ്‌ടി നഷ്ടപരിഹാരത്തിന്റെ അഭാവം എന്നിവയും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. അവശ്യ പദ്ധതികൾക്ക് പണം നൽകാനും വര്‍ധിക്കുന്ന ചെലവുകൾ നിറവേറ്റാനുമുള്ള നടപടികള്‍ക്ക് കാലതാമസം വരുത്താനുള്ള പരിശ്രമം കേന്ദ്രം തുടരുന്നു. 80 ശതമാനം ചെലവുകൾക്കും സ്വന്തം വരുമാനത്തെ ആശ്രയിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ക്ഷേമ പെൻഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകൾ തുടങ്ങിയ നിർണായക മേഖലകളെ ബാധിക്കുന്ന അവസ്ഥയിലേക്ക് നാടിനെ എത്തിക്കുന്നു. 50,000 കോടി രൂപയിലധികമാണ് കേന്ദ്ര കുടിശിക. 15-ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടിന്റെ ശുപാർശ പ്രകാരം കേരളത്തിന് 32,442 കോടി രൂപയുടെ നിരുപാധിക വായ്പയ്ക്ക് അർഹതയുണ്ട്. എന്നാൽ യുക്തിരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനത്തിന്റെ വായ്പാപരിധി ഏകപക്ഷീയമായി കുറച്ചു. നെല്ല് സംഭരണത്തിനായി 792 കോടി രൂപയും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഭാഗമായി 61 കോടിയുടെ വിഹിതവും സംസ്ഥാന സർക്കാരിന് ലഭിക്കാനുണ്ട്. ആരോഗ്യ മേഖലയിലെ ഗ്രാന്റായി 137 കോടിയും നഗരസഭകളുടെ ഗ്രാന്റായി 51.5 കോടിയും കുടിശികയുണ്ട്. റവന്യു സബ്സിഡിയും ജിഎസ്‌ടി നഷ്ടപരിഹാരവും ഇല്ലാതാക്കുന്നത് സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്നതിന് വേണ്ടി മാത്രമാണ്.


ഇതുകൂടി വായിക്കൂ; നവകേരള സദസ്; മന്ത്രിസഭ ജനങ്ങളിലേക്ക്


ദേശസാൽകൃത ബാങ്കുകളുടെയും സിബിൽ സ്കോര്‍ ഏജൻസികളുടെയും കർഷക വിരുദ്ധ നിലപാടുകള്‍ കാർഷിക മേഖലയ്ക്ക് ഭാരം മാത്രമാണ് നല്‍കുന്നത്. വിളകള്‍ക്കും കാര്‍ഷികോല്പന്നങ്ങള്‍ക്കും താങ്ങുവില എന്ന മോ‍ഡി സർക്കാരിന്റെ വാഗ്ദാനം കടലാസിൽ തുടരുന്നു. ദേശസാൽകൃത ബാങ്കുകളാകട്ടെ വൻകിട കുത്തകകളുടെ ലക്ഷക്കണക്കിന് കോടികൾ എഴുതിത്തള്ളുമ്പോൾ, കർഷകരെയോ അവരുടെ ഇല്ലായ്മകളെയോ പരിഗണിക്കുന്നതേയില്ല. കേരളത്തിന്റെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയമാണ് കേന്ദ്രസർക്കാർ തുടരുന്നത്. സർക്കാരിന്റെ എല്ലാ നേട്ടങ്ങളെയും തുരങ്കംവയ്ക്കുകയും ഇടതുപക്ഷ ബദലിന്റെ പ്രാധാന്യം കുറയ്ക്കുകയുമാണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം. ബിജെപിയുടെ ഇടതു വിരുദ്ധ തീവ്രവലതുപക്ഷ ആശയങ്ങളെ രാഷ്ട്രീയമായും ജനങ്ങളുടെ പിന്തുണയോടെയും പോരാടി പരാജയപ്പെടുത്തേണ്ടതുണ്ട്. ഈ ദിശയിൽ വൻ പ്രചാരണമാണ് കേരളത്തിൽ എൽഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായി കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് പോകുന്നു. കേന്ദ്ര ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങളെ അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കുക എന്ന ആശയം അവർ ജനങ്ങളുമായി പങ്കുവയ്ക്കുന്നു. ജനകീയ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു, ഉള്‍ക്കൊള്ളുന്നു. കൂടുതല്‍ കരുത്തോടെ കേരളം മുന്നോട്ടു കുതിക്കുക തന്നെ ചെയ്യും. സംസ്ഥാനത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം ആവശ്യപ്പെട്ട് ജനുവരി പകുതിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും ദില്ലിയില്‍ മഹാധർണ നടത്തും. ഇടതുപക്ഷം ജനങ്ങളുടെ വിശ്വാസത്തിലാണ് നിലനില്‍ക്കുന്നത്. ജനങ്ങൾ ഇടതുപക്ഷത്തെ വിശ്വസിക്കുന്നു. ഈ ആത്മവിശ്വാസത്തിൽ എൽഡിഎഫ് മുന്നേറുകയാണ്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.